ADVERTISEMENT

മലയാള ചലച്ചിത്ര ഗീതങ്ങളുടെ അപൂർവ രാഗം ദേവരാജൻ മാസ്റ്ററുടെ 97ാം ജന്മവാർഷികമാണിന്ന്. ആ സംഗീതപ്രതിഭ ഓർമയായിട്ട് വർഷം 18 കഴിഞ്ഞെങ്കിലും അദ്ദേഹം ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോൾ ഒരിക്കലെങ്കിലും മനസ്സില്‍ തോന്നിയിട്ടുണ്ടാകും, ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കിട്ടിയിരുന്നെങ്കിലെന്ന്. സിനിമാ പാട്ടിൽ സാഹിത്യം വേണമെന്നും ഈണങ്ങൾ അതുപോലെയാകണമെന്നും നിർബന്ധം പിടിച്ച സംഗീതസംവിധായകനായിരുന്നു ദേവരാജൻ. അതുകൊണ്ടു തന്നെയാണ് ചലച്ചിത്ര ലോകം അടിമുടി മാറിയ ഇക്കാലത്തും ആ ഗീതങ്ങൾ കേൾക്കാൻ കാതുകള്‍ കൊതിക്കുന്നത്. 

കൊല്ലം ജില്ലയിലെ പറവൂരാണ് ദേവരാജൻ മാസ്റ്ററുടെ ജന്മദേശം. മൃദംഗ വിദ്വാനായ കൊച്ചുഗോവിന്ദനാശാന്റേയും കൊച്ചുകുഞ്ഞിന്റെയും മകനായി 1927 സെപ്റ്റംബർ 27ന് ജനനം. അച്ഛന്റെ കീഴിൽ സംഗീതമഭ്യസിച്ചുകൊണ്ട് ആ പാത പിന്തുടർന്നു. പതിനെട്ടാം വയസ്സിൽ അരങ്ങേറ്റം, തൃശ്ശിനാപ്പള്ളി റേഡിയോ നിലയത്തിലൂടെ ആദ്യ സംഗീത കച്ചേരി കെപിഎഎസിയുടെ നാടകങ്ങൾക്കു സംഗീതം പകർന്നുകൊണ്ട് മുഖ്യധാരയിലേക്ക്, പിന്നീട് വയലാറെന്ന സഹോദരനൊപ്പം ചേർന്ന് മലയാള സിനിമകൾക്കു സംഗീതമിട്ടുകൊണ്ട് നമ്മുടെ ഹൃദയങ്ങളിലേക്കും. 

കൈലാസ് പിക്ചേഴ്സിന്റെ ‘കാലം മാറുന്നു’ എന്ന സിനിമയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ആദ്യ ചിത്രം. വയലാറിനൊപ്പം ഈണമിടുന്നത് 1959ലാണ്. ‘ചതുരംഗം’ എന്ന ചിത്രത്തിലൂടെ. ആ സിനിമയിലെ ഗാനങ്ങളെല്ലാം എക്കാലത്തേയും മികച്ച ഹിറ്റുകളായി മാറി. കെപിഎസിയുടെ വിപ്ലവചൂടുള്ള വരികള്‍ക്കും തീർത്തും കാൽപനികമായ സിനിമാഗാനങ്ങൾക്കും കാലം മറക്കാത്ത ഈണക്കൂട്ടുകളെ സൃഷ്ടിച്ച സംഗീതജ്ഞൻ, ശബരിമലയിൽ പോകാതെ അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന് ഈണമിട്ട നിരീശ്വരവാദി അങ്ങനെ പ്രത്യേകതകൾ ഏറെയുണ്ട് ദേവരാജൻ മാസ്റ്ററിന്.

ദേവരാജൻ മാസ്റ്ററെക്കുറിച്ചു പറയുമ്പോൾ വയലാറിനേയും വയലാറിനെക്കുറിച്ചു പറയുമ്പോൾ ദേവരാജനെക്കുറിച്ചും ഓർക്കാതിരിക്കാനാവില്ല. സംഗീതസംവിധായകനും രചയിതാവും തമ്മിലുള്ള ബന്ധത്തിനപ്പുറം ആത്മാവ് നൽകി സ്നേഹിച്ചവരാണവർ. തനിക്കു മുൻപേ കാലത്തിലേക്കു മറഞ്ഞ വയലാറിനെക്കുറിച്ചു പറയുമ്പോഴെല്ലാം ദേവരാജൻ മാസ്റ്ററുടെ കണ്ണുകൾ നിറയുമായിരുന്നു. ഈ രണ്ട് പ്രതിഭകളുടെ ഒന്നുചേരലാണ് മലയാള ചലച്ചിത്രത്തിനു ദേവരാഗങ്ങളുടെ വസന്തം സമ്മാനിച്ചത്. സംഗീതത്തിന് അഭിമാനത്തിന്റെ, പ്രൗഢിയുടെ തിളക്കം പകർന്നത്. 

വയലാർ മാത്രമല്ല ഒഎൻവിയുടെയും ഭാസ്കരൻ മാസ്റ്ററിന്റെയും ശ്രീകുമാരൻ തമ്പിയുടെയും വരികൾ ദേവരാജൻ ഈണങ്ങളിലൂടെ കാലാതിവർത്തിയായി. വ്യക്തിത്വത്തിൽ വ്യതിചലിക്കാത്ത സംഗീതത്തിലെ അപാര ജ്ഞാനിയായ ദേവരാജൻ മാസ്റ്റർ മലയാള ചലച്ചിത്ര സംഗീതത്തെ അടക്കിവാഴുകയായിരുന്നുവെന്നു പറയാം. സ്നേഹമൂറുന്ന ബഹുമാനവും പേടിയുമായിരുന്നു എല്ലാവർക്കും ദേവരാജൻ മാസ്റ്ററോട്.

ദേവരാഗങ്ങളുടെ രാജശില്‍പിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയില്‍ ഏറ്റവുമധികം രാഗങ്ങളെ‍ ഉപയോഗിച്ച സംഗീതസംവിധായകനാണ് അദ്ദേഹം. മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ മാസ്റ്ററെ തേടി എത്തിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 1700ലധികം ഗാനങ്ങള്‍ മാസ്റ്ററുടേതായി പുറത്തുവന്നിട്ടുണ്ട്. 2006 മാര്‍ച്ച് 15ന് മാസ്റ്റര്‍ വിട പറയുമ്പോള്‍ മലയാള സംഗീത ലോകത്തിനു നഷ്ടപ്പെട്ടത് ഒരു മഹാരഥനെയായിരുന്നു. ഇന്നും കാലവും ജനപക്ഷവും കാത്തിരിക്കുന്നത് ദേവരാജൻ മാസ്റ്ററെ പോലൊരു സംഗീതജ്ഞനെയാണെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

English Summary:

Remembering G. Devarajan on his 97th birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com