എം.ജയചന്ദ്രന്റെ ഈണം, കപിൽ കപിലന്റെ സ്വരഭംഗി; വീണ്ടും പാട്ടുമായി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’
Mail This Article
ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. എം.ജയചന്ദ്രൻ ഈണമൊരുക്കിയ ‘കാലം തെളിഞ്ഞു’ എന്ന ഗാനം മനോരമ മ്യൂസിക് ആണ് ആസ്വാദകർക്കു മുന്നിലെത്തിച്ചത്. പ്രഭാവർമ വരികൾ കുറിച്ച ഗാനം കപിൽ കപിലൻ, നിഖിൽ രാജ്, ജസ്‌വിന്ദർ സിങ് സംഘ എന്നിവർ ചേർന്നാണ് ആലപിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു പാട്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം.കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം സ്വന്തം ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്. മുംബൈ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ ആണ് ചിത്രം നിർമിക്കുന്നത്. വിവേക് മേനോൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.
വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേഷ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി തുടങ്ങിയവരും 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിൽ വേഷമിടുന്നു. നവംബർ 8ന് ചിത്രം തിയറ്ററുകളിൽ എത്തും.