ADVERTISEMENT

തൃശൂരിൽ സംഘടിപ്പിച്ച ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ആദരപൂർവം ക്ഷണിക്കപ്പെട്ട ഒരു പരിപാടിക്കാണ് പോയതെന്നും ആ സമയത്ത് ശരിയെന്നു തോന്നിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും ഔസേപ്പച്ചൻ മനോരമ ഓൺലൈനോടു പറഞ്ഞു. ‘ഞാൻ വിളിച്ചതുകൊണ്ടു മാത്രം ആരും വിശുദ്ധരാകില്ല. ഞാൻ കേവലം ഒരു സംഗീതസംവിധായകൻ. അവരുടെ പ്രവൃത്തികൾ കൊണ്ടാണ് അവർ വിശുദ്ധരാകേണ്ടത്. മാറ്റങ്ങൾക്കുള്ള പ്രോത്സാഹനമായി എന്റെ വാക്കുകൾ കണ്ടാൽ മതി’, ഔസേപ്പച്ചൻ പറഞ്ഞു. 

ഔസേപ്പച്ചന്റെ വാക്കുകൾ: "ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടല്ലേ! ആർഎസ്എസിനോട് എതിർപ്പുള്ളവർക്ക് ഒരു പക്ഷേ, എന്റെ വാക്കുകൾ വേദനാജനകം ആയിട്ടുണ്ടാകാം. എന്നെ ഒരുപാടു പേർ വിളിച്ചു. അതിൽ ഒരാൾ മാത്രം അവിടെ പോയതിലുള്ള വിയോജിപ്പ് തുറന്നു പറഞ്ഞു. എന്നെ വളരെ സ്നേഹത്തോടും മര്യാദയോടെയും ക്ഷണിച്ച പരിപാടിക്കാണ് ഞാൻ പോയത്. എന്റെ സംഗീതത്തെ ആദരവോടെ കാണുന്നവർ അവരുടെ സംഘടനയുടെ നൂറാം വാർഷികത്തിന്റെ പരിപാടിക്ക് അതും വിജയദശമി ദിനത്തിൽ വിളിച്ചപ്പോൾ ഞാൻ പോയി. എന്റേത് സംഗീതലോകമാണ്. അവർ ക്ഷണിച്ചു, ഞാൻ പോയി. എല്ലാ സംഘടനകളും ക്ഷണിക്കാറുണ്ട്. അവർ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കും. അതുപോലെ ഇവരും പറഞ്ഞു. ആ അറിവ് വച്ചാണ് ഞാൻ പോകുന്നത്. പോകുന്നതിനു മുൻപ് ഞാൻ ചില സുഹൃത്തുക്കളോടു ചോദിച്ചു. അവരാരും അതൊരു മോശപ്പെട്ട സംഘടനയാണെന്നൊന്നും പറഞ്ഞില്ല." 

"വേദികളിൽ ഞാൻ പോയി സംസാരിക്കാറുള്ളത് അവിടെ കാണുന്ന കാര്യങ്ങളാണ്. അവരെക്കുറിച്ച് നല്ല കാര്യങ്ങൾ സംസാരിക്കും. അവരെക്കുറിച്ച് മോശം സംസാരിക്കാനാണെങ്കിൽ അവിടെ പോകേണ്ട കാര്യമില്ലല്ലോ. ആർഎസ്എസിന്റെ പരിപാടിക്ക് ചെന്നപ്പോഴാണ് അവരിൽ ചിലർ സന്യാസജീവിതം നയിക്കുന്നുണ്ടെന്ന് അറിഞ്ഞത്. സംഘടനയ്ക്കു വേണ്ടിയും രാജ്യത്തിനുവേണ്ടിയും ജീവൻ ഒഴിഞ്ഞു വച്ചിരിക്കുകയാണ് അവരെന്നു പറഞ്ഞു. വിവാഹിതരാകണമെന്നു തോന്നിയാൽ സംഘടന വിട്ടു പോകണം. അതെല്ലാം നല്ല കാര്യങ്ങളായി എനിക്കു തോന്നി. എനിക്കു മറ്റൊന്നും അറിയില്ലല്ലോ. ആ സമയത്ത് ശരിയെന്നു തോന്നിയ കാര്യങ്ങളാണ് ഞാൻ സംസാരിച്ചത്. അല്ലാതെ എനിക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയ പാർട്ടികളോട് ആഭിമുഖ്യവുമില്ല." 

"ഇതിനെക്കാൾ കൂടുതൽ പല വേദികളിലും പല അവസരങ്ങളിലും ഞാൻ സംസാരിച്ചിട്ടുണ്ട്. ഞാനെല്ലാവരെയും കുറിച്ച് നല്ലത് സംസാരിക്കും. അതിനു പിന്നിൽ ഒറ്റ ഉദ്ദേശ്യമേ ഉള്ളൂ. നല്ലതു പറഞ്ഞാൽ നല്ലത് അല്ലാത്തവനു പോലും ഒന്നു നന്നാകാൻ തോന്നിയാലോ! ഒരാളെ കള്ളനായി മുദ്ര കുത്തിയാൽ ആയുഷ്കാലം മുഴുവൻ അയാൾക്ക് നന്നാകാൻ പറ്റില്ലേ? അങ്ങനെ പാടില്ലല്ലോ. ജയിലിൽ പോലും അവർക്ക് നന്നാകാനുള്ള അവസരം കൊടുക്കുന്നില്ലേ?"

"ഞാൻ വിശുദ്ധൻ എന്നു വിളിച്ചു എന്നതാണല്ലോ ഒരു ആരോപണം. ഞാൻ അങ്ങനെ വിളിച്ചാൽ അങ്ങനെയല്ലാത്തവർ വിശുദ്ധർ ആകുമോ? ഞാൻ വിളിച്ചതുകൊണ്ടു മാത്രം ആരും വിശുദ്ധരാകില്ല. ഞാൻ കേവലം ഒരു സംഗീതസംവിധായകൻ. അവരുടെ പ്രവൃത്തികൾ കൊണ്ടാണ് അവർ വിശുദ്ധരാകേണ്ടത്. മാറ്റങ്ങൾക്കുള്ള പ്രോത്സാഹനമായി എന്റെ വാക്കുകൾ കണ്ടാൽ മതി. പൂർവചരിത്രം പറയുന്നതിനോടും എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ക്രിസ്തീയസമൂഹത്തിൽ തന്നെ എത്രയോ വിശുദ്ധരുടെ പഴയകാലം എടുത്തു നോക്കിയാൽ അവർ മോശപ്പെട്ട ജീവിതം നയിച്ചിരുന്നവരായിരുന്നു എന്നു കാണാം. അവർ ജീവിതത്തിൽ പിന്നീട് മാറി. അങ്ങനെയാണ് അവർ വിശുദ്ധരായത്." 

"എനിക്കെതിരെ വരുന്ന കമന്റുകളും അഭിപ്രായങ്ങളും ഞാൻ വായിക്കുന്നില്ല. അതിന്റെ പിന്നാലെ പോകാൻ എനിക്ക് സമയവും ഇല്ല. ആരെങ്കിലും എന്നെ വിളിച്ചു പറയുമ്പോഴാണ് ഞാൻ അറിയുന്നത്. നൂറോളം പേർ എന്നെ വിളിച്ചു. അതിൽ ഭൂരിപക്ഷം പേരും പോസിറ്റീവ് ആയാണ് സംസാരിച്ചത്. ജീവിതത്തിലായാലും സംഗീതത്തിലായാലും ഒരുപാട് നിലപാടുകളിൽ മാറ്റം വരാറുണ്ട്. ഇന്നത്തെ ശരിയല്ല നാളത്തേത്. ഇന്നത്തെ തെറ്റ് നാളത്തെ ശരിയാകാം. എന്റെ സ്വയം തിരിച്ചറിവിലൂടെയാണ് ഞാൻ മാറുകയുള്ളൂ. എന്റെ മനസ്സിനു തോന്നിയ കാര്യങ്ങളാണ് പറഞ്ഞത്." 

"എനിക്ക് എന്റേതായ പരിപാടികളുണ്ട്. ഇനി അതില്ലെങ്കിലും കുഴപ്പമില്ല. 69 വയസ്സായി. എന്റെ സേവനം ആവശ്യമുള്ളവർക്ക് അതു നൽകുന്നു. അത്രയേ ഉള്ളൂ. ആരോഗ്യമുള്ള കാലത്തോളം കുറച്ചു സംഗീതം ചെയ്യാൻ പറ്റുന്നത് ചെയ്യുന്നു. വേറൊന്നും വെട്ടിപ്പിടിക്കാനില്ല. ജീവിതത്തിൽ ഇത്രയൊക്കെയെ ചെയ്യാൻ പറ്റിയുള്ളൂ. എന്നെക്കാൾ കൂടുതൽ ചെയ്ത സംഗീത മഹാരഥന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട്. ദൈവം അവരവർക്ക് അനുവദിച്ച വർക്കുകൾ ചെയ്യുന്നു, പോകുന്നു. ഇതൊന്നും ലോകാവസാനം വരെ നിൽക്കില്ലല്ലോ. അടുത്ത ആളുകൾ വരും. അങ്ങനെ വന്നുകൊണ്ടിരിക്കും. ഞാൻ അതിൽ ഒരു ഭാഗം മാത്രം. ഇതിൽക്കൂടുതൽ ഒന്നും തന്നെ ഞാൻ ഉദ്ദേശിച്ചിട്ടില്ല," ഔസേപ്പച്ചൻ വ്യക്തമാക്കി. 

English Summary:

Ouseppachan opens up about the RSS programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com