മധു കിനിയും ഈണം, മനം നിറയ്ക്കും പ്രണയം; ‘ബിന്ദിയാ ദ് എലഗന്റ് ഡോട്ട്’ ഹൃദയങ്ങളിലേക്ക്
Mail This Article
മെലഡിയുടെ സൗന്ദര്യം നിറയുന്ന ഗാനവുമായി ഗായികയും സംഗീതസംവിധായികയുമായ മേന മേലത്ത്. ‘ബിന്ദിയാ– ദ് എലഗന്റ് ഡോട്ട്’ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനം ബോധി സൈലന്റ് സ്കേപ് ആണ് സംഗീതാസ്വാദകരിലേക്ക് എത്തിച്ചത്. പൂർണമായും ഹിന്ദിയിൽ ഒരുക്കിയിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് രഞ്ജിനി വർമയാണ്. മേന മേലത്ത് ഈണം നൽകി ആലപിച്ചു.
പ്രണയത്തിന്റെ നിറങ്ങൾ ചാലിച്ചെഴുതിയ അതിമനോഹരമായ ദൃശ്യകാവ്യമാണ് ‘ബിന്ദിയാ– ദ് എലഗന്റ് ഡോട്ട്’. ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ഒരു കഥാപാത്രമായും മേന പ്രത്യക്ഷപ്പെടുന്നുണ്ട്. ദീക്ഷിത് ആർ.പൈ ആണ് മേനയ്ക്കൊപ്പം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ചേർന്നാണ് മ്യൂസിക് വിഡിയോയുടെ തിരക്കഥ ഒരുക്കിയത്. ഹരിശങ്കർ വേണുഗോപാല്‍ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. റാഷിൻ അഹമ്മദ് ആണ് എഡിറ്റർ.
റാണി എന്ന ചിത്രത്തിലൂടെ സംഗീതസംവിധായികയായി ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് മേന മേലത്ത്. ശങ്കർ രാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയിലെ എല്ലാ പാട്ടുകൾക്കും ഈണം പകർന്നത് മേനയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിൽ ഗോവിന്ദ് വസന്ത ഈണമിട്ട ‘യാ റബ്ബേ’ എന്ന ഗാനത്തിലൂടെയാണ് ഗായിക എന്ന നിലയിൽ മേന ശ്രദ്ധ നേടിയത്.