ADVERTISEMENT

വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. തങ്ങൾക്ക് കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്നും മക്കൾ എല്ലാ തീരുമാനത്തിലും തന്നെയും ദർശനയെയും പിന്തുണയ്ക്കുന്നുണ്ടെന്നും വിജയ് പറയുന്നു. മാധ്യമപ്രവർത്തകയായ ധന്യാ വർമയ്ക്കു നൽകിയ വിഡിയോ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്. 

‘എന്റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല. അതിന് കുറച്ചു സമയം ആവശ്യമാണ്. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസ്സിലാക്കാനുള്ള പ്രായമായി. 

മകൾക്ക് വളരെ പക്വതയുണ്ട്. അവൾ എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകൾക്ക് ഇപ്പോൾ 15 വയസ്സും മകന് 9 വയസ്സുമാണ്. അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസ്സിലായി വരുന്നതേയുള്ളു. എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല. നമ്മളാണ് തെറ്റുകാർ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ല’, വിജയ് യേശുദാസ് പറഞ്ഞു.  

5 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2007–ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. അമേയ, അവ്യാൻ എന്നിവരാണ് മക്കൾ. ഏറെക്കാലമായി വിജയ്‌യുടെയും ദർശനയുടെയും വിവാഹമോചനവാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല. 

English Summary:

Vijay Yesudas opens up about his personal life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com