ADVERTISEMENT

ഗായകൻ കെ.ജെ.യേശുദാസ് ഹിന്ദിയിൽ എത്ര പാട്ടുകൾ പാടിയിട്ടുണ്ടാവണം? എപ്പോഴും കേൾക്കുന്ന ചില ഹിറ്റുകൾ അല്ലാതെ ബോളിവുഡിൽ യേശുദാസ് എത്ര പാടി, ഏതൊക്കെ സംഗീതസംവിധായകർക്കു വേണ്ടി പാടി എന്നൊന്നും എവിടെയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല. 

യേശുദാസിന്റെ ആദ്യത്തെ ഹിന്ദി പാട്ടേതാണെന്നു നോക്കിയാൽ മൊത്തത്തിൽ ഒരു കൺഫ്യൂഷൻ വരും. ആദ്യം പാടിയ പാട്ട്, ആദ്യം പുറത്തിറങ്ങിയ പാട്ട്, ആദ്യം സിനിമയിൽ വന്ന പാട്ട്, ആദ്യത്തെ ഒറിജിനൽ ഹിന്ദി സിനിമാഗാനം എന്നിങ്ങനെ പലതുമുണ്ട്. 1971ൽ പാട്ടുകൾ മാത്രം റിലീസായൊരു ഹിന്ദി സിനിമയുണ്ട് - ജയ് ജവാൻ ജയ് കിസ്സാൻ. A A രാജ് മ്യൂസിക് നൽകിയ ആ പടത്തിലെ 'ദിൽറുബ ക്യാ ഹുവാ' എന്ന ഗാനമാണ് യേശുദാസിന്റെ ശബ്ദത്തിൽ റിലീസായ ആദ്യത്തെ ഹിന്ദി പാട്ട്. എഴുതിയത് ഖമർ സയീദ്. ഇതേ ചിത്രത്തിൽ താനും യേശുദാസും ചേർന്നൊരു യുഗ്മഗാനം പാടിയതായി ഗായിക ബി.വസന്ത പറഞ്ഞിട്ടുണ്ടെങ്കിലും ആ പാട്ടിന്റെ റെക്കോർഡ് ഇത് വരെ എവിടെയും കണ്ടിട്ടില്ല. അതാണത്രേ ബി.വസന്തയുടെയും ആദ്യത്തെ ഹിന്ദി ഗാനം. 

yesudas-hindi8

പക്ഷേ, യേശുദാസിന്റെ ആദ്യഹിന്ദിചിത്രമായി പലയിടങ്ങളിലും പരാമർശിച്ചുകാണാറുള്ളത് സലിൽ ചൗധരിയുടെ സംഗീതത്തിൽ 1975 ൽ അദ്ദേഹം പാടിയ 'ആനന്ദ് മഹൽ' എന്ന ചിത്രമാണ്. ചില ക്ലാസിക്കൽ ബിറ്റുകൾ ഉൾപ്പെടെ അഞ്ച് ഗാനങ്ങളാണ് യേശുദാസ് 'ആനന്ദ് മഹലി'ന് വേണ്ടി പാടിയത്. യോഗേഷ് പാട്ടുകളെഴുതി ബാസു ഭട്ടാചാര്യ സംവിധാനം ചെയ്ത 'ആനന്ദ് മഹലും' വെള്ളിത്തിരയിലെത്തിയില്ല.

യേശുദാസ് പാടി ബോളിവുഡിന്റെ സിൽവർ സ്‌ക്രീനിലെത്തിയ ആദ്യത്തെ പാട്ട് സലിൽ ചൗധരിയുടെ സംഗീതത്തിൽത്തന്നെ യേശുദാസ് പാടിയ 'Chhoti Si Baat' ആണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. 'Chhoti Si Baat' 1976 ജനുവരിയിലാണ് റിലീസ് ആയത്. പക്ഷേ 1975ൽ 'Baghi Lootera' എന്ന ഹിന്ദി ഡബ്ബിങ് ചിത്രത്തിൽ വാണി ജയറാമിനൊപ്പം യേശുദാസ് പാടിയ 'വീരു പ്യാരാ'  തീയേറ്ററുകളിലെത്തിയിരുന്നു. എം.എസ്.വിശ്വനാഥന്റെ സംഗീതത്തിൽ 1972 ൽ റിലീസായ 'ധർമ്മം എങ്കേ' എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റമായിരുന്നു 'Baghi Lootera'.

yesudas-hindi11

മുമ്പ് സൂചിപ്പിച്ച 'Chhoti Si Baat' ആണ് യേശുദാസ് പാടി റിലീസ് ആയ ആദ്യത്തെ ഒറിജിനൽ ഹിന്ദി ചിത്രം. ആശ ഭോസ്‌ലെയോടൊപ്പം പാടിയ 'ജാനെമൻ ജാനെമൻ' എന്ന ആ പാട്ട് നോർത്ത് ഇന്ത്യയിലും സൗത്ത് ഇന്ത്യയിലും ഒരുപോലെ ഹിറ്റായിരുന്നു. 'ആനന്ദ് മഹലി'ലെ പാട്ടുകൾ എഴുതിയ ലോഗേഷ് തന്നെയാണ് ഈ പാട്ടിന്റെ രചന നിർവഹിച്ചത്.

തൊട്ടടുത്ത വർഷം, അതായത് 1976ലാണ്  യേശുദാസ് പാടിയ ഏറ്റവും വലിയ ഹിന്ദി ഹിറ്റ് സംഭവിക്കുന്നത്. രവീന്ദ്ര ജെയിന്റെ സംഗീതത്തിൽ 'ചിത് ചോർ' എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും ഇന്നും സൂപ്പർഹിറ്റായി തുടരുന്നു. ദേശീയപുരസ്കാരമുൾപ്പെടെ നേടിയ അംഗീകാരങ്ങൾ യേശുദാസിനെ ഹിന്ദിയിൽ ശ്രദ്ധേയനാക്കി. രവീന്ദ്ര ജെയിൻ തന്നെ എഴുതി സംഗീതം നൽകിയ 'Gori Tera Gaon', 'Aaj Se Pehle', Jab Deep Jale Aana', 'Tu Jo Mere Sur Mein' എന്നീ നാല് പാട്ടുകളും ഇന്നും ജനപ്രിയങ്ങളായി തുടരുന്നു. 

yesudas-hindi10

'Chitchor'നെ തുടർന്ന് രവീന്ദ്ര ജെയിൻ ഈണമിട്ട ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലെ മിക്ക ചിത്രങ്ങളിലും യേശുദാസ് പാടിയിട്ടുണ്ട്. രവീന്ദ്ര ജെയിനു വേണ്ടിയാണ് യേശുദാസ് ഹിന്ദിയിൽ ഏറ്റവുമധികം പാട്ടുകൾ പാടിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 56 പാട്ടുകൾ. 'Sunayana', 'Naiyya', 'Mera Rakshak', 'Ayaash', 'Dulhan Wahi Jo Piya Man Bhaaye' എന്നിങ്ങനെ 26 ഹിന്ദിചിത്രങ്ങളിലാണ് അവരൊരുമിച്ചത്. അവയിൽ മിക്ക ചിത്രങ്ങളും രാജ്ശ്രീ പ്രൊഡക്‌ഷൻസ് എന്ന ബാനറിൽ പുറത്തുവന്ന ഹിറ്റുകളായിരുന്നു. 

രവീന്ദ്ര ജെയിൻ കഴിഞ്ഞാൽ യേശുദാസിന് ഹിന്ദിയിൽ അനവധി അവസരങ്ങൾ നൽകിയ മറ്റൊരു മ്യൂസിക് ഡയറക്ടർ ബപ്പി ലാഹിരിയാണ്. 1978ൽ 'Toote Khilone'യിൽ തുടങ്ങിയ അവരുടെ കൂട്ടുകെട്ടിൽ അനവധി മെലഡികളാണ്  ആസ്വാദകരിലെത്തിയത്. 'Lahu Ke Do Rang', 'Shikshaa', 'Apne Paraye', 'Ek Baar Kaho' എന്നിങ്ങനെ 18 സിനിമകളായി 21 പാട്ടുകളാണ് ബപ്പി ലാഹിരിക്കു വേണ്ടി യേശുദാസ് പാടിയത് . 'Lahu Ke Do Rang'ലെ 'Zid Na Karo' ലാൽ ജോസ് 2009ൽ സംവിധാനം ചെയ്ത 'നീലത്താമര'യിലും ഇടം പിടിച്ചിരുന്നു.

yesudas-hindi1

മലയാളികൾക്കും പ്രിയപ്പെട്ട സംഗീതസംവിധായകനായ സലിൽ ചൗധരിയുടെ സംഗീതത്തിൽ യേശുദാസ് ഹിന്ദിയിൽ ആറ് സിനിമകൾക്കായി പാടിയത് പതിനാറോളം പാട്ടുകൾ ആണ്. അതിൽ 'മദനോത്സവ'ത്തിന്റെ മൊഴിമാറ്റവും ഉൾപ്പെടും. ഒരു തമാശയെന്താണെന്നു വച്ചാൽ നമ്മുടെ 'മാടപ്രാവേ വാ' എന്ന പാട്ടിന്റെ ട്യൂണിൽ 1978ൽ തന്നെ സലിൽ ചൗധരി ഹിന്ദിയിൽ ഒരു പാട്ടൊരുക്കിയിരുന്നു. 'Kuhaasa'ക്ക്  വേണ്ടി യോഗേഷ് എഴുതിയ 'Jane Raaz Ye Kya Hai' എന്ന ആ പാട്ട്  ആലപിച്ചത് യേശുദാസ് തന്നെ. രണ്ടു വർഷം കഴിഞ്ഞ് 'മദനോത്സവം' 'Dil Ka Sathi Dil' ആയി ഹിന്ദിയിൽ മൊഴി മാറിയപ്പോൾ അതെ ട്യൂണിൽ മറ്റൊരു ഹിന്ദിഗാനം കൂടി ഉണ്ടായി. മധുകർ എഴുതിയ 'Pyar Mein Jo Bhi' എന്ന മൊഴിമാറ്റഗാനവും  യേശുദാസിന്റെ ശബ്ദത്തിൽ പുറത്തിറങ്ങി. 

1985ൽ മലയാളത്തിൽ പുറത്തിറങ്ങിയ 'ആഴി'യിലൂടെ രാജ്കമൽ എന്ന സംഗീതസംവിധായകൻ മലയാളികൾക്കും സുപരിചിതനാണ്. രാജ്കമലിന്റെ ഈണത്തിൽ നാല് ഹിന്ദി സിനിമകൾക്കായി 14 പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്. Chashme Buddoor, Phulwari , Payal Ki Jhankaar, Sawan Ko Aane Do. 1979ൽ രാജ്ശ്രീ പ്രൊഡക്‌ഷൻസ് നിർമ്മിച്ച 'Sawan Ko Aane Do' യാണ് യേശുദാസിന്റെ ഏറ്റവുമധികം പാട്ടുകളുമായി റിലീസ് ചെയ്ത ഹിന്ദി ചിത്രം. - ഏഴ് പാട്ടുകൾ. ഇവയെല്ലാം ഹിറ്റ് പാട്ടുകളുമായിരുന്നു. 

കെ.ജെ.യേശുദാസ്. (ഫയൽചിത്രം)
കെ.ജെ.യേശുദാസ്. (ഫയൽചിത്രം)

'Chand Jaise Mukhde Pe'
'Jaanam Jaanam'
'Tujhe Dek Kar'
'Tere Bin Soona Mere'
'Bole To Baansuri'

 തുടങ്ങി എല്ലാ പാട്ടുകളും യേശുദാസിന്റെ ഹിറ്റ് കലക്‌ഷൻസിൽ എപ്പോഴും സ്ഥാനം പിടിച്ചിരുന്നു. 

'മൂടൽമഞ്ഞ്', 'അഗ്നിനിലാവ്', 'പുത്തൂരം പുത്രി ഉണ്ണിയാർച്ച' എന്നീ സിനിമകളിലൂടെ ഇവിടെയും ശ്രദ്ധേയയായ ഉഷാ ഖന്നയ്ക്കു വേണ്ടി ഒൻപത് സിനിമകളിലാണ് പന്ത്രണ്ട് ഹിന്ദിപ്പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ട്. 1969ൽ തന്നെ 'മൂടൽമഞ്ഞി'ന് വേണ്ടി യേശുദാസിനെ ഉഷാ ഖന്ന പാടിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയിൽ അദ്ദേഹം ശ്രദ്ധേയനായതിന് ശേഷമാണ് 'Mazdoor Zindabaad' ലെ 'Meri Munni Rani So Ja' എന്നു തുടങ്ങുന്ന നല്ലൊരു താരാട്ടുപാട്ടുമായി ഹിന്ദിയിൽ അവർ ഒരുമിച്ചത്. 1978ൽ യേശുദാസിനു ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്ത 'Dada'യിലെ 'Dil Ke Tukde Tukde Karke', 'Saajan Bina Suhagan'ലെ 'Madhuban Khushboo Deta Hai' എന്നിങ്ങനെ നല്ല കുറെ പാട്ടുകൾ ഹിന്ദിയിൽ ഉഷാ ഖന്നക്ക് വേണ്ടി യേശുദാസ് പാടി. 

yesudas-hindi3

ഹിന്ദിയിൽ അക്കാലത്തു പ്രമുഖരായിരുന്ന ഒട്ടുമിക്ക സംഗീതസംവിധായകർക്കു വേണ്ടിയും യേശുദാസ് പാടിയിട്ടുണ്ട്. അതിൽത്തന്നെ 'Swami'യിൽ  രാജേഷ് റോഷനു വേണ്ടി പാടിയ 'Ka Karoon Sajani' കേൾക്കാത്ത സംഗീതപ്രേമികൾ കാണില്ല. Chadhta Sooraj Dheere Dheere, Jhoom Barabar Jhoom Sharabi  എന്നെ പ്രശസ്ത ഗാനങ്ങൾ പാടിയ Azeez Naza യോടൊപ്പം യേശുദാസ് പാടിയ ഒരുഗ്രൻ പാട്ട് പക്ഷെ മലയാളികൾ അധികം കേട്ടിരിക്കില്ല. 'Charandass' എന്ന സിനിമയിൽ അമിതാഭ് ബച്ചന് വേണ്ടി രാജേഷ് റോഷന്റെ സംഗീതത്തിലാണ് ആ ഗംഭീരഖവ്വാലി യേശുദാസും അസീസ് നാസയും ചേർന്നു പാടിയത്. രജീന്ദർ കൃഷന്റേതാണ് വരികൾ.

yesudas-hindi9

1977 ൽ അമിതാഭ് ബച്ചൻ നായകനായി പുറത്തുവന്ന 'ആലാപി'ൽ ജയ്‌ദേവിന്റെ ഈണത്തിൽ യേശുദാസ് പാടിയ നാല് പാട്ടുകളാണുള്ളത്. അതിൽത്തന്നെ അമിതാഭ് ബച്ചന്റെ പിതാവും കവിയും എഴുത്തുകാരനുമായ ഡോ.ഹരിവംശ് റായ് ബച്ചൻ എഴുതിയ 'Koi Gata Mein So Jata'  ഒരുപാട് പ്രശംസിക്കപ്പെട്ട ഗാനമാണ്. 'Aalaap' കൂടാതെ ഭാരതിരാജ സംവിധാനം ചെയ്ത ആദ്യചിത്രമായ 'പതിനാറു വയതിനിലെ' എന്ന തമിഴ് ചിത്രം ഹിന്ദിയിലേക്ക് അദ്ദേഹം തന്നെ 'Solva Sawan' എന്നാക്കി പുനർനിർമ്മിച്ചപ്പോൾ അതിലെ രണ്ടു പാട്ടുകൾ കൂടി ജയ്‌ദേവ് സംഗീതം നൽകി യേശുദാസ് പാടി. 

33 സംഗീതസംവിധായകർക്കായി 185ഓളം സിനിമാഗാനങ്ങളാണ് യേശുദാസ് ഹിന്ദിയിൽ പാടിയത്. ഹേമന്ദ് കുമാർ, ഖയ്യാം, R D ബർമൻ, ശങ്കർ ജയ്കിഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി, ശ്യാമൾ മിത്ര, റാം ലക്ഷ്മൺ, സോനിക് ഒമി, ചിത്രഗുപ്ത, ഇളയരാജ  എന്നിങ്ങനെ പഴയ തലമുറയിൽ തുടങ്ങി ആനന്ദ് മിലിന്ദ്, A R റഹ്‌മാൻ എന്നീ പുതിയ തലമുറയിലെ സംഗീതസംവിധായകർക്കൊപ്പവും  യേശുദാസ് ഹിന്ദി ചലച്ചിത്രലോകത്ത് പ്രവർത്തിച്ചു. 

yesudas-hindi2

യേശുദാസിനൊപ്പം ഹിന്ദിയിൽ യുഗ്മഗാനങ്ങൾ പാടിയവരാരൊക്കെയാണെന്ന് ഒന്ന് നോക്കിയാൽ അദ്ദേഹം ഏറ്റവുമധികം കൂടെപ്പാടിയത് ഹേമലതയ്‌ക്കൊപ്പമാണെന്ന് കാണാം - 12 പാട്ടുകൾ. മങ്കേഷ്‌കർ സഹോദരിമാരായ ആശക്കൊപ്പം പതിനൊന്നും ലതക്കൊപ്പം ഒൻപതും പാടിയപ്പോൾ ഉഷ മങ്കേഷ്‌കർക്കൊപ്പം  മൂന്നു പാട്ടുകളാണുള്ളത്.  അനുരാധ (9 പാട്ടുകൾ), എസ്. ജാനകി, സബിത ചൗധരി, ഉഷ ഖന്ന, കഞ്ചൻ, അൽക്ക യാഗ്നിക്, സാധന സർഗം, കവിത കൃഷ്ണമൂർത്തി, ഹൈമന്ദി ശുക്ല എന്നിങ്ങനെ ആ കാലഘട്ടത്തിലെ പ്രമഖരായ എല്ലാ ഗായികമാരും യേശുദാസിനൊപ്പം യുഗ്മഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

മന്നാ ഡേ, സുരേഷ് വഡ്കർ, ഹരിഹരൻ, മഹേന്ദ്ര കപൂർ, S P ബാലസുബ്രഹ്‌മണ്യം , അനൂപ് ജലോട്ട എന്നിവരോടൊപ്പമെല്ലാം ഹിന്ദിയിൽ പാടിയ യേശുദാസ് കിഷോർ കുമാറിനൊപ്പവും അദ്ദേഹത്തിൻറെ മകനായ അമിത് കുമാറിനൊപ്പവും പാടിയിട്ടുണ്ട്. 2010ൽ റിലീസായ 'Lava Kusa'യിൽ L വൈദ്യനാഥന്റെ സംഗീതത്തിൽ യേശുദാസും വിജയ് യേശുദാസും ചേർന്ന് 'Sathya Sanathan' എന്നൊരു പാട്ട് പാടിയിട്ടുണ്ട്. 

yesudas-83rd-birthday

ഹിന്ദിയിൽ യേശുദാസ് പാടിയ ഏതാനും ഡബ്ബിങ് സിനിമകളെക്കുറിച്ച് മാത്രമാണു വിവരങ്ങൾ ലഭ്യമായുള്ളത്. കാരണം, അവയിൽ മിക്കവയുടെയും ഓഡിയോ കസെറ്റോ റെക്കോർഡോ റിലീസായിട്ടുണ്ടാവില്ല. 'ഇതാ ഇവിടെ വരെ', 'മലയത്തിപ്പെണ്ണ്' എന്നിവയുടെയൊക്കെ മൊഴിമാറ്റഗാനങ്ങൾ അദ്ദേഹം പാടിയത് ഇപ്പോൾ യൂട്യൂബിൽ കാണാൻ കഴിയും. ഉണ്ണിമേനോനും ചിത്രയും പാടിയ 'മലയത്തിപ്പെണ്ണി'ലെ 'മട്ടിച്ചാറ് മണക്കിണ്' ഹിന്ദിയിൽ പാടിയത് യേശുദാസും സുനന്ദയുമാണെന്നത് ഒരു കൗതുകമല്ലേ!

നോൺ ഫിലിം ആൽബങ്ങളും യേശുദാസിന്റേതായി ഹിന്ദിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ആദ്യത്തേത് ജെറി അമൽദേവിന്റെ സംഗീതത്തിൽ അമേരിക്കയിൽ റിലീസ് ചെയ്‌ത 'Aatma Ki Awaaz - Voice Of the Soul' ആയിരുന്നു. ആ ആൽബത്തിലെ മിക്ക പാട്ടുകളുടെയും സംഗീതം പിന്നീട് പല പല മലയാളസിനിമകളിലായി ജെറി അമൽദേവ് ഉപയോഗിച്ചിട്ടുണ്ട്.

yesudas-hindi6

ലേറ്റസ്റ്റ് റിലീസ് എന്ന് പറയാവുന്ന ഹിന്ദി ആൽബം 2000ൽ പുറത്തു വന്ന 'Sitaron Mein Tu Hi' ആണ്.  അതിലെ 'Chamak Cham Cham' ഒക്കെ ഹിറ്റ്ചാർട്ടിലിടം പിടിച്ചിരുന്നു.

യേശുദാസ് പാടി നിലവിൽ പുറത്തിറങ്ങിയ പാട്ടുകളിൽ അവസാനത്തേത് 2015ൽ പുറത്തു വന്ന 'Barefoot to Goa'യിൽ രോഹിത് ശർമയുടെ സംഗീതത്തിൽ പാടിയ 'Do Naina'എന്ന പാട്ടാണ്. 

yesudas-favorite-songs

കെ.ജെ.യേശുദാസ് - പകരം വയ്ക്കാനില്ലാത്ത ആ ഗന്ധർവനാദം പതിനായിരത്തിലേറെ പാട്ടുകളുമായി പതിറ്റാണ്ടുകളായി സംഗീതാസ്വാദകരെ സന്തോഷിപ്പിക്കുമ്പോൾ പല ഭാഷകളിലെ ചലച്ചിത്രസംഗീതശാഖയുടെ വളർച്ചയും അദ്ദേഹത്തോടൊപ്പമാണെന്നത് നമുക്കും അഭിമാനിക്കാവുന്ന കാര്യമല്ലേ!

English Summary:

Number of Hindi songs by KJ Yesudas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com