പാട്ട് പാടവേ വേദിയിലൊരു കോഴി, ലൈവായി കഴുത്തറുത്ത് കൊന്ന് ചോര കുടിച്ച് ഗായകന്; വിവാദം
Mail This Article
ലൈവ് സംഗീതപരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെ കഴുത്തറുത്ത് ചോര കുടിച്ച ഗായകൻ കോന്‍ വായ് സണ്‍ വിവാദത്തിൽ. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിൽ ഒക്ടോബർ 27നായിരുന്നു സംഭവം. സംഗീതപരിപാടി നടക്കവെ ഒരു കോഴി വേദിയിലേക്കെത്തി. ഉടനടി അതിനെപ്പിടിച്ച് കഴുത്തറുത്ത് കൊല്ലുകയും വേദിയിൽ വച്ചുതന്നെ ഗായകൻ രക്തം കുടിക്കുകയുമായിരുന്നു.
ഗായകന്റെ പ്രവൃത്തി കണ്ട് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ അമ്പരന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കോന്‍ വായ് സണ്ണിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ലോകമെമ്പാടും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് അനിമൽസ് (പെറ്റ) ഇന്ത്യ പരാതി നൽകിയതോടെ ഇറ്റാനഗർ പൊലീസ് കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ െചയ്തിരിക്കുന്നത്.
മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെ സൂചിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ളവർ കൗൺസലിങ്ങിനു വിധേയരാകണമെന്നും പെറ്റ ഇന്ത്യ ശുപാർശ ചെയ്‌തു. ‘മൃഗങ്ങളോട് ഞെട്ടിക്കുന്ന രീതിയിൽ ക്രൂരത കാണിക്കുന്നുവെങ്കിൽ നിങ്ങളൊരു കലാകാരനല്ല, മറ്റൊരു ജോലി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യഥാർഥ കലാകാരന്മാർ അവരുടെ കഴിവ് പ്രകടിപ്പിച്ചാണ് ശ്രദ്ധിക്കപ്പെടുന്നത്’, പെറ്റ ഇന്ത്യ സംഘടനയുടെ കോഓർഡിനേറ്റർ സിഞ്ജന സുബ്രഹ്മണ്യൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
സംഗീതപരിപാടിയുടെ സംഘാടകരെ ചോദ്യം ചെയ്‌തിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനായി അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കോൻ വായ് സൺ വേദിയിൽ വച്ച് ഇത്തരമൊരു കൃത്യം നടത്തിയതെന്നു സംഘാടകർ പറഞ്ഞു. സംഭവം വിവാദമായതോടെ ഗായകൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
‘വേദിയില്‍ നടന്ന കാര്യങ്ങളൊന്നും മുന്‍കൂട്ടി കരുതിയതായിരുന്നില്ല. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. സംഘാടകര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. മോശമായതരത്തില്‍ എന്തെങ്കിലും പ്രചരിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാവരോടും സ്നേഹവും ബഹുമാനവും’, കോന്‍ വായ് സണ്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അരുണാചൽ പ്രദേശിലെ കിഴക്കൻ കാമെങ് ജില്ലയിലെ സെപ്പയിൽ നിന്നുള്ള കലാകാരനാണ് കോൻ വായ് സൺ. അറിയപ്പെടുന്ന ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമാണ് അദ്ദേഹം.