ADVERTISEMENT

ഹൈ പിച്ചിലുള്ള ഒരു ഹമ്മിങ്.. ഇടയ്ക്കൊരു പൊട്ടിച്ചിരി.. ഒരു തേങ്ങൽ.. എസ്.ജാനകിയുടെ ആലാപനം.. ഇത്രയുമാണ് മലയാളസിനിമയിലെ ഒരു ശരാശരി യക്ഷിയുടെ ആദ്യകാലഐഡന്റിറ്റി. പല കാലഘട്ടങ്ങളിലായി പലതരം യക്ഷികളാണ് എസ്.ജാനകിയുടെ സ്വരത്തിലൂടെ മലയാളിപ്രേക്ഷകരെയും ശ്രോതാക്കളേയും നൊമ്പരപ്പെടുത്തിയതും ഭയപ്പെടുത്തിയതും. 

യക്ഷിയും യക്ഷിപ്പാട്ടുകളും ഇന്ത്യൻ സിനിമയിലെത്തുന്നത് 1949ൽ റിലീസായ 'മഹൽ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്. അതിലെ 'കാമിനി'യെന്ന കഥാപാത്രത്തിനായി ലതാ മങ്കേഷ്‌കർ പാടിയ 'ആയേഗാ ആനേവാലാ' എന്ന പാട്ടാണ് ഗായിക ലതയേയും നായിക മധുബാലയേയും ഒരേപോലെ താരപദവിയിലെത്തിച്ചത്.

മലയാളസിനിമയിലെ ആദ്യത്തെ ഹൊറർ ചിത്രമായി അറിയപ്പെടുന്നത് 1964ൽ വിൻസെന്റ് സംവിധാനം ചെയ്ത് മധുവും പ്രേംനസീറും വിജയനിർമലയും മുഖ്യവേഷത്തിലെത്തിയ 'ഭാർഗ്ഗവീനിലയ'മാണ്. തന്റെ തന്നെ ചെറുകഥയായ 'നീലവെളിച്ച'ത്തിന്റെ കഥ വികസിപ്പിച്ച് വൈക്കം മുഹമ്മദ് ബഷീർ ആദ്യമായി എഴുതിയ തിരക്കഥയായിരുന്നു 'ഭാർഗ്ഗവീനിലയം'. സംവിധായകൻ എ.വിൻസെന്റിന്റെയും ആദ്യചിത്രമായിരുന്നു ഇത്. പി.ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട് 'പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല് കെട്ടി'ക്കൊണ്ട് എസ്. ജാനകി മലയാളത്തിലെ ആദ്യത്തെ യക്ഷിപ്പാട്ട് പാടി. 

janaki-yakshi-songs3

'പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു

പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ..'

പ്രേംനസീർ, ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1967ൽ മലയാളത്തിൽ റിലീസായൊരു ചിത്രമാണ് 'പാതിരാപ്പാട്ട്'. പി.ഭാസ്കരൻ എഴുതി വിജയഭാസ്കർ സംഗീതം നൽകിയ നല്ല പാട്ടുകളുള്ള സിനിമയുടെ പ്രിന്റ് കിട്ടാനില്ലാത്തതിനാൽ, അത് കാണാൻ കഴിഞ്ഞില്ലെങ്കിലും പാട്ടുപുസ്തകത്തിൽ നിന്നും കഥ മനസ്സിലായി. എസ്.ജാനകി പാടിയ യക്ഷിപ്പാട്ട് കേൾക്കാൻ നല്ല രസമുണ്ടെങ്കിലും സിനിമയിൽ അത് പാടുന്നതൊരു വ്യാജയക്ഷിയാണത്രേ! നിഴലായി വന്ന് ഉച്ചസ്ഥായിയിൽ ഹമ്മിങ് പാടുന്ന യക്ഷി ഈ സിനിമയിലിലൂടെയാണ് മലയാളത്തിൽ അവതരിച്ചത്.

'നിഴലായ് നിന്റെ പിറകെ 

പ്രതികാരദുർഗ ഞാൻ വരുന്നു

അടങ്ങാത്ത ദാഹവുമായി...' 

മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ നോവലായ 'യക്ഷി' സിനിമയായപ്പോൾ തിരക്കഥയും സംഭാഷണവുമെഴുതിയത് തോപ്പിൽ ഭാസി ആയിരുന്നു. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിലെ സംഗീതവിഭാഗം കൈകാര്യം ചെയ്തത് വയലാറും ദേവരാജനും ചേർന്നും. മലയാളത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ ത്രില്ലർ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന 'യക്ഷി'യിൽ ശാരദയ്ക്കുവേണ്ടി ഒരുഗ്രൻ യക്ഷിപ്പാട്ടാണ് എസ്.ജാനകി പാടിയത്. 

'ചന്ദ്രോദയത്തിലെ ചന്ദനമഴയിലെ

സന്ധ്യാമേഘമായ് വന്നൂ ഞാൻ.. '

1970 ൽ റിലീസായ 'നിശാഗന്ധി'ക്കു വേണ്ടിയായാണ് ജി.ദേവരാജൻ - എസ്.ജാനകി ടീം ഒടുവിൽ ഒരുമിച്ചത്. (1992'ൽ 'ആകാശത്തിന് കീഴേ' എന്നൊരു സിനിമയിൽക്കൂടി ദേവരാജന്റെ ഈണത്തിൽ ജാനകി പാടിയതായി പറയപ്പെടുന്നുവെങ്കിലും പാട്ടോ പടമോ പുറത്തിറങ്ങിയതായി അറിവില്ല) 'നിശാഗന്ധി'യിൽ ജാനകി നാല് പാട്ടുകളാണ് പാടിയത്. ആകാശവും ഭൂമിയും തമ്മിലുള്ളൊരു അഗാധപ്രണയത്തെ വർണ്ണിച്ചുകൊണ്ട് ഒഎൻവി എഴുതിയൊരു അതിമനോഹരയക്ഷിഗാനം ഈ സിനിമയിൽ ജാനകി പാടി. ഈ പാട്ടിന്റെ ഒരു ഹാപ്പി വേർഷനും സിനിമയിലുണ്ട്. ഇവ കേൾക്കുമ്പോഴൊക്കെ ഈ ടീമിനിടയിൽ വന്നെന്ന് കരുതപ്പെടുന്ന പിണക്കം എത്രയെത്ര നല്ല പാട്ടുകളെ ഇല്ലാതാക്കിയെന്നൊരു തോന്നൽ വരാറുണ്ട്. 

janaki-yakshi-songs2

'നീലവാനമേ നീലവാനമേ 

നീയാരെ താഴേ തിരഞ്ഞു വന്നു' 

അഭിനയിക്കുന്ന നടന്റെ പേര് തന്നെ കഥാപാത്രത്തിനൊപ്പം സിനിമാപ്പേരായി വന്ന മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായിരിക്കണം 'സി.ഐ.ഡി നസീർ'. 1971ലാണ് ഇത് റിലീസായത്. എം.കെ.അർജുനന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ 'നിൻ മണിയറയിലെ' എന്ന പാട്ടും ബ്രഹ്മാനന്ദൻ പാടിയ 'നീലനിശീഥിനീ' എന്ന പാട്ടും 'സി.ഐ.ഡി നസീർ'-ലേതാണ്. ആ ചിത്രത്തിലെ ബാക്കി പാട്ടുകളും നല്ലതായിരുന്നുവെങ്കിലും അവ റെക്കോർഡായി പുറത്തിറങ്ങാത്തതിനാൽ ഒട്ടും തന്നെ ശ്രദ്ധേയമായില്ല. 'സി.ഐ.ഡി നസീർ'ലും എസ്.ജാനകി പാടിയൊരു അശരീരിഗാനമുണ്ട്. ശ്രീകുമാരൻ തമ്പി എഴുതിയ ദുരൂഹമായൊരു മൂഡിലുള്ള ആ പാട്ട് ചിത്രത്തിലുടനീളം ഒരു യക്ഷിപ്പാട്ടായി ആവർത്തിക്കുന്നുണ്ടെങ്കിലും ക്ലൈമാക്സിൽ അതങ്ങനെയല്ലെന്ന് മനസ്സിലാകുന്നുമുണ്ട്.

'പ്രണയസരോവരമേ.. 

അലതല്ലിയുയരും ആനന്ദതീർത്ഥത്തിൽ 

അലിയുവാൻ ദാഹിക്കും ഗംഗാനദി 

അലയുന്നു ഞാൻ മോഹമന്ദാകിനി'

ഷീലയുടെ ആദ്യസംവിധാനസംരംഭമായിരുന്നു 1976ൽ പുറത്തിറങ്ങിയ 'യക്ഷഗാനം'. ഷീല തന്നെ നായികയായ ചിത്രത്തിൽ മധുവായിരുന്നു നായകൻ. പാട്ടുകൾ 1974ൽ തന്നെ പുറത്തിറങ്ങുകയും വലിയ ഹിറ്റാകുകയും ചെയ്തിരുന്നു. ഒന്നല്ല, രണ്ടു യക്ഷിപ്പാട്ടുകളാണ് സിനിമയ്ക്കു വേണ്ടി എം.എസ്.വിശ്വനാഥന്റെ ഈണത്തിൽ എസ്.ജാനകി പാടിയത്. ഘനഗംഭീരമായി എഴുതിയത് വയലാർ. പിൽക്കാലത്ത് പ്രശസ്തമായ 'കുമാരേട്ട'നോക്കെ 'യക്ഷഗാനം'ത്തിലെ 'പോകാം നമുക്ക് പോകാം' എന്ന പാട്ടിന്റെ ചുവടു പിടിച്ചതാണ്.

'പോകാം നമുക്ക് പോകാം

പോകാം നമുക്ക് പോകാം

ഏകാന്തതയുടെ ഗോമേദകമണി

ഗോപുരം തേടിപ്പോകാം -അവിടെ

പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരീ

പഴയ ചിറ്റാടകൾ മാറാം'

യക്ഷിപ്പാട്ടുകളുടെയൊക്കെ ഒരു തലതൊട്ടമ്മയായിട്ടു വരും 'യക്ഷഗാന'ത്തിലെ തന്നെ ജാനകി പാടിയ ഈ 'നിശീഥിനി'

'നിശീഥിനി നിശീഥിനി

ഞാനൊരു രാപ്പാടി

പാടാം പാടാം എൻ വിരഹഗാനം

പ്രാണനിലുണരും യക്ഷഗാനം'

ഇതേ ചിത്രം 'ആയിരം ജന്മങ്കൾ' എന്ന പേരിൽ 1978ൽ ഷീല തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ എം.എസ്.വിശ്വനാഥൻ ആ ചിത്രത്തിനുവേണ്ടി പുതിയ പാട്ടുകളാണ് ചെയ്തത്. എങ്കിലും 'നിശീഥിനി'യുടെ ഈണം തമിഴിൽ അങ്ങനെ തന്നെ നിലനിർത്തി. പാടിയത് എസ്.ജാനകി തന്നെ. 

janaki-yakshi-songs7

'വെൺമേഘമേ വെൺമേഘമേ 

കേളടി എൻ കദൈയെയ്'

'കുട്ടിച്ചാത്തൻ' എന്ന സിനിമക്ക് വേണ്ടി ആർ.കെ.ശേഖറും പ്രൗഢഗംഭീരമായൊരു യക്ഷിപ്പാട്ട് ചെയ്തിട്ടുണ്ട്. വയലാർ എഴുതിയ കഠിനകഠോരപദങ്ങളെ ഒരു തൂവൽ കൊണ്ട് തഴുകുന്നതുപോലെയാണ് ആർ.കെ.ശേഖർ സംഗീതം നൽകിയിരിക്കുന്നത്. ഒരു മലയാളിക്ക് പോലും സാധ്യമാകാത്ത ആലാപനത്തികവോടെ എസ്.ജാനകി അത് പാടിയും തരുന്നു. വയലാറിന്റെ രചനാശേഖരത്തിൽ ഈ പാട്ടിന് രണ്ട് ചരണങ്ങൾ ഉണ്ടെങ്കിലും റെക്കോർഡിലെ സ്ഥലപരിമിതികൊണ്ടാവാം ഒരു ചരണം മാത്രമാണ് നമ്മൾക്കു കിട്ടിയിരിക്കുന്നത്. 'കുട്ടിച്ചാത്തന്റെ' പ്രിന്റും നിലവിൽ ലഭ്യമല്ല. കാവേരീതീരത്തുകൂടി അലഞ്ഞു നടക്കുന്ന യക്ഷിയെ നമുക്ക് തൽക്കാലം സങ്കൽപ്പത്തിലെങ്കിലും കാണാം. 

'കാവേരീ കാവേരീ 

കരിമ്പിൻകാട്ടിലൂടെ കടംകഥപ്പാട്ടിലൂടെ

കവിത പോലൊഴുകും കാവേരീ'

(എ.ആർ.റഹ്‌മാൻ അടുത്ത കാലത്ത് മനോരമ ഓൺലൈനിനുവേണ്ടി അദ്ദേഹത്തിന്റെ മലയാളം പ്ലേലിസ്റ്റ് ഷെയർ ചെയ്തപ്പോൾ അതിൽ ഈ കാവേരിയും സ്ഥാനം പിടിച്ചിരുന്നു)

janaki-yakshi-songs1

ഈ യക്ഷികൾക്കൊക്കെ വെള്ളസാരി യൂണിഫോമാക്കിയത് ആരാണോ ആവോ! മിക്കവാറും സിനിമകളിലൊക്കെ ഒരേ ഡ്രസ്സ് കോഡ് തന്നെ. പിന്നൊരു പ്രത്യേകത അഴിഞ്ഞുലഞ്ഞ സമൃദ്ധമായ പനങ്കുലമുടിയും. പ്രേതലോകത്തൊക്കെ ഉഗ്രൻ മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉണ്ടൊന്നൊരു സംശയം.. അതവിടെ നിൽക്കട്ടെ - എൻ.ശങ്കരൻ നായരുടെ സംവിധാനത്തിൽ 1978ൽ റിലീസായ ചിത്രമാണ് 'ഈ ഗാനം മറക്കുമോ'. ദേബശ്രീ റോയ് അഭിനയിച്ച ഒരേയൊരു മലയാളസിനിമ കൂടിയാണിത്. സലിൽ ചൗധരി സംഗീതം നൽകിയ സൂപ്പർഹിറ്റ് പാട്ടുകളിൽ ഒരു പാട്ട് നല്ലൊരു യക്ഷിപ്പാട്ടാണ്. ഒ.എൻ.വി.കുറുപ്പിന്റെ രചനയും എസ്.ജാനകിയുടെ ആലാപനവും വെള്ളസാരിയുടുത്ത യക്ഷിയും.. ആഹാ അന്തസ്സ്!

'ഈ കൈകളിൽ വീണാടുവാൻ

സ്വപ്നം പോലെ ഞാൻ വന്നു.. അവന്നു..'

ഇനിയാണ് തലമുറകളായി ആഘോഷിക്കപ്പെടുന്ന ഒരു സൂപ്പർ യക്ഷിപ്പാട്ടിന്റെ അവതാരം.

1979ൽ റിലീസായ 'കള്ളിയങ്കാട്ട് നീലി'ക്ക് വേണ്ടിയാണ് ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം നൽകിയ ഈ പാട്ടുണ്ടായത്. 'നീലമ്മ'യെന്ന 'നീലി'യായി പ്രവീണ ഭാഗ്യരാജ് തിരശ്ശീലയിലെത്തിയപ്പോൾ എസ്. ജാനകിയുടെ ആലാപനം കഥാപാത്രത്തിന്റെ കോപവും പ്രതികാരവും നിസ്സഹായതയും വേദനയും എന്നിങ്ങനെ എല്ലാ വികാരങ്ങളെയും പാട്ടിലൂടെ പകർന്നുതരുന്നതായിരുന്നു. പിന്നീട് പല സിനിമകളിലും ഈ പാട്ടിന്റെ ബിറ്റ് ഒരു ഹൊറർ ഫീലിനുവേണ്ടി കൊണ്ടുവന്നുകാണാറുണ്ട്.

janaki-yakshi-songs6

'നിഴലായ് ഒഴുകിവരും ഞാൻ

യാമങ്ങൾ തോറും കൊതി തീരുവോളം.. ഈ നീലരാവിൽ' 

ഈ യക്ഷികളുടെ നാട്ടിലെ വല്ല മ്യൂസിക് കോളേജോ മറ്റോ ഉണ്ടോയെന്ന് ചിലപ്പോളൊക്കെ തോന്നാറുണ്ട്. കാരണം സിനിമകളിലെ മിക്ക പ്രേതങ്ങളും അവരുടെ ജീവിതകാലത്ത് ഒരു മൂളിപ്പാട്ടുപോലും പാടിക്കേൾക്കാറില്ല. എന്നിട്ടു തൈലം പുരട്ടി മുടിയും വളർത്തി നല്ല ശ്രുതിശുദ്ധമായി സംഗീതവും പ്രാക്ടീസ് ചെയ്തിട്ടാണ് പ്രതികാരത്തിനുള്ള വരവ്!അതിപ്പോൾ എങ്ങനെയായാലും ഈ യക്ഷികൾ കാരണം നമുക്ക് കുറെ നല്ല പാട്ടുകൾ കിട്ടി. അതിലൊന്നാണ് സത്യൻ അന്തിക്കാട് എഴുതി എ.ടി.ഉമ്മർ മ്യൂസിക് കൊടുത്ത 'അഗ്നിവ്യൂഹ'ത്തിലെ ഗാനം. എസ്. ജാനകി പാടിയ ഈ പാട്ടിനു രണ്ടു വേർഷൻ ഉണ്ട്. വരികളിലാകട്ടെ ഒരേയൊരു വാക്കിന്റെ വ്യത്യാസം മാത്രം.. പല്ലവിയുടെ ആദ്യവരിയിൽ 'അഗ്നിവ്യൂഹം' എന്ന് പാടുമ്പോൾ അടുത്ത വേർഷനിൽ അത് 'പൊൻകരങ്ങൾ' എന്നാകും. അതെന്തിനാണൊ ആവോ?

'യാമിനി എന്റെ സ്വപ്‌നങ്ങൾ വാരിപ്പുണർന്നു 

മൂകമാം കാലത്തിൻ അഗ്നിവ്യൂഹം'

സീമ ടൈറ്റിൽകഥാപാത്രമായി വരുന്ന 1981ലെ ഒരു ചിത്രമാണ് 'ആരതി'. എം.ബി.ശ്രീനിവാസൻ - സത്യൻ അന്തിക്കാട് ടീം ഒരുക്കിയ പാട്ടുകളിൽ ഒന്ന് യക്ഷിപ്പാട്ടാണെന്നാണ് പറയപ്പെടുന്നത്. 'കൗമാരസ്വപ്നങ്ങൾ' എന്ന് തുടങ്ങുന്ന ആ പാട്ടു മൂന്ന് രീതിയിൽ എസ്. ജാനകി പാടുന്നുമുണ്ട്. മോഡേൺ വേഷത്തിൽ വന്ന ആ യക്ഷിക്ക് അത്ര പ്രചാരം കിട്ടിയില്ലെന്നാണ് തോന്നുന്നത്. 

'കൗമാരസ്വപ്നങ്ങൾ പീലി വിടർത്തിയ 

മാനസതീരങ്ങളിൽ'

മുൻപ് സൂചിപ്പിച്ചതു പോലെ പ്രേതലോകത്ത് പോയി മ്യൂസിക് കോളേജിൽ പഠിച്ചിട്ടല്ല 1985ൽ പുറത്തു വന്ന 'പച്ചവെളിച്ച'ത്തിലെ യക്ഷി വന്നത്. കാരണം നായിക ജീവിച്ചിരുന്നപ്പോൾ പാടിയ പാട്ടിന്റെ ഹൊറർ വേർഷൻ തന്നെയാണ് പ്രേതരൂപത്തിൽ വന്നപ്പോഴും പാടിയത് . അഡീഷണൽ ആയി കുറച്ചു തേങ്ങലുകളൊക്കെ ഇട്ട് എസ്. ജാനകി അതങ്ങു പൊലിപ്പിക്കുകയും ചെയ്തു. എഴുതിയത് ചുനക്കര രാമൻകുട്ടിയും ഈണമിട്ടതു ശ്യാമും. 

janaki-yakshi-songs8

'സ്വരരാഗമായി കിളിവാതിലിൽ

ഏകാന്തയായ് ഏഴിലംപാല പൂത്ത രാവ് തോറും 

പ്രേമപൂജയേകുവാൻ 

ദീപമായ് രൂപമായ് വന്നു ഞാൻ'

90'സ് കിഡ്സ് വെള്ളിത്തിരയിൽ കണ്ടത് മിഴികളിലും മൊഴികളിലും വാത്സല്യം വഴിഞ്ഞൊഴുകിവരുന്നൊരു പാവം യക്ഷിയെയായിരുന്നു. അതൊരു യക്ഷിയാണെന്നു പോലും ആർക്കും മനസ്സിലായില്ലെന്നതാണ് സത്യം. അപ്പൂസിനെ കൊണ്ടുപോകാൻ വരുന്ന സ്നേഹനിധിയായ അമ്മയെങ്ങനെ യക്ഷിയാകും! അതെ, പപ്പയുടെ സ്വന്തം അപ്പൂസിന്റെ ക്ലൈമാക്സിൽ അപ്പൂസിനെ കൊണ്ടുപോകാൻ വെള്ളസാരിയുടുത്തുവരുന്ന, അപ്പൂസിനു മാത്രം കാണാൻ കഴിയുന്ന ആത്മാവ് പാടുന്ന പാട്ട് ഇന്നും അമ്മപ്പാട്ട് തന്നെയാണ്. പ്രാണന് തുല്യം സ്നേഹിച്ച ഭർത്താവിന്റെ മനോവിഷമം കാണാൻ കഴിയാതെ വേദനയോടെ തിരികെപ്പോകുന്ന ആ ആത്മാവിനെ നിറകണ്ണുകളോടെയാണ് പ്രേക്ഷകരും യാത്രയാക്കിയത്. എസ്.ജാനകിയുടെ ആലാപനം വേർപാടിന്റെ വേദനയുടെ എല്ലാ തീവ്രതയേയും ആവാഹിച്ചിരുന്നു. 

janaki-yakshi-songs5

'എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ 

കനവും നീ നിനവും നീ വായോ വായോ വാവേ..'

വൈദ്യുതിവിപ്ലവം നാടെങ്ങും വെളിച്ചം സൃഷ്ടിച്ച 1980കൾ മുതൽ നാട്ടിൻപുറങ്ങളിൽ പോലും യക്ഷിക്കൾ ഇറങ്ങാതായത്രേ. സ്ട്രീറ്റ് ലൈറ്റുകൾ അങ്ങനെ കത്തി നിൽക്കുമ്പോൾ ചുണ്ണാമ്പും ചോദിച്ചു എങ്ങനെ വരാനാണ്.. അത് സിനിമാമേഖലയെയും ബാധിച്ചുകാണണം. അവിടെയാണ് പുനർജന്മകഥകൾ തുടങ്ങിയത്. ('ആകാശഗംഗ'യെയൊന്നും മറക്കുന്നില്ല) അത്തരത്തിലൊരു പുനർജ്ജന്മകഥയാണ് 1998ൽ റിലീസായ 'മയിൽപ്പീലിക്കാവ്'. ബേണി ഇഗ്നേഷ്യസിന്റെ ഈണത്തിൽ എസ്. രമേശൻ നായർ എഴുതി എസ്.ജാനകി പാടിയ ഒരു പാട്ട് പൂർവ്വജന്മത്തിലെ ഗാനമായാണ് കാണിക്കുന്നത്. അവർ പാടിയ ഈ ജനുസ്സിൽപെട്ട പാട്ടുകളിൽ ഏറ്റവും ഒടുവിലത്തെ ഗാനമായിരുന്നു ഇത് 

janaki-yakshi-songs4

'മയിലായി പറന്നുവാ മഴവില്ല് തോൽക്കുമഴകേ 

കനിവായ് പൊഴിഞ്ഞുതാ മയിൽപ്പീലിയൊന്നു നീയരികെ' 

തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും എസ്.ജാനകി ധാരാളം യക്ഷികൾക്കു വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തിൽ തന്നെ പലപല സിനിമകളിലായി മറ്റു പല ഗായകരും ഇത്തരം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും എസ്.ജാനകിയുടെ ശബ്ദം നിഴലായി ഒഴുകി നിശീഥിനിയെ വിളിച്ചപ്പോഴെല്ലാം ഏഴിലംപാലകൾ പൂത്തിരുന്നുവെന്നതാണ് അതിന്റെയൊരു ഗരിമയും സൗന്ദര്യവും. 

English Summary:

Pattuvattom on S Janaki songs special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com