‘പ്രായം കൂടിയപ്പോൾ സഹനശക്തി കുറഞ്ഞു, അത്തരം സെൽഫികൾ സഹിക്കാൻ പറ്റില്ല’; തുറന്നു പറഞ്ഞ് എ.ആർ.റഹ്മാൻ
Mail This Article
പുതിയ കാലത്തെ സിനിമാ തിരഞ്ഞെടുപ്പുകളെ കുറിച്ച് തുറന്നു പറഞ്ഞ് എ.ആർ റഹ്മാൻ. ഒരുപാടു പ്രൊജക്ടുകൾ ചെയ്യുന്നതിനെക്കാൾ മനസിനു സന്തോഷം നൽകുന്ന പ്രൊജക്ടുകളാണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് റഹ്മാൻ പറഞ്ഞു. ‘ദി വീക്ക്’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്മാൻ മനസു തുറന്നത്.
‘മുൻപ് നല്ല ക്ഷമയുണ്ടായിരുന്നു. പ്രായം ചെല്ലുന്തോറും എന്റെ സഹനശക്തിയുടെ തോത് കുറയുന്നതായിട്ടാണ് എനിക്കു തോന്നുന്നത്. പെട്ടെന്ന് ദേഷ്യം വരും. മുൻപൊക്കെ ഫോട്ടോകൾ എടുക്കുന്നത് ഞാൻ ആസ്വദിച്ചിരുന്നു. ടൈമർ വച്ചുള്ള സെൽഫി ആണ് ഇപ്പോൾ ഏറ്റവും അധികം അസ്വസ്ഥനാക്കുന്നത്. അങ്ങനെയുള്ള സെൽഫി ഒരിക്കൽ കൂടി എടുക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ ഉടനെ നോ പറയും.’
‘ഇപ്പോൾ ഞാൻ അധികം പ്രോജക്ടുകൾ എടുക്കാറില്ല. പണ്ടൊക്കെ ചില സംഗീതസംവിധായകർ ഒരു വർഷം 40 സിനിമ വരെ ചെയ്യാറുണ്ടായിരുന്നു. ഫാക്ടറി പോലെയായിരുന്നു അവർ ജോലി ചെയ്തിരുന്നത്. അത്തരത്തിൽ ജോലി ചെയ്യുന്നത് സംഗീതമുണ്ടാക്കുന്നതിലെ സന്തോഷം നഷ്ടപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. കൂടാതെ, അത് സംഗീതത്തെ വിരസമാക്കും. ഞാൻ ഒരുപാടു സിനിമകൾ ചെയ്തു. അതുകൊണ്ട്, ഇനിയിപ്പോൾ അൽപം റിലാക്സ് ചെയ്ത് ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പ്രധാനപ്പെട്ട കുറച്ചു പ്രോജക്ടുകൾ ചെയ്യുക. അതിനൊപ്പം എന്റെ സ്വന്തം പ്രോജക്ടുകൾക്ക് സമയം നീക്കി വയ്ക്കുന്നു. സീക്രട്ട് മൗണ്ടെയ്ൻ എന്ന ബാൻഡ് അതിലൊന്നാണ്.’
‘ജയ് ഹോ നൽകിയ വലിയ അംഗീകാരത്തിനു ശേഷം ഞാൻ ഒരു വർഷം ഇടവേള എടുത്തിരുന്നു. ലോസ് ആഞ്ചലസിൽ ഒരു ബാൻഡ് രൂപീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ബെർക്കലിയിൽ നിന്ന് സംഗീതജ്ഞരെ ഓഡിഷൻ ചെയ്തു. പക്ഷേ, ആ സമയത്താണ് അമ്മയ്ക്ക് സുഖമില്ലാതെ ആയത്. അപ്പോൾ ഞാൻ മടങ്ങി. ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കുകയാണ് ഇപ്പോൾ,’ റഹ്മാൻ പറഞ്ഞു.
‘ജോലിയിൽ എത്തിക്സ് ഞാനെപ്പോഴും പിന്തുടരാറുണ്ട്. ഒരു സിനിമയ്ക്കു വേണ്ടി ചെയ്ത പാട്ട് ആറു വർഷത്തിനു ശേഷം പുനഃരാവിഷ്കരിക്കുകയാണെന്ന പേരിൽ മറ്റൊരു സിനിമയിൽ ഉപയോഗിക്കാൻ കഴിയില്ല. അനുമതി വാങ്ങാതെ ഒരാൾ ചെയ്ത കലാസൃഷ്ടി ഇങ്ങനെ പുനഃരാവിഷ്കരിക്കാൻ കഴിയില്ല. നിങ്ങൾക്ക് അത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം. പക്ഷേ, മുഖ്യധാരയിൽ അതു ചെയ്യാൻ പാടില്ല. അതിലും വലിയ ദോഷം ആളുകൾ എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതാണ്. ഒരു കംപോസറുടെ ശൈലി കടമെടുക്കുകയും അതിന് പണം നൽകാതിരിക്കുകയും ചെയ്യുക എന്നത് ഏറെ സങ്കടകരമാണ്. ഇത് വലിയ ധാർമിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ആളുകൾക്ക് ജോലി തന്നെ നഷ്ടപ്പെട്ടേക്കാം,’ റഹ്മാൻ വ്യക്തമാക്കി.