നിറം മങ്ങാതെ പാട്ടോർമകൾ; എസ്പിബി എന്ന അനുഭവം
Mail This Article
ചെന്നൈ റിക്കോർഡിങ്ങുകളിലെ നിറം മങ്ങാത്ത ഓർമയാണ് കോതണ്ഡപാണി സ്റ്റുഡിയോ. സാധാരണ ഒരു സ്റ്റുഡിയോ എന്നതിനപ്പുറം ഒട്ടേറെ സിനിമാ ഓർമകൾ സൂക്ഷിക്കുന്ന സ്ഥാപനമാണിത്. ആദ്യകാലം മുതലുള്ളവരാണ് സാങ്കേതിക വിദഗ്ധരും ജീവനക്കാരുമെല്ലാം. കൃത്യമായ ചലച്ചിത്ര പാരമ്പര്യമുള്ളവർ. അനശ്വരനായ എസ്.പി.ബാലസുബ്രഹ്മണ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഓർമകൾ ഈ സ്റ്റുഡിയോയിലുണ്ട്. സംഗീതജ്ഞരുമായി ബന്ധപ്പെട്ട അത്തരം ചില അനുഭവങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ഈ ആഴ്ച.
എസ്പിബിയുടെ വീട്ടിൽ ഒരു പാട്ടിന്റെ റിക്കോർഡിങ്ങിനു പോയ ഓർമ ഒരിക്കലും മറക്കാനാവില്ല. വീടിന്റെ ഒന്നാം നിലയിലായിരുന്നു റിക്കോർഡിങ്. അർജുൻ സർജ രചനയും സംവിധാനവും നിർവഹിച്ചു 2016ൽ പുറത്തിറങ്ങിയ പ്രേമ ബരഹ എന്ന സിനിമയിലെ കന്നഡയും തമിഴും കലർന്ന ഒരു പാട്ടായിരുന്നു അത്. കന്നഡ, തമിഴ് ഭാഷകളിൽ ഒരേ സമയം നിർമിച്ച ചിത്രം. അതിലെ ‘ജയ് ഹനുമന്ത’ എന്ന പാട്ട് എസ്പിബി സാറാണ് പാടിയത്. അദ്ദേഹവുമായി അതിനെപ്പറ്റി ചർച്ച ചെയ്യാനും റിക്കോർഡിങ്ങിനുമായാണ് ഞാൻ വീട്ടിലേക്കു പോയത്.
എസ്പിബി സംഗീതം നൽകുകയും അഭിനയിക്കുകയും ചെയ്ത ‘സിഗരം’ എന്ന സിനിമയിലെ ഗാനങ്ങളെപ്പറ്റി അന്നു ധാരാളം സംസാരിച്ചു. കവിതാലയ പ്രൊഡക്‌ഷനു വേണ്ടി അനന്തു സംവിധാനം ചെയ്ത ഈ സിനിമ 1991ൽ ആണ് റിലീസ് ആയത്. പാട്ടുകളെല്ലാം വലിയ ഹിറ്റുകളായിരുന്നു. എസ്പിബിയും കെ.എസ്.ചിത്രയും ചേർന്ന് ആലപിച്ച ‘ഇതോ ഇതോ എൻ പല്ലവി’ എന്ന ഗാനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഒത്തിരി കവർ വേർഷൻസ് പിന്നീട് അതിനുണ്ടായി. ദാസ് സാർ പാടിയ അഗരം ഇപ്പോ.. എന്ന പാട്ടും വലിയ ഹിറ്റായിരുന്നു. മനസ്സിൽ തട്ടിയാണ് എസ്പിബി ഈ പാട്ടുകളെപ്പറ്റി പറഞ്ഞത്.
മലരേ മൗനമാ.. മൗനമേ വേദമാ..
എസ്പിബിയെപ്പറ്റി പറയുമ്പോൾ ഈ പാട്ട് എങ്ങനെ ഓർമിക്കാതിരിക്കാനാകും. കർമ എന്ന തമിഴ് ചിത്രത്തിനു വേണ്ടി വിദ്യാസാഗർ ഈണമിട്ട ഗാനം. വൈരമുത്തുവിന്റെ വരികൾ. ആരുടെയും ഹൃദയത്തെ ആർദ്രമാക്കുന്ന എസ്പിബിയുടെ സ്വരം. ഒരു പാട്ടും നിർമിക്കപ്പെടുന്നതല്ല, സ്വയം രൂപപ്പെടുന്നതാണെന്ന് എസ്പിബി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പാടിത്തുടങ്ങിയപ്പോൾ അതിൽ അലിഞ്ഞു ചേർന്നു. അത് ലഹരിയായെന്നതു ചരിത്രം. ഇന്നും എത്രയോ പേരുടെ മനസ്സുകളെ ഈ ഗാനം ആർദ്രമാക്കുന്നു. സംഗീതജ്ഞരെ അദ്ഭുതപ്പെടുത്തുന്നു. ലാളിത്യമായിരുന്നു എസ്പിബിയുടെ സ്ഥായീഭാവം. എല്ലാ തലങ്ങളിലുമുള്ളവരോട് എളിമയോടെ പെരുമാറുന്ന ശൈലി. അതിൽനിന്ന് പുതിയതലമുറയിലെ സംഗീതജ്ഞർക്ക് ഏറെ പഠിക്കാനുണ്ട്. പ്രേമ ബരഹയിലെ പാട്ടിന്റെ കംപോസിങ്ങുമായി ബന്ധപ്പെട്ട അർജുൻ സാറും ഞാനും എസ്പിബി സാറും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ എന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. വളരെ അപൂർവമായ ആ ചിത്രം ഒരു നിധി പോലെ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നു.
ശങ്കർ മഹാദേവനെന്ന അനുഭവം...
മ്യൂസിക് കരിയറിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള സംഗീതജ്ഞരിൽ ഒരാളാണ് ശങ്കർ മഹാദേവൻ. അദ്ദേഹത്തെക്കൊണ്ട് പാടിക്കാനുള്ള അവസരം നേരത്തേ കിട്ടിയിരുന്നു. എന്നാൽ അദ്ദേഹം സംഗീതം നൽകിയ പാട്ടു പാടാനുള്ള അവസരം കിട്ടിയത് വലിയ അനുഭവമായിരുന്നു. മാധവൻ അഭിനയിച്ച ‘യാവരും നലം’ എന്ന സിനിമയിലെ പാട്ടായിരുന്നു അത്. മഴവിൽ മനോരമയുടെ ഒരു റിയാലിറ്റി ഷോയിൽ വച്ചാണ് ഞാൻ ശങ്കർ മഹാദേവനെ അടുത്തു കാണുന്നതും പരിചയപ്പെടുന്നതും. അതിൽ ദേവിശ്രീ പ്രസാദിന്റെ ‘ഫ്രീയാവുട് മാമേ..’ എന്ന പാട്ട് കേട്ട ശേഷം അടുത്ത ദിവസംതന്നെ അദ്ദേഹം എന്നെ വിളിച്ചു. ഞാനും അനുരാധാ ശ്രീറാമും കൂടെയുള്ള ഒരു പാട്ടായിരുന്നു റിക്കോർഡ് ചെയ്തത്. ശങ്കർ മഹാദേവന്റെ സഹയാത്രികരും സംഗീതജ്ഞരുമായ എഹ്സാനും ലോയിയും ആ സമയത്ത് അവിടെയുണ്ട്. ശങ്കർ മഹാദേവൻ സാർ പാട്ടു പാടിക്കുന്ന രീതിയും പറഞ്ഞു തരുന്ന രീതിയും ഗായകരെക്കൊണ്ട് പാടിച്ചെടുക്കുന്നതിലെ വേഗതയുമൊക്കെ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
എം.ജി.ശ്രീകുമാറിനൊപ്പം
മറ്റൊരു മറക്കാനാവാത്ത അനുഭവം പ്രിയപ്പെട്ട എം.ജി.ശ്രീകുമാർ സംഗീതം നൽകിയ ഒരു സിനിമയിൽ പാടാൻ അവസരം കിട്ടിയതാണ്. പൊയ് ശൊല്ലപ്പോറോ.. എന്ന തമിഴ് സിനിമയിലെ ഗാനമായിരുന്നു അത്. തിരുവനന്തപുരത്തെ എസ്എസ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. വളരെ രസമുള്ള പാട്ടായിരുന്നു അത്. അദ്ദേഹത്തെക്കൊണ്ട് രണ്ടു സിനിമകളിൽ ഞാൻ പാടിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് അരികിൽ നിന്നാലുമെന്ന പാട്ടാണ്. മലയാളത്തിൽ ഡാൻസ് മൂഡിലുള്ള ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എം.ജി.ശ്രീകുമാറാണെന്നത് മറക്കാനാവില്ല. രാമായണക്കാറ്റേ, വേൽമുരുക എന്നിവയൊക്കെ എപ്പോഴും ഞങ്ങൾ സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ്.