മൈക്കൽ ജാക്സന്റെ പ്രിയപ്പെട്ടവൻ, സംഗീത ലോകത്തെ ഇതിഹാസം ക്വിന്‍സി ജോണ്‍സ് വിടവാങ്ങി
Mail This Article
സംഗീതസംവിധായകന്‍, മ്യൂസിക് പ്രൊഡ്യൂസര്‍, ഗാനരചിതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച ക്വിന്‍സി ജോണ്‍സ് (91) അന്തരിച്ചു. ഞായറാഴ്ച ലൊസാഞ്ചലസിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 71 വർഷം നീണ്ട സംഗീത ജീവിതത്തിൽ 28 ഗ്രാമി പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ലോകോത്തര ബഹുമതികൾ നേടിയിട്ടുണ്ട്. ക്വിൻസിക്ക് ലോകമെമ്പാടും ആരാധകരും ഏറെ.
പോപ് ഇതിഹാസം മൈക്കൽ ജാക്‌സന്റെ എക്കാലത്തെയും ഹിറ്റ് ആല്‍ബമായ ത്രില്ലര്‍ നിര്‍മിച്ചത് ക്വിന്‍സി ആണ്. മൈക്കൽ ജാക്‌സന്‍റെ കരിയറിലെ വന്‍ ഹിറ്റുകളുടെ നിര്‍മാതാവായിരുന്നു അദ്ദേഹം. ജാക്സന്‍റെ തന്നെ ബാഡ്, ഓഫി ദ് വാള്‍ എന്നീ ആല്‍ബങ്ങളും നിര്‍മിച്ചു. മൈക്കൽ ജാക്‌സന്റെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആളാണ് ക്വിന്‍സി ജോണ്‍സ്.
ബാക്ക് ഓണ്‍ ദ് ബ്ലോക്ക് എന്ന ആല്‍ബത്തിലൂടെ 1990ൽ ആറ് ഗ്രാമി പുരസ്കാരങ്ങള്‍ ക്വിന്‍സി നേടിയിരുന്നു. മൂന്ന് തവണ പ്രൊഡ്യൂസര്‍ ഓഫ് ദ് ഇയര്‍ ബഹുമതിയും സ്വന്തമാക്കി. ദ് ഇറ്റാലിയന്‍ ജോബിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത് ക്വിന്‍സി ജോണ്‍സ് ആണ്. ഓസ്‌കര്‍ നേടിയ ഇന്‍ ദ് ഹീറ്റ് ഓഫ് ദ് നൈറ്റിലും സ്‌കോര്‍ ഒരുക്കിയത് ക്വിന്‍സി തന്നെ. നിരവധി സിനിമകൾക്കും അദ്ദേഹം സംഗീതമൊരുക്കി. 2001ല്‍ ക്യൂ എന്ന പേരിൽ ആത്മകഥ പുറത്തിറക്കി. 3 തവണ വിവാഹിതനായ ക്വിന്‍സി ജോണ്‍സിന് ഏഴ് മക്കളുണ്ട്.