ADVERTISEMENT

മിനി സ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടു വച്ച് നർത്തകിയും അഭിനേത്രിയും മോഡലുമായ അഞ്ജലി ഹരി. വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നു വരെ എന്ന ചിത്രത്തിൽ നിഖില വിമലിനു വേണ്ടിയാണ് അഞ്ജലി നൃത്തച്ചുവടുകൾ ഒരുക്കിയത്. ദേവരാഗത്തിലെ 'ശശികല ചാർത്തിയ ദീപാവലയം' എന്ന സൂപ്പർഹിറ്റ് ഗാനത്തിനു വേണ്ടിയായിരുന്നു അഞ്ജലിയുടെ കൊറിയോഗ്രഫി. ഇതാദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി അഞ്ജലി നൃത്തസംവിധാനം നിർവഹിക്കുന്നത്. 

സിനിമയിലെ ഒരു സീക്വൻസിൽ ദേവരാഗത്തിലെ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. നിഖില വിമലും സംഘവുമാണ് ഈ രംഗത്ത് ചുവടു വയ്ക്കുന്നത്. മലയാളികൾക്ക് ഏറെ പരിചിതമായ ഈ ഗാനത്തിനാണ് അഞ്ജലി പുതുമയേറിയ നൃത്തച്ചുവടുകൾ ഒരുക്കിയത്. നിഖിലയ്ക്ക് അഞ്ജലി ചുവടുകൾ പറഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പത്തു ലക്ഷത്തിലധികം പേർ ഇതുവരെ വിഡിയോ കണ്ടു കഴിഞ്ഞു. 

രസകരമായ കമന്റുകളും അഞ്ജലിയുടെ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നായികയെക്കാൾ ഭംഗിയുണ്ടല്ലോ കൊറിയോഗ്രാഫർക്ക് എന്നാണ് ഒരാളുടെ കമന്റ്. ഇയാൾക്ക് തന്നെ നായിക ആയിക്കൂടെ എന്നാണ് മറ്റൊരാളുടെ പ്രതികരണം. കലാകാരി എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട് അഞ്ജലി. അവരുടെ തന്നെ വിദ്യാർഥികളാണ് സിനിമയിൽ നിഖിലയ്ക്കൊപ്പം നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.  

സംവിധായകൻ വിഷ്ണുമോഹൻ ചിത്രീകരിക്കാനുദ്ദേശിക്കുന്ന രംഗത്തെക്കുറിച്ച് കൃത്യമായ വിവരണം തന്നിരുന്നുവെന്ന് അഞ്ജലി പറയുന്നു. എങ്ങനെയാണ് ഈ ഗാനരംഗം ചിത്രീകരിക്കാൻ പോകുന്നതെന്ന് സംവിധായകൻ വിവരിച്ചു തന്നിരുന്നു. ഷോട്ടുകളും ക്യാമറ ആംഗിളുകളും ഉൾപ്പടെ ചർച്ച ചെയ്താണ് തീരുമാനിച്ചത്. എന്റെ ചില നിർദേശങ്ങൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ചെറുതാണെങ്കിലും മികച്ച പ്രതികരണം ഈ നൃത്തരംഗത്തിന് ലഭിക്കാനുള്ള കാരണവും മറ്റൊന്നല്ല, അഞ്ജലി പറഞ്ഞു. 

സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിൽ റണ്ണർ അപ്പ് ആയിരുന്ന അഞ്ജലി നിരവധി ടെലിവിഷൻ ഷോകൾക്കു വേണ്ടി കൊറിയോഗ്രഫി നിർവഹിച്ചിട്ടുണ്ട്. ഏഴോളം സിനിമകളിലും അഭിനയിച്ചു. റഹ്മാൻ നായകനായെത്തുന്ന ആദ്യ വെബ് സീരീസ് 1000 ബേബീസിൽ മികച്ചൊരു വേഷം അഞ്ജലി അവതരിപ്പിക്കുന്നുണ്ട്. ചലച്ചിത്രവികസന കോർപ്പറേഷൻ നിർമിക്കുന്ന അരികെ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു. ക്രെഡിറ്റ് സ്കോർ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. 

English Summary:

Choreographer Anjali Hari opens up about Kadha Innuvare movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com