അങ്കിത് മേനോന്റെ സംഗീതം; ഹൃദയങ്ങൾ കീഴടക്കി ‘ഒരു കട്ടിൽ ഒരു മുറി’യിലെ പാട്ട്
Mail This Article
‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘നെഞ്ചിലെ’ എന്നു തുടങ്ങുന്ന പാട്ടിന് രഘുനാഥ് പലേരി ആണ് വരികൾ കുറിച്ചത്. അങ്കിത് മേനോൻ ഈണമൊരുക്കി. രവി.ജി ആണ് ഗാനം ആലപിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.
കിസ്മത്ത്, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് ‘ഒരു കട്ടിൽ ഒരു മുറി’. രഘുനാഥ് പലേരി വർഷങ്ങൾക്ക് ശേഷം തിരക്കഥയൊരുക്കിയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നു ചിത്രം നിർമിച്ചിരിക്കുന്നു. ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന അരക്ഷിതത്വവും ഏകാന്തതയും അത് അവരിലുണ്ടാക്കുന്ന പക്വമായ വൈകാരിക തലങ്ങളുമാണ് ‘ഒരു കട്ടിൽ ഒരു മുറി’ പറയുന്നത്.
ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പാലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. എല്‍ദോസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: മനോജ് സി. എസ്. കലാസംവിധാനം: അരുണ്‍ ജോസ്.