മനഃസാക്ഷിയെ തൊട്ട് പറയൂ, സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങൾ ബഹുമാനിക്കുമോ?: പൊട്ടിത്തെറിച്ച് അഭിരാമി
Mail This Article
ബാല–അമൃത സുരേഷ് വിഷയത്തിൽ സമൂഹമാധ്യമ ആക്രമണം വർധിച്ചതോടെ പ്രതികരിച്ച് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക, അച്ഛൻ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ, അമൃതയും കുടുംബവും പാപ്പുവിനെ ഇക്കാര്യങ്ങൾ പഠിപ്പിച്ച് പറയിപ്പിച്ചതാണെന്ന വിമർശനങ്ങളാണ് തലപൊക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന പരിഹാസ പ്രതികരണങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് അഭിരാമി.
കാര്യങ്ങളറിയാതെയാണ് പലരും സംസാരിക്കുന്നതെന്നും ഈ സമൂഹമാധ്യമ ആക്രമണം അവസാനിപ്പിക്കണമെന്നും അഭിരാമി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’, അഭിരാമി കുറിച്ചു.
18 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെക്കുറിച്ച് മിണ്ടാതിരിക്കണോ?, സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങൾ ബഹുമാനിക്കുമോ? എന്ന് അഭിരാമി ചോദിക്കുന്നു. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറഞ്ഞു.
ഇക്കഴിഞ്ഞ ദിവസാണ് ബാലയ്ക്കെതിരെ മകൾ അവന്തിക രംഗത്തെത്തിയത്. അച്ഛൻ മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഒരിക്കല്‍ ചില്ല് കുപ്പി തനിക്കുനേരെ എറിയാന്‍ ശ്രമിച്ചെന്നും തനിക്ക് അച്ഛനെ കാണാനോ സംസാരിക്കാനോ താല്‍പര്യമില്ലെന്നും മകള്‍ വ്യക്തമാക്കി. പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തർക്കിക്കാനില്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി.
ഇതോടെ അവന്തികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. തുടർന്ന് പ്രതികരണവുമായി അമൃത രംഗത്തുവന്നു. ബാലയിൽ നിന്ന് ശാരീരികമായും മാനസികമായും നേരിട്ട പീഡനം സഹിക്ക വയ്യാതെയാണ് ആ വീട് വിട്ട് ഇറങ്ങിയതെന്ന് അമൃത വെളിപ്പെടുത്തി. ആദ്യമായാണ് വിവാഹമോചനത്തിന്റെ യഥാർഥ കാരണം അമൃത വെളിപ്പെടുത്തുന്നത്. നേരിടേണ്ടിവന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞ് അമൃത പങ്കുവച്ച വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. പിന്നാലെ പലരും പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തി. സൈബർ ആക്രമണം പരിധിവിട്ടപ്പോഴാണ് രൂക്ഷമായി പ്രതികരണവുമായി അഭിരാമി രംഗത്തെത്തിയത്.