മൂന്നാം നിലയിൽ നിന്നു വീണ് 'വൺ ഡയറക്ഷൻ' ഗായകന് ദാരുണാന്ത്യം; 31ാം വയസ്സിൽ അപ്രതീക്ഷിത വിടവാങ്ങൽ
Mail This Article
ബ്രിട്ടിഷ് ഗായകൻ ലിയം പെയ്ൻ അന്തരിച്ചു. ബ്യൂണസ് എയർസിലെ ഹോട്ടലിലെ മൂന്നാം നിലയിൽ നിന്ന് താഴെ വീണാണ് ഗായകന്റെ ദാരുണാന്ത്യം. 31 വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
പ്രശസ്തമായ വൺ ഡയറക്ഷൻ എന്ന ബ്രിട്ടിഷ് ബോയ്ബാൻഡിലൂടെ ശ്രദ്ധ നേടിയ യുവഗായകനായിരുന്നു ലിയം പെയ്ൻ. ‘ദി എക്സ് ഫാക്ടർ’ എന്ന റിയാലിറ്റി ഷോയിലൂടെ രംഗത്തു വന്ന താരങ്ങൾ ഒന്നിച്ച് 2010ൽ രൂപീകരിച്ച ബാൻഡായിരുന്നു വൺ ഡയറക്ഷൻ. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിച്ചതിനു പിന്നിലെ സോളോ ആൽബങ്ങളിലൂടെയാണ് ലിയം പെയ്ൻ വാർത്തകളിൽ നിറഞ്ഞത്.
ഗായകന്റെ ആദ്യ സോളോ ആൽബമായ ‘എൽപി1’ 2019ൽ പുറത്തിറങ്ങി. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അപ്രതീക്ഷിത അപകടവും മരണവും. കടുത്ത മദ്യപാനിയായിരുന്നു താരം അതിന്റെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് പുറത്തു വന്നത് വലിയ വാർത്തയായിരുന്നു. അതിനായി ചികിത്സ തേടിയതിനെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. കഴിഞ്ഞ വർഷം ഒരു സൗത്ത് അമേരിക്കൻ സംഗീത പര്യടനം താരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം അതു മാറ്റി വയ്ക്കേണ്ടി വന്നു. ഈ വർഷം മാർച്ചിൽ ‘ടിയർ ഡ്രോപ്സ്’ എന്ന പേരിൽ ഒരു ട്രാക്ക് പുറത്തിറക്കിയിരുന്നു. പക്ഷേ, പ്രതീക്ഷിച്ച വിജയം നേടാനായില്ല.
വെറും 14–ാം വയസിലാണ് റിയാലിറ്റി ഷോയിൽ ലിയം പാടാനെത്തുന്നത്. അവിടെ നിന്ന് ‘വൺ ഡയറക്ഷൻ’ എന്ന ബാൻഡ് പിറവിയെടുക്കുകയായിരുന്നു. കൗമാരക്കാരുടെ ഹരമായി മാറിയ ബാൻഡ് പിന്നീട് പ്രശസ്തിയുടെ കൊടുമുടി കയറി. പാർട്ടികളിൽ സജീവമായി പങ്കെടുത്ത താരം കടുത്ത മദ്യപാനത്തിൽ മുഴുകിയതോടെ വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്ര കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയങ്ങൾ എത്തിപ്പിടിക്കാൻ പലപ്പോഴും താരത്തിന് കഴിയാതെ വന്നത് വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ആരോഗ്യപ്രശ്നങ്ങളും അലട്ടി.
റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഗായികയും ടെലിവിഷൻ താരവുമായ ചെറിലുമായി പ്രണയബന്ധത്തിലായിരുന്നു ലിയം. 2018ൽ ഇവർ വേർപിരിഞ്ഞു. 2020ൽ മോഡൽ മായ ഹെൻറിയുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല.