‘അമ്മ പോയതോടെ മദ്യപാനവും പുകവലിയും ശീലമാക്കി, ഒടുവിൽ തിരിച്ചറിവ്; മതം മാറ്റത്തെ അച്ഛൻ എതിർത്തില്ല’
Mail This Article
അമ്മയുടെ അപ്രതീക്ഷിത വിയോഗം തന്നെ തകർത്തുകളഞ്ഞെന്നു വെളിപ്പെടുത്തി സംഗീതസംവിധായകനും ഇളയരാജയുടെ മകനുമായ യുവൻ ശങ്കർ രാജ. 2011 ൽ അമ്മ മരണപ്പെട്ടതോടെ ദുഃഖം താങ്ങാനാകാതെ താൻ തികഞ്ഞ മദ്യപാനിയായെന്നും പുകവലിയും ശീലമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. അമ്മയെ തേടിയുള്ള അന്വേഷണമാണ് തന്നെ ഇസ്‌ലാം മതം സ്വീകരിക്കുന്നതിലേക്ക് എത്തിച്ചതെന്നും യുവൻ ശങ്കർ രാജ പറഞ്ഞു. അടുത്തിടെ തമിഴ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് യുവൻ മതപരിവർത്തനത്തെക്കുറിച്ചു തുറന്നു പറഞ്ഞത്.
‘എല്ലാവരെയും പോലെ എനിക്കും എന്റെ അമ്മ വളരെ വലുതാണ്. അമ്മയെ എവിടെ കണ്ടെത്തും എന്ന അന്വേഷണത്തിനൊടുവില്‍ നമുക്കെല്ലാം ഒരു അവസാനമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതെപ്പോഴാണെന്ന് നമുക്കറിയില്ല. പക്ഷേ, ആ എക്‌സ്പയറി ഡെയ്റ്റ് നമ്മളിലെത്തും. അമ്മയുടെ മരണശേഷം ഞാന്‍ ഒരു 'ലോസ്റ്റ് ചൈല്‍ഡ്' ആയി മാറി. അമ്മയെ എവിടെ കണ്ടെത്തും എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇടയ്ക്കിടെ അമ്മയെ സ്വപ്‌നം കാണും. അമ്മ എവിടെയോ ഉണ്ട്. പക്ഷേ, അതെവിടെയാണ്? ആ വഴിക്കുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നു. അതെന്നെ വല്ലാതെ പിടിച്ചുലച്ചു. അമ്മയെത്തേടിയുള്ള അന്വേഷണത്തില്‍ മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളെല്ലാം ജീവിതത്തിന്റെ ഭാഗമായി. അതിനുമുന്‍പ് പാര്‍ട്ടികളില്‍ പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല.
പെട്ടെന്ന് ഒരുനാള്‍ എനിക്ക് എല്ലാറ്റിനുമുള്ള ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിവച്ചിട്ടുണ്ട്. അതനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്ന് ബോധ്യമായി. അക്കാര്യം എന്നെ പഠിപ്പിച്ചത് ഇസ്‌ലാം മതമാണ്. അമ്മ നല്ല ഒരിടത്ത് എവിടെയോ ഉണ്ടെന്നാണ് വിശ്വാസം. നമ്മെ സൃഷ്ടിച്ച ദൈവത്തിന് മാത്രമേ നമ്മെ വഴിനടത്താനും സന്തോഷം നല്‍കാനും കഴിയൂ. ഇതാണ് ഇസ്‌ലാം എന്നെ പഠിപ്പിച്ചത്. അമ്മ എവിടെയാണെങ്കിലും സന്തോഷത്തോടെ കഴിയാന്‍ ദൈവത്തോടു പ്രാര്‍ഥിക്കാറുണ്ട്.
അമ്മ ജനിച്ച അതേ ദിവസം, ഏതാണ്ട് അതേ സമയത്താണ് പിന്നീട് എനിക്ക് കുഞ്ഞുണ്ടായത്. അതിനുള്ള ഉത്തരം ഖുർആനില്‍ നിന്നാണ് എനിക്കു ലഭിച്ചത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒന്നിനെ എടുത്ത ശേഷം അതിനുമേലെ വേറെയൊന്ന് ഞാന്‍ നിങ്ങള്‍ക്ക് തരും. അത് നിങ്ങള്‍ തിരിച്ചറിയണമെന്ന് ഖുർആനിലുണ്ട്. മതം മാറ്റത്തെ പിതാവ് എതിര്‍ത്തില്ല. പ്രതിദിനം അഞ്ചുനേരം ദൈവത്തോട് പ്രാര്‍ഥിക്കുമെന്ന് പറയുന്ന ഒരാളെ എന്തിന് തടയണമെന്നായിരുന്നു അച്ഛന്‍ ചോദിച്ചത്’, യുവൻ പറഞ്ഞു.
2014 ലാണ് യുവൻ ശങ്കർ രാജ ഇസ്‌ലാം മതം സ്വീകരിച്ചത്. തുടർന്ന് അബ്ദുല്‍ ഖാലിക് എന്ന് പേരും മാറ്റി. എന്നാല്‍ സംഗീതരംഗത്ത് യുവന്‍ ശങ്കര്‍ രാജ എന്ന പ്രഫഷനല്‍ പേരില്‍ത്തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2015ൽ യുവൻ, പ്രണയിനിയായ സാഫ്‌റൂണ്‍ നിസയെ വിവാഹം ചെയ്തു. യുവന്റെ മൂന്നാം വിവാഹമായിരുന്നു അത്. ഇരുവർക്കും സിയ എന്നു പേരുള്ള ഒരു മകളുണ്ട്.