ADVERTISEMENT

അൾത്താരയ്‌ക്കു മുന്നിൽ മെഴുകുതിരിപ്പൂക്കളുമായി കരഞ്ഞു പ്രാർഥിക്കുന്ന അലീനയെ നമുക്കു മറക്കാൻ കഴിയില്ല, അവളുടെ നാലുവയസ്സുകാരി ദീപമോളെയും. ദീപമോളുടെ നാലാംപിറന്നാളിന് വരാനിരിക്കുന്ന ഒരു അതിഥിയെ കാത്തിരിക്കുകയാണ് ‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ആ അമ്മയും മകളും. ആ കാത്തിരിപ്പിലാണ് അവർ ജീവിക്കുന്നതുപോലും. കൺനട്ടുനനച്ചു കാത്തിരിക്കാൻ കയ്യെത്താ ദൂരത്തൊരാൾ.. അങ്ങനൊരാൾ നമ്മളിൽ പലർക്കുമുണ്ടാകാം. എന്നാൽ അതുപോലെയൊരു വെറുംകാത്തിരിപ്പല്ല അലീനയുടെയും ദീപമോളുടെയും. അവർ കാത്തിരിക്കുന്നത് ആരെയാണെന്നു പോലും അവർക്ക് അറിയില്ല. അങ്കിൾ... ആ വിളിയിലൊതുങ്ങുന്നു അയാളോടുള്ള പരിചയം. പേരറിയില്ല, എവിടെ നിന്നു വരുമെന്നോ എപ്പോൾ വരുമെന്നോ അറിയില്ല. ഈയടുത്ത കാലത്ത് തുടർച്ചയായി ഫോണിൽ മൂളിക്കേട്ട മിണ്ടാട്ടങ്ങളുമല്ലാതെ ഒരിക്കലും നേരിട്ടു കണ്ടിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പായിരുന്നു അലീനയ്‌ക്കും ദീപമോൾക്കും... അങ്കിൾ വരും... ദീപമോളുടെ നാലാം പിറന്നാളിന് അങ്കിളിന് വരാതിരിക്കാൻ കഴിയില്ല.

ദീപമോളുടെ അങ്കിൾ വരുന്നത് തന്റെ ജീവിതത്തിന്റെ ഏകാന്തതയിലേക്കു കൂടിയാണെന്ന് അലീനയും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടല്ലേ അവൾ ഒരു നവവധുവിനെപോലെ ഉടുത്തൊരുങ്ങിയത്. ജോസേട്ടന്റെ മരണശേഷം അവൾ ഇത്ര സുന്ദരിയാകുന്നത് ആദ്യമായിട്ടാണ്. രാത്രി ഏറെ വൈകിയിട്ടും കാണാഞ്ഞപ്പോൾ അങ്കിൾ വരാതിരിക്കുമോ എന്നുപോലും അവർ സങ്കടപ്പെട്ടു. ഒടുക്കം അങ്കിൾ വന്നു, രണ്ടു പെൺസങ്കടങ്ങളുടെ കടലിലേക്ക്, അവരെ ചേർത്തു മാറോടണച്ചുകൊണ്ട്. 

ദീപമോളെ മാത്രം കാണാനാണോ അയാൾ വന്നത്? അല്ല.. എന്നിട്ടും അയാൾ മടങ്ങിപ്പോകണമെന്നു വാശി പിടിച്ചു. കാരണം, അയാൾക്കു തിരികെപ്പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. കരച്ചിലോളം സങ്കടത്തോടെ അയാൾ അയാളുടെ ജീവിതം അവളോടു പറഞ്ഞപ്പോൾ അതു കേട്ടിരുന്ന നമ്മുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നിരിക്കണം. ജീവപര്യന്തം അനുഭവിച്ചുതീർക്കേണ്ട കടുത്ത ശിക്ഷാവിധിയുടെ നാളുകൾക്കിടയിൽ അനുവദിച്ചു കിട്ടിയ പരോൾ അവസാനിപ്പിച്ച് ജയിലിലേക്കു തന്നെ മടങ്ങേണ്ടൊരാൾ.. എത്ര നിരർഥമായിപ്പോയി അലീനാ നിന്റെ കാത്തിരിപ്പെന്ന് നാം നൊമ്പരം കൊണ്ടു. പക്ഷേ അലീനയ്‌ക്ക് അതൊന്നും കേൾക്കണമെന്നില്ലായിരുന്നു. ആരാണെന്നോ എന്താണെന്നോ അറിയാതെ കണ്ണുംപൂട്ടിയാണിഷ്‌ടപ്പെട്ടത്. ഏതു കാരണവും പോര ഇനി അവൾക്ക് അയാളെ നഷ്‌ടപ്പെടുത്താൻ. ‘തിരിച്ചുവരും’ എന്ന അയാളുടെ വാക്കു മാത്രം മതിയായിരുന്നു അയാളുടെ തിരിച്ചുവരാക്കാലമൊക്കെയും അവൾക്കു കാത്തിരിക്കാൻ... 

അല്ലെങ്കിലും ചില പ്രണയങ്ങൾക്ക് നഷ്‌ടപ്പെടലുകളില്ല. നേടിയെടുക്കലുമില്ല... വേദനകൾക്കു വേദനിപ്പിക്കാൻ മാത്രമറിയുന്നപോലെ പ്രണയിക്കാൻ മാത്രമുള്ള പ്രണയങ്ങൾ..

ഗാനം: രാരീ രാരീരം രാരോ

ചിത്രം: ഒന്നു മുതൽ പൂജ്യം വരെ

രചന: ഒഎൻവി കുറുപ്പ്

സംഗീതം: മോഹൻ സിത്താര

ആലാപനം: ജി വേണുഗോപാൽ, കെ.എസ്.ചിത്ര

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ (2)

പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി

സ്വപ്നങ്ങൾ പൂവിടും പോലേ നീളെ...

വിണ്ണിൽ വെൺതാരങ്ങൾ..മണ്ണിൽ മന്താരങ്ങൾ

പൂത്തു വെൺതാരങ്ങൾ..പൂത്തു മന്താരങ്ങൾ

രാരീ രാരീരം രാരോ...പാടീ രാക്കിളി പാടീ

 

കന്നിപ്പൂമാനം പോറ്റും തിങ്കൾ ഇന്നെന്റെയുള്ളിൽ വന്നുദിച്ചു

പൊന്നോമൽ തിങ്കൾ പോറ്റും മാനം ഇന്നെന്റെ മാറിൽ ചാഞ്ഞുറങ്ങി

പൂവിൻ കാതിൽ മന്ത്രമോതീ..പൂങ്കാറ്റായി വന്നതാരോ (2)

ഈ മണ്ണിലും...ആ വിണ്ണിലും എന്നോമൽ കുഞ്ഞിന്നാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ....

 

ഈ മുളം കൂട്ടിൽ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവിൽ (2)

സ്നേഹത്തിൻ ദാഹവുമായ്‌ നമ്മൾ ശാരോനിൻ തീരത്തിന്നും നിൽപ്പൂ (2)

ഈ മണ്ണിലും..ആ വിണ്ണിലും എന്നോമൽ കുഞ്ഞിനാരെ കൂട്ടായി വന്നു

രാരീ രാരീരം രാരോ.....

English Summary:

Raree Rareeram Raro song from the movie Onnu Muthal Poojyam Vare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com