ADVERTISEMENT

ലോകപ്രശസ്ത ഗായകൻ ലിയം പെയിനിന്റെ മൃതദേഹത്തിൽ നടത്തിയ വിഷപരിശോധനയിൽ കൊക്കെയ്നിന്റെ അംശം കണ്ടെത്തി. ‘പിങ്ക് കൊക്കെയ്ൻ’ അടക്കമുള്ള മാരക ലഹരിവസ്തുക്കളുടെ സാന്നിധ്യം ലിയം പെയിനിന്റെ മൃതദേഹത്തിലുണ്ടായിരുന്നതായി പ്രാഥമിക പരിശോധനാ റിപ്പോർട്ട് പറയുന്നു. ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള സാധന സാമഗ്രികൾ ലിയം പെയിനിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. 

കഴിഞ്ഞ ആഴ്ചയാണ് വൺ ഡയറക്ഷൻ എന്ന ബ്രിട്ടിഷ് ബോയ്ബാൻഡിലൂടെ തരംഗമായിത്തീർന്ന ലിയം പെയിൻ അർജന്റീനയിലെ ബ്യൂനസ് ഐറിസിലെ പലേർമോയിലെ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചത്. പെയിനിന്റെ ശരീരത്തിലുള്ള മുറിവുകൾ പരിശോധിച്ച മെഡിക്കൽ സംഘം വീഴ്ചയിൽ പറ്റിയതാണ് ഇവയെന്നും ദുരൂഹമായി ഒന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, പെയിനിന്റെ മുറിയിൽ നിന്നു കണ്ടെടുത്ത മദ്യവും ലഹരിവസ്തുക്കളും ഉറക്കഗുളികകളും മരണത്തെ ദുരൂഹമാക്കി. 

മരണത്തിന് മുൻപ് ഹോട്ടലിൽ വച്ച് താരം അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. ഹോട്ടൽ ലോബിയിൽ വച്ച് ലാപ്ടോപ്പ് തകർക്കുകയും ഒരു സ്ത്രീയോട് തട്ടിക്കയറുകയും ചെയ്തിരുന്നു. 

മയക്കുമരുന്നിന് അടിമയായിരുന്ന താരം അതിന്റെ ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ് പുറത്തു വന്നത് വലിയ വാർത്തയായിരുന്നു. അതിനായി ചികിത്സ തേടിയതിനെക്കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായി. കഴിഞ്ഞ വർഷം ഒരു സൗത്ത് അമേരിക്കൻ സംഗീത പര്യടനം താരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം അതു മാറ്റി വയ്ക്കേണ്ടി വന്നു. ഈ വർഷം മാർച്ചിൽ ‘ടിയർ ഡ്രോപ്സ്’ എന്ന പേരിൽ ഒരു ട്രാക്ക് പുറത്തിറക്കിയിരുന്നു. പക്ഷേ, പ്രതീക്ഷിച്ച വിജയം നേടാനായില്ല. 

വെറും 14–ാം വയസിലാണ് റിയാലിറ്റി ഷോയിൽ ലിയം പാടാനെത്തുന്നത്. അവിടെ നിന്ന് ‘വൺ ഡയറക്ഷൻ’ എന്ന ബാൻഡ് പിറവിയെടുക്കുകയായിരുന്നു. കൗമാരക്കാരുടെ ഹരമായി മാറിയ ബാൻഡ് പിന്നീട് പ്രശസ്തിയുടെ കൊടുമുടി കയറി. പാർട്ടികളിൽ സജീവമായി പങ്കെടുത്ത താരം കടുത്ത മദ്യപാനത്തിലും ലഹരി ഉപയോഗത്തിലും മുഴുകിയതോടെ വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്ര കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയങ്ങൾ എത്തിപ്പിടിക്കാൻ പലപ്പോഴും താരത്തിന് കഴിയാതെ വന്നത് വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. അതിനൊപ്പം ആരോഗ്യപ്രശ്നങ്ങളും അലട്ടി. 

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഗായികയും ടെലിവിഷൻ താരവുമായ ചെറിലുമായി പ്രണയബന്ധത്തിലായിരുന്നു ലിയം. 2018ൽ ഇവർ വേർപിരിഞ്ഞു. 2020ൽ മോഡൽ മായ ഹെൻറിയുമായി വിവാഹനിശ്ചയം നടത്തിയെങ്കിലും ആ ബന്ധവും വിവാഹത്തിൽ എത്തിയില്ല.

English Summary:

Explore the dark side of fame in this fictional account of a pop star Liam Payne's tragic downfall. Will the truth behind his death ever be revealed?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com