സ്വന്തം പെണ്ണിനെ മറ്റാർക്കോ വിട്ടുകൊടുത്തതിന്റെ വീർപ്പുമുട്ടലിൽ അയാളെങ്ങനെ ജീവിച്ചുകാണും? മറുത്തു പറയാമായിരുന്നില്ലേ നരേന്ദ്രന്?
Mail This Article
മായ, പ്രണയത്തെക്കുറിച്ചുള്ള ഓർമ പോലും നഷ്‌ടപ്പെട്ടൊരു പെൺകുട്ടി. ഒരു നീണ്ടയുറക്കം കഴിഞ്ഞ് കൺവിടർത്തിയപ്പോഴേക്കും ഓർമിക്കാൻ സ്വന്തം പേരു പോലും മറന്നുപോയവൾ... വാഹനാപകടത്തെത്തുടർന്നുള്ള ആശുപത്രിവാസത്തിനു ശേഷം അവൾ കൺതുറക്കുന്നത് ശരത് എന്ന ചെറുപ്പക്കാരന്റെ മുന്നിലേക്കാണ്. ചുറ്റും കാണുന്നവരെ മുഴുവൻ പകച്ചുനോക്കുന്ന പെൺകുട്ടിയോട് ആദ്യം തോന്നിയ കൗതുകം... അന്വേഷിച്ചുവരാൻ ഈ ഭൂമിയിൽ ആരുമില്ലാത്ത അവളുടെ അനാഥത്വത്തോടു തോന്നിയ സഹതാപം... പിന്നെ എല്ലാ കാരണങ്ങൾക്കുമപ്പുറമുള്ളൊരു കാരണം... പ്രണയം... ആദ്യകാഴ്‌ചയുടെ വിസ്‌മയച്ചെപ്പിൽ തന്നെ അയാൾ ഒളിപ്പിച്ചുവച്ചിരിക്കണം അവളെ സ്വന്തമാക്കണമെന്ന മോഹം...
എങ്കിലും അവൾ ജീവിച്ചു തീർത്ത അയാൾക്കറിയാ ഭൂതകാലം ശരത്തിനെ പേടിപ്പെടുത്തിക്കൊണ്ടേയിരുന്നു. അവൾ മറന്നുപോയൊരു ഭൂതകാലത്തിലെ കാമുകനോ ഭർത്താവോ എന്നെങ്കിലുമൊരിക്കൽ അവളെ തിരഞ്ഞു വരുമോ എന്നു ഭയപ്പെട്ടു. പത്രപ്പരസ്യത്തിൽ കൊടുത്ത അവളുടെ മുഖചിത്രം കണ്ട് പലരും പലതും പറഞ്ഞ് കടന്നുവരുമ്പോഴും അയാൾ അസ്വസ്‌ഥനായിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി നരേന്ദ്രന്റെ വരവ്. ഗൗരി എന്നൊരു പെൺകുട്ടിയെ തിരക്കിയായിരുന്നു അയാളുടെ വരവ്. ശരത്തിനറിയില്ലായിരുന്നെങ്കിലും നമുക്കറിയാമായിരുന്നു അയാൾ തേടിവന്നത് മായയെ തന്നെയായിരുന്നെന്ന്. അയാൾ അവളെ താലികെട്ടിയ പുരുഷനായിരുന്നെന്ന്. മായ തന്നെയായിരുന്നു അയാളുടെ ഗൗരിയെന്ന്...
ഒരു വൈകുന്നേരവിരുന്നിനെത്തിയ സുഹൃത്തെന്നു പറഞ്ഞു പരിചയപ്പെടുത്തിയാണ് ശരത് നരേന്ദ്രനെ കൊണ്ടുപോകുന്നത്. ഗൗരിയുമായി ശരത് അടുപ്പത്തിലാണെന്നും അവരുടെ വിവാഹം നിശ്‌ചയിച്ചെന്നും അപ്പോഴേക്കും നരേന്ദ്രൻ മറ്റാരോ പറഞ്ഞറിഞ്ഞിരുന്നു. എന്നാലും തന്നെ കാണുന്ന നിമിഷം ഗൗരി തന്നെ തിരിച്ചറിയുമെന്ന പ്രതീക്ഷയായിരുന്നു നരേന്ദ്രന്. മായ നരേന്ദ്രനെ തിരിച്ചറിയുമെന്നു ശരത്തും ഭയപ്പെട്ടിരുന്നിരിക്കണം. അതുകൊണ്ടായിരുന്നോ അതിഥിയെ തനിച്ചു കാത്തിരുത്തി മുഷിപ്പിക്കുന്നതിന്റെ അനൗചിത്യം ഓർമിക്കാതെ അയാൾ മായയ്‌ക്കരികിലേക്കു ചെന്നത്? ഒരുവേള അവളെ നഷ്ടപ്പെടുമോ എന്ന നിസ്സഹായതയിൽ അവളുടെ ചുണ്ടിൽ തന്റെ പ്രണയമത്രയും ചുംബനങ്ങളായി സമർപ്പിച്ച് അവളെ ശ്വാസംമുട്ടിച്ചത്?
നിങ്ങൾ അന്വേഷിച്ചുവന്ന പെൺകുട്ടി ഇവരല്ലല്ലോ എന്ന ശരത്തിന്റെ ചോദ്യം കേട്ട് നരേന്ദ്രൻ മുഖമുയർത്തി നോക്കുന്നത് അയാളുടെ നെറ്റിയിലും കവിളിലും പടർന്നു കിടന്ന കുങ്കുമച്ചുവപ്പാർന്ന പ്രണയഭൂപടത്തിലേക്കാണ്. അല്ലെന്ന ഒറ്റവാക്കു മറുപടി പറഞ്ഞ് ഏറ്റവുമേറ്റവും ഏകനായി നരേന്ദ്രൻ ആ വീട്ടിൽനിന്നിറങ്ങുന്നതു കണ്ടപ്പോൾ, സ്വന്തം പെണ്ണിനെ മറ്റാർക്കോ വിട്ടുകൊടുത്തതിന്റെ വീർപ്പുമുട്ടലിൽ ഭ്രാന്തു പിടിക്കുന്ന അയാളുടെ ഇനിയുള്ള ജീവിതമോർത്തപ്പോൾ മനസ്സു വെറുതെ ചോദിച്ചു... മറുത്തു പറയാമായിരുന്നില്ലേ നരേന്ദ്രന്?
ഗാനം: കണ്ണിൽ നിൻമെയ്യിൽ..
ചിത്രം: ഇന്നലെ
രചന: കൈതപ്രം
സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്
ആലാപനം: കെ.ജെ.യേശുദാസ്
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമുത്തോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കയ്യിൽ നിൻ തൂവൽ ചിരി വിതറി തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ
ഇന്നലെ രാവായ് പാടി മറഞ്ഞു
നിന്റെ അനാഥ മൗനം
നീയാണാദ്യം കണ്ണീർ തൂവി
ശ്യാമാരണ്യത്തിൻ മീതെ
നീയാണാദ്യം പുഞ്ചിരി തൂവി
നിത്യനിലാവിൻ മീതെ
മൂവന്തിക്കതിരായ് നീ പൊൻമാട തുഞ്ചത്തും
കോലക്കുഴൽ കിളിക്കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതു മിന്നുണ്ടോ
നിറയോല പൂമേട കൂടുണ്ടോ
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ
ആഴിയും ഊഴിയും മൂളിയിണങ്ങും
നേരം മാടി വിളിക്കുന്നു
പൊൻമീനോടിയ മാനത്തെ കൊമ്പിൽ
ഉണ്ണി വിരിഞ്ഞു പൂത്താരം
കുടവത്തളിരിലയുണ്ടോ ഇലവട്ട കുടയുണ്ടോ
കോലക്കുഴൽ കിളിക്കുഞ്ഞേ
വൈഡൂര്യചെപ്പുണ്ടോ സിന്ദൂര കൂട്ടുണ്ടോ
കാണാരും ചങ്ങാലി കൂട്ടുണ്ടോ
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ
(കണ്ണിൽ...)