മാതാപിതാക്കൾക്ക് ആദരം, സംഗീതസന്ധ്യയുമായി എം.ജയചന്ദ്രൻ; നവംബർ 11 മുതൽ 13 വരെ തിരുവനന്തപുരത്ത്
Mail This Article
സംഗീതജീവിതത്തിൽ വഴിവിളക്കായി ജ്വലിച്ചു നിന്ന പ്രിയമാതാപിതാക്കൾക്ക് ആദരമായി പാട്ട് സന്ധ്യയൊരുക്കി സംഗീതസംവിധായകൻ എം.ജയചന്ദ്രൻ. അച്ഛന്റെയും അമ്മയുടെയും പേരുകൾ സമന്വയിപ്പിച്ച് ‘മധുസൗകുമാര്യം’ എന്നാണ് സംഗീതനിശയ്ക്കു പേര് നൽകിയിരിക്കുന്നത്. നവംബർ 11, 12, 13 തീയതികളിലായി തിരുവനന്തപുരം തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിൽ വൈകിട്ട് 6:45ന് പരിപാടി നടക്കും. അന്തരിച്ച മാതാപിതാക്കൾക്കുള്ള സ്നേഹോപഹാരമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടങ്ങാതെ ജയചന്ദ്രൻ ഇത്തരത്തിൽ സംഗീതനിശ നടത്തിവരുന്നു.
‘എന്റെ അച്ഛന്റെ പേര് മധുസൂധനൻ നായർ, അമ്മ സുകുമാരിയമ്മ. ഇരുവരുടെയും പേരുകൾ സമന്വയിപ്പിച്ചാണ് മധുസൗകുമാര്യം എന്ന് ഈ സംഗീതോത്സവത്തിനു പേര് നൽകിയിരിക്കുന്നത്. അമ്മയ്ക്കും അച്ഛനുമായി സമർപ്പിച്ചുകൊണ്ട് എല്ലാവർഷവും മൂന്ന് ദിവസത്തെ ക്ലാസിക്കൽ മ്യൂസിക്കൽ ഫെസ്റ്റിവൽ നടത്താറുണ്ട്. ‘മധുസൗകുമാര്യ’ത്തിന്റെ നാലാം വർഷമാണിത്.
സംഗീതപരിപാടിയുടെ ആദ്യ ദിനത്തിൽ എൽ.ശങ്കറിന്റെ വയലിൻ പ്രകടനമാണ് നടക്കുക. രണ്ടാം ദിനത്തിൽ, മനോരമ ബുക്ക്സിനുവേണ്ടി ഞാൻ എഴുതിയ ‘‘സ്മൃതി തൻ ചിറകിലേറി’’ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ തിരുവനന്തപുരത്തെ പ്രകാശനം നടക്കും. മലയാള മനോരമ ഹോർത്തൂസിൽ വച്ചും പുസ്തകം പ്രകാശനം ചെയ്തിരുന്നു. സ്വാതി തിരുനാളിന്റെ ഒരു പദമെടുത്ത് ഞാൻ ഓർക്കസ്ട്രേഷൻ ചെയ്തിട്ടുണ്ട്. 6 മിനിറ്റ് നീണ്ട സ്വാതി മണിപ്രവാളത്തിന്റെ പ്രകാശന ചടങ്ങാണ് 13ന് വൈകിട്ട് നടക്കുക. തുടർന്ന് രമണ ബാലചന്ദ്രന്റെ വീണ കച്ചേരിയും ഉണ്ടായിരിക്കും.
എന്റെ സംഗീതജീവിതത്തിന്റെ ആധാരം അമ്മയും അച്ഛനും മാത്രമാണ്. കുട്ടിക്കാലം മുതൽ എന്നിലെ സംഗീതത്തെ കെടാവിളക്കുപോലെ സൂക്ഷിച്ചു കൊണ്ടുനടക്കുകയായിരുന്നു അവർ. അച്ഛന്റെയും അമ്മയുടെയും ഓർമയ്ക്കായി നടത്തുന്ന ഒരു കുടുംബസംഗമം കൂടിയാണ് മധുസൗകുമാര്യം. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ സംഗീതരാവിൽ ഒത്തുചേരും’, എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.