‘എന്റെ സന്തോഷക്കടൽ പ്രകൃതി തന്നെ വറ്റിച്ചു, ആ ഓർമകൾക്ക് കണ്ണീരിന്റെ ഉപ്പാണ്’; നെഞ്ച് നീറി ഇഷാൻ ദേവ്
Mail This Article
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അകാല വിയോഗത്തിന്റെ വേദന മാറാതെ സംഗീതസംവിധായകനും ഗായകനുമായ ഇഷാൻ ദേവ്. പ്രിയപ്പെട്ട ബാലുവിന്റെ 6 ാം ചരമവാർഷികത്തിൽ ഇഷാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ആരാധകരെയും കരയിപ്പിക്കുകയാണ്. ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ടുകൊണ്ടാണ് ഇഷാൻ ദേവിന്റെ വികാരനിർഭരമായ കുറിപ്പ്.
‘വിട്ടുപോകാനും വിട്ടുകൊടുക്കാനും മനസ്സില്ലാത്തപ്പോഴും കാലം നമ്മളെ തോൽപ്പിക്കും. അങ്ങനെ ഞാൻ തോറ്റുപോയ 6 വർഷങ്ങൾ. കലയും ജീവിതവും തലയ്ക്കു മേലെ തലതൊട്ടപ്പനായി നിന്ന എന്റെ അണ്ണൻ. പിണങ്ങിയും ഇണങ്ങിയും വീർപ്പുമുട്ടിച്ചും ചിരിപ്പിച്ചും ജീവിതനിറങ്ങളെ കാണിച്ചു തന്നു. ഓരോ ദിനവും സങ്കടങ്ങളിലും സന്തോഷങ്ങളിലും ഞാൻ ഒഴുകി എത്തുന്ന ഒരു കടൽ ഉണ്ടായിരുന്നു, അത് പ്രകൃതിതന്നെ വറ്റിച്ചു. അണ്ണന്റെ ഓർമകൾക്ക് കണ്ണീരിന്റെ ഉപ്പാണ്. നെഞ്ചിൽ തീരാത്ത ഭാരവും. തിരികെ വരൂ. എന്നേക്കുമായി ഞാൻ ബാലു അണ്ണനെ സ്നേഹിക്കുന്നു’, ഇഷാൻ ദേവ് കുറിച്ചു.
ബാലഭാസ്കറും ഇഷാന്‍ ദേവും തമ്മില്‍ വർഷങ്ങളായുള്ള ആത്മബന്ധമായിരുന്നു. ബാലു പോയതോടെ ജീവിതത്തിലെ വസന്തകാലം അവസാനിച്ചു എന്ന് മുന്‍പ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ഇഷാൻ ദേവ് പറഞ്ഞിട്ടുണ്ട്. 2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി. അപകടത്തിൽ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.