ADVERTISEMENT

ഗാനമേളകളാണല്ലോ പണ്ടൊക്കെ ഗാനാസ്വാദനത്തിന് നമുക്കുണ്ടായിരുന്ന പൊതു വേദി. എന്നാൽ ബാൻഡുകളുടെ വരവോടെ ഇതിൽ വലിയ മാറ്റമുണ്ടായി. മറ്റു ഭാഷകളിലുള്ള പാട്ടുകൾ ഇവിടെയും ജനപ്രിയമായി. സാമൂഹിക മാധ്യമങ്ങൾ സജീവമായതും ഇതിൽ വലിയൊരു ഘടകമാണ്. ഒരു വ്യക്തിയിലെ സംഗീതജ്ഞനെയോ സംഗീതത്തെയോ പുറത്തേക്ക് അറിയിക്കുന്നതിൽ സിനിമാ രംഗത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്ന ഒരു കാലഘട്ടത്തെപ്പറ്റി നമുക്കൊക്കെ അറിയാം. സമാന്തര സംഗീതത്തിന്റെ വരവോടെ ഈ സാഹചര്യം മാറി. ആ മേഖലയുടെ വളർച്ച ആഗ്രഹിച്ചിരുന്ന വലിയൊരു വിഭാഗമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. വളർന്നു വരുന്ന കലാകാരന്മാരും സിനിമയിൽ നിന്നു മാറിച്ചിന്തിക്കുന്ന വ്യക്തികളുമാണ് ഈ ആഗ്രഹം കൊണ്ടുനടക്കുന്നത്. അതിന്റെ പ്രതിഫലനമായിരുന്നു ഇന്ത്യയിൽ എൺപതുകളിൽ ഉദിച്ചുയർന്ന പോപ്പ് സംഗീതം. അതിനെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് പോർച്ചുഗീസ് പൗരനും ഇന്ത്യൻ സംഗീതജ്ഞനുമായ റെമോ ഫെർണാണ്ടസാണ്. ഇന്ത്യൻ ഫ്യൂഷൻ മ്യൂസിക്കിന്റെ കാര്യത്തിലും അങ്ങനെതന്നെ. ദലേർ മെഹന്തി, കെകെ, ശങ്കർ മഹാദേവൻ, അലീഷാ ചിനായ് എന്നിവരുടെ ആൽബങ്ങളും ആ കാലത്തിന്റെ സൃഷ്ടികളാണ്. പക്ഷേ ഇതൊന്നും സാധാരണ ആസ്വാദകരിലേക്ക് എത്തിയിരുന്നില്ല. സംഗീത പരിപാടികളിൽ ഇവ അധികമൊന്നും ഉപയോഗിക്കാതിരുന്നതാണ് അതിനു കാരണം. അപ്പോഴും ദേശീയ തലത്തിൽ അലീഷാ ചിനായുടെ മെയ്ഡ് ഇൻ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു. ദലേർ മെഹന്തിയുടെ പാട്ടുകൾ അന്നും ഇന്നും പ്രചാരത്തിലുണ്ട്.

വൈറലാകുന്ന സംഗീതം

ട്രെൻഡുകൾക്ക് അനുസരിച്ചുള്ള യാത്ര സംഗീത രംഗത്ത് പണ്ട് ഇല്ലായിരുന്നു. അത് അന്നത്തെ സംഗീത സംവിധായകർക്ക് മാനസികമായി വലിയ സ്വാതന്ത്ര്യമാണ് നൽകിയിരുന്നത്. ഇന്ന് ഒരോരുത്തരും ആഗ്രഹിക്കുന്നത് പാട്ട് എങ്ങനെ പെട്ടെന്ന് വൈറലാക്കാമെന്നതാണ്. ഇതു കാരണം പാട്ടുകളുടെ നീളം കുറഞ്ഞു വരുന്നു. 30 സെക്കൻഡിനുള്ളിൽ എങ്ങനെ ഹിറ്റാക്കാമെന്ന ചിന്തയാണ് ഇപ്പോഴുള്ളത്. എത്രയും പെട്ടെന്ന് ആളുകൾക്ക് ഇഷ്ടപ്പെടണമെന്ന ആഗ്രഹം ശക്തമായതോടെ ഒത്തിരി പാട്ടുകൾ എടുത്തെറിയപ്പെടുന്ന ഒരു പ്രവണത വളർന്നുവരുന്നു. ഒരു മിനിറ്റ് കൊണ്ടുള്ള പാട്ടുകൾ (വൺ മിനിറ്റ് സോങ്ങ്സ്) വളരെ ശക്തിയായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

തമിഴിലെയോ തെലുങ്കിലെയോ പാട്ടുകൾക്ക് ഇപ്പോൾ ഇന്ത്യയുടെ ഏതു ഭാഗത്തും പ്രചരിക്കാമെന്ന അവസ്ഥ വന്നു. ടെക്നോളജിയുടെ വികാസമാണ് ഈ വിപ്ലവം സൃഷ്ടിച്ചത്. അത്തരത്തിലുള്ള ചില ഗാനങ്ങൾ പരിചയപ്പെടാം.

‘സക്കത്ത്ഗവളെ’

'സക്കത്ത്ഗവളെ ' എന്ന കന്നഡ ഗാനം ഇറങ്ങിയിട്ട് 9 വർഷത്തോളമാകുന്നു. പെട്ടെന്നാണ് അത് വൈറലായത്. ഇപ്പോഴത്തെ പോപ്പു‌ലറായ പാട്ടുകളിൽ ഇടം പിടിക്കാനും അതിനു കഴിഞ്ഞു. സംഗീത വേദികളിൽ ഇതു പാടിത്തുടങ്ങുമ്പോൾത്തന്നെ വലിയ ആവേശമാണ് ആസ്വാദകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഈ പാട്ട് പെട്ടെന്ന് ട്രെൻഡിങ്ങിലേക്ക് വന്നപ്പോൾ എനിക്ക് അദ്ഭുതം തോന്നി. ഞാൻ കന്നഡ സിനിമകളിൽ സംഗീതം നൽകിക്കൊണ്ടിരുന്ന കാലത്താണ് അത് അവിടെ ഇറങ്ങുന്നത്. അക്കാലത്തെ മാസ് സോങ്ങുകളുടെ ഉസ്താദ് ആയിരുന്ന വി.ഹരികൃഷ്ണയായിരുന്നു സംഗീതസംവിധായകൻ. ഈ പാട്ടിന്റെ ആസ്വാദ്യതയെപ്പറ്റി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് നമ്മുടെ ക്യാംപസുകളിലുടനീളം ഈ പാട്ട് വൈറലായി. റിയാലിറ്റി ഷോകളെയും റീൽസുകളെയും ഇത് കീഴടക്കി.

‘കുർച്ചി മാടാത്തപ്പെട്ടി’

തെരുവിലെ സംഭാഷണത്തിൽ പോലും സംഗീതമുണ്ടെന്ന് തെളിയിക്കുന്നതാണ് ‘കുർച്ചി മാടാത്തപ്പെട്ടി’ യെന്ന തെലുങ്കുഗാനം. ഇതിന്റെ സംഗീതസംവിധായകനായ തമൻ ഒട്ടേറെ മികച്ച ഹിറ്റ് ഗാനങ്ങൾക്കുടമയാണ്. അദ്ദേഹത്തിന്റെ പല ഗാനങ്ങളും ഇതിനു മുൻപും വൈറലായിട്ടുണ്ട്. പക്ഷേ ഈ പാട്ട് വളരെ പെട്ടെന്നാണ് ആസ്വാദകരെ കീഴടക്കിയത്. പാട്ട് രൂപപ്പെട്ടതിനു പിന്നിലെ കഥ തമൻ തന്നെ പലതവണ വിശദീകരിച്ചിട്ടുണ്ട്. കസേര തകർക്കുകയെന്നാണ് ‘കുർച്ചി മാടാത്തപ്പെട്ടി’ യെന്നതിന്റെ അർഥം. വഴിയിലിരുന്ന് ഒരു വയോധികൻ പറഞ്ഞ ഈ വരികളുടെ റീൽ ഇംപ്രൂവ് ചെയ്താണ് ഈ ഗാനം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറയുന്നു. കാലപാശയെന്ന ആ വയോധികനും ഈ പാട്ടിലൂടെ താരമായി. കുർച്ചി താത്തയെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. സംഭാഷണങ്ങൾ ഗാനങ്ങളാക്കുന്ന പരീക്ഷണം ഇതിനു മു‌‌ൻപും സംഗീത രംഗത്തുണ്ട്. ‘വോയ്സ് സാംപിൾസ് ’അടിസ്ഥാനമാക്കിയുള്ള (ഒരാൾ സംസാരിക്കുന്നതിനെ അടിസ്ഥാനമാക്കി ഗാനങ്ങൾ സൃഷ്ടിക്കുന്ന രീതി) പാട്ടുകൾ ഇപ്പോൾ സ്ഥിരം കാണാറുണ്ട്.

ജമാ‍ൽകുഡു

സംഗീത വേദികളിലെ ഇപ്പോഴത്തെ തരംഗങ്ങളിലൊന്ന് ഇറാനിയൻ ഗാനങ്ങളുടെ സാന്നിധ്യമാണ്. അതിലൊന്നാണ് അനിമൽ എന്ന ഹിന്ദി സിനിമയിലെ ജമാ‍ൽകുഡു എന്ന പാട്ട്. ഇറാനിലെ ബന്ദാർ എന്ന നാടോടിഗാന ശാഖയിലുൾപ്പെട്ടതാണത്. അവിടത്തെ ഒരു സ്കൂൾ ക്വയറിലെ കുട്ടികളാണ് അതു ഹിറ്റാക്കിയത്.

ആദിത്യ ഗാദ്വിയുടെ ‘ഖലാസി’

നിമിഷ നേരം കൊണ്ട് ഇന്ത്യയിലുടനീളം പെട്ടെന്ന് വൈറലായ പാട്ടുകളുമുണ്ട്. അതിലൊന്നാണ് ഗുജറാത്തി ഗായകൻ ആദിത്യ ഗാദ്വിയുടെ ‘ഖലാസി’ എന്ന ഗാനം. ഗുജറാത്ത് തീരത്തുകൂടി പര്യവേക്ഷണം നടത്താൻ പുറപ്പെടുന്ന ഒരു നാവികന്റെ കഥയാണിതിലെ ഉള്ളടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഗാനത്തെ പ്രശംസിക്കുകയും ആദിത്യ ഗാദ്വിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത് ഇതിന്റെ പ്രശസ്തി വർധിപ്പിച്ചു.

ലാ ബംബ

ഞങ്ങൾ ഹോട്ടലുകളിൽ മ്യൂസിക് ബാൻഡ് അവതരിപ്പിച്ചു കൊണ്ടിരുന്ന കാലത്ത് ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട ഒരു ഗാനമാണ് ലാ ബംബ. നമ്മുടെ സംഗീത രംഗത്തു തരംഗമായ ആദ്യത്തെ ലാറ്റിനമേരിക്കൻ ഗാനമാണിത്. നാടോടി ഗാനമായ ഇതിന്റെ ഉദ്ഭവം മെക്സിക്കൻ സംസ്ഥാനമായ വെരാക്രൂസിലാണ്. പതിനേഴാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ബാംബ എന്ന സ്പാനിഷ് വംശജരുടെ നൃത്തച്ചുവടുകളുടെ സ്മരണകൾ ഇതിലുണ്ട്. സൈ എന്നറിയപ്പെടുന്ന കൊറിയൻ കൊമീഡിയനും പോപ് താരവുമായ പാർക്ക്ജേ–സാങ്ങിന്റെ ഗന്നം സ്റ്റൈൽ,രമ എന്നറിയപ്പെടുന്ന നൈജീരിയൻ സംഗീതജ്ഞ ഡിവൈ‍ൻ ഇകുബോറിന്റെ കാം ഡൗൺ എന്ന ഗാനവും ഇതിനൊപ്പം ഓർക്കേണ്ടതാണ്.

അതിരുകളില്ലാത്ത സംഗീതം

ഈ ഗാനങ്ങളുടെയൊക്കെ സവിശേഷത ഭാഷ അറിയാതെ അതിനെ ആളുകൾ ഇഷ്ടപ്പെടുന്നുവെന്നതാണ്. സംഗീതത്തിന്റെ സൗന്ദര്യം കൊണ്ടാണ് ആസ്വാദകർ ഈ പാട്ടുകളെ ഇഷ്ടപ്പെട്ടു പോകുന്നത്. സംഗീതം ആസ്വദിക്കുകയും അതിനോടുള്ള ഇഷ്ടം കൊണ്ട് വരികളിലെ അർഥവ്യാപ്തി അന്വേഷി‌ച്ചു പോവുകയും ചെയ്യുന്ന ഒരു ശീലം വളർത്തിയെടുക്കാൻ ഈ ഗാനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. അതിരുകളില്ലാത്ത ലോകമെന്ന സങ്കൽപം യാഥാർഥ്യമാക്കാനുള്ള ഒരു വഴി സംഗീതമാണ്. ആസ്വാദനത്തിന് ഭാഷയുടെ അതിർവരമ്പുകൾ ആവശ്യമില്ലെന്ന് ഈ ഗാനങ്ങൾ നമ്മളെ ഓർമപ്പെടുത്തുകയാണ്.

English Summary:

Film songs get viral through social media with trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com