ADVERTISEMENT

ഹിറ്റ് പാട്ടുകൾക്ക് സ്പൂഫ് ഒരുക്കി ശ്രദ്ധ നേടി വ്ലോഗറും നടനുമായ വിഘ്നേഷ് വിശ്വംഭരൻ. ഏറെ പ്രശസ്തമായ പാട്ടുകളുടെ വരികൾക്ക് വേറിട്ട ഈണം നൽകി പാടുകയാണ് വിഘ്നേഷ്. നരൻ എന്ന ചിത്രത്തിനുവേണ്ടി ദീപക് ദേവ് ഈണമിട്ട് എം.ജി ശ്രീകുമാർ ആലപിച്ച ‘വേൽമുരകാ ഹരോഹരാ’ എന്ന ഗാനത്തെ ഭക്തിഗാനത്തിന്റെ ഈണത്തിൽ വിഘ്നേഷ് മാറ്റിപ്പാടിയത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

സംഗീത സംവിധായകൻ ദീപക് ദേവും ഈ റീൽ പങ്കുവച്ചിരുന്നു. ‘ഇതു കേട്ടപ്പോൾ ഞാൻ കൊടുത്ത ഈണം ഏതാണെന്ന് മറന്നു പോയി’ എന്ന രസികൻ അടിക്കുറിപ്പോടെയാണ് ദീപക് ദേവ് റീൽ പങ്കുവച്ചത്. വിഘ്നേഷ് പാടുന്നത് കേട്ടാൽ ഒറിജിനൽ ഈണം ആരും മറന്നു പോകും എന്നാണ് പലരും കമന്റ് ചെയ്യുന്നത്. പത്തു ലക്ഷത്തിലധികം പേർ വിഘ്നേഷിന്റെ വിഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. വിക്കി എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഘ്നേഷ് വിഡിയോകൾ പങ്കുവയ്ക്കുന്നത്.  

‘ഇതിലെ കഥാപാത്രത്തെ ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃച്ഛികം മാത്രം,’ എന്ന ആമുഖത്തോടെയാണ് വിഘ്നേഷ് വിഡിയോ പങ്കുവച്ചത്.‘ഇതിന്റെ ഒറിജിനൽ ട്യൂണ്‍ ഒന്നു പറഞ്ഞു തന്നിട്ടു പോടാ ദുഷ്ടാ’ എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. കാരിരുമ്പ് പോലെ ഇരുന്ന വേലായുധനെ കരിമ്പിൻ തണ്ടാക്കി കളഞ്ഞല്ലോ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. എന്തൊക്കെ പറഞ്ഞാലും കേട്ടിരിക്കാൻ ഒരു രസം ഒക്കെ ഉണ്ടെന്നാണ് ചിലരുടെ പ്രതികരണം. 

പാലാപ്പള്ളി തിരുപ്പള്ളി (കടുവ), ഒരു സൽപുത്രൻ പിറന്നെടാ (ആവേശം) തുടങ്ങി വിജയ് ചിത്രം ലിയോ സിനിമയിലെ ബാഡാസ് പാട്ടിനും വിഘ്നേഷ് സ്പൂഫ് ഒരുക്കിയിട്ടുണ്ട്. സന്യാസി വേഷത്തിലാണ് വിഡിയോയിൽ വിഘ്നേഷ് പ്രത്യക്ഷപ്പെടുന്നത്. വിഘ്നേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പാട്ടുകൾക്ക് സ്പൂഫ് വിഡിയോ ഒരുക്കുന്നതിനു മുൻപ് സിനിമകൾക്ക് സ്പൂഫ് ഒരുക്കിയാണ് വിഘ്നേഷ് ശ്രദ്ധേയനാകുന്നത്. തുടർന്നാണ് സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സ്പൂഫ് ഒരുക്കാൻ തുടങ്ങിയത്. 

English Summary:

Vignesh Viswambharan's hilarious spoofs have even impressed music director Deepak Dev. Find out why his "Velmuruga Harohara" rendition has everyone forgetting the original tune!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com