ADVERTISEMENT

പുറത്തിറങ്ങി 6 പതിറ്റാണ്ടിനോടടുക്കുമ്പോഴും ഒരു ചിത്രത്തിലെ ഗാനങ്ങൾ ഒരു ജനത ഒന്നടങ്കം മൂളുന്നുണ്ടെങ്കിൽ അത് സലിൽ ചൗധരി എന്ന സംഗീതമാന്ത്രികന്റെ പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. സന്താപം പോലും അദ്ദേഹത്തിന്റെ ഈണത്താൽ അതിമധുരമായി മാറി. മാനസമൈനേ വരൂ, കടലിനക്കരെപ്പോണോരേ, പെണ്ണാളെ പെണ്ണാളെ, കാടാറുമാസം, കദളി കൺകദളി, മനക്കലെ തത്തേ, സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങി സലിൽ ചൗധരിയുടെ എത്രയോ ഗാനങ്ങൾ ഇന്നും മലയാളിയുടെ നാവിൻതുമ്പിലുണ്ട്.

1925 നവംബർ 19ന് ബംഗാളിലെ സൊനാർപൂർ ഗ്രാമത്തിലായിരുന്നു സലിൽ ചൗധരിയുടെ ജനനം. സംഗീതം അദ്ദേഹത്തിന് അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയതായിരുന്നു. അസമിലെ തോട്ടം മേഖലയിൽ ഡോക്ടറായിരുന്ന അച്ഛന്റെ കൂടെ അസമിലായിരുന്നു സലീലിന്റെ കുട്ടിക്കാലം. അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയ പാശ്ചാത്യസംഗീതവും അസമിലെ കുട്ടിക്കാലത്ത് കേട്ട നാടോടി ഗാനങ്ങളുമാണ് സലിൽ എന്ന സംഗീതജ്ഞന്റെ സങ്കൽപ്പങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

1944 ൽ ബിരുദ പഠനത്തിനായി കൽക്കട്ടയിലെത്തിയ അദ്ദേഹം ഇടതുപക്ഷകലാകാരന്മാരുടെ സംഘടനയായ ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനിൽ (ഇപ്റ്റ) അംഗമായി. ഇപ്റ്റയ്ക്കു വേണ്ടി അദ്ദേഹം ധാരാളം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ബംഗാൾ ജനതയുടെ ഹൃദയത്തിൽ പുതിയ ഒരു സമരാവേശം സൃഷ്ടിച്ചവ ആയിരുന്നു ഈ ഗാനങ്ങൾ. 1949 ൽ പരിബർത്തൻ എന്ന സത്യൻ ബോസ് ചിത്രത്തിനു സംഗീതം നൽകിയായിരുന്നു സലീൽ ദായുടെ തുടക്കം. പിന്നീട് നിരവധി ബംഗാളി സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി. ബംഗാളിൽ അദ്ദേഹം സംഗീതജ്ഞൻ മാത്രമായിരുന്നില്ല കവിയും നാടകകൃത്തും കഥാകൃത്തുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ചെറുകഥയായ റിക്ഷാവാലയാണ് ദോബീഗ സമീൻ എന്ന പേരിൽ ബിമൽറോയ് ഹിന്ദിയിൽ സംവിധാനം ചെയ്ത് പുറത്തിറക്കിയത്.

റിക്ഷാവാലയുടെ ദൃശ്യാവിഷ്‌കാരത്തിലൂടെ തന്നെയായിരുന്നു സലിൽ ദായുടെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റം. 1953ൽ മുംബൈയിൽ എത്തിയ അദ്ദേഹം ചലച്ചിത്രഗാനരംഗത്ത് സജീവമായി. 1958 ൽ പുറത്തിറങ്ങിയ ചിത്രം മധുമതിയിലൂടെയാണ് സലിൽ ചൗധരി കൂടുതൽ പ്രശസ്തനാകുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു. എൺപതുകളുടെ അവസാനം വരെ ബോളിവുഡ് ലോകത്ത് കത്തി നിന്ന സലിൽ ദാ സംഗീതലോകത്ത് വന്ന് മാറ്റങ്ങൾ മനസ്സിലാക്കി സ്വയം പിൻവലിയുകയായിരുന്നു.

മലയാളത്തിന് പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിക്കൊടുത്ത രാമു കാര്യാട്ടിന്റെ ചിത്രമായ ചെമ്മീനിന് സംഗീതം പകർന്നുകൊണ്ട് 1956 ലായിരുന്നു മലയാള സിനിമയിലേക്ക് അദ്ദേഹം കടന്നു വരുന്നത്. ചെമ്മീനിലെ ഗാനങ്ങൾ അദ്ദേഹത്തിന് മലയാള ചലചിത്രമേഖലയിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. പുറത്തിറങ്ങി 6 പതിറ്റാണ്ടോടടുക്കുമ്പോഴും ചെമ്മീനിലെ പാട്ടുകൾ മലയാളിയുടെ നാവിൻ തുമ്പത്തുണ്ടെങ്കിൽ അത് സലിൻ ചൗധരിയുടെ മാത്രം കഴിവുകൊണ്ടാണ്. അതിനു ശേഷം അഭയം, സ്വപ്നം, നെല്ല്, രാസലീല, നീലപൊന്മാൻ, രാഗം, തോമാശ്ലീഹ,  തുലാവർഷം, അപരാധി, പുതിയ വെളിച്ചം, ദേവദാസി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് സലീം ദാ എന്ന സലിൻ ചൗധരി സംഗീതം പകർന്നിട്ടുണ്ട്.

യേശുദാസിനെ ഹിന്ദിയിൽ അവതരിപ്പിച്ചതും, മന്നാഡേ (മാനസ മൈനേ വരൂ) ലത (കദളീ ചെങ്കദളീ) തലത് മെഹമൂദ് (കടലേ നീലക്കടലേ) സബിതാ ചൗധരി (വൃശ്ചികപ്പെണ്ണേ) തുടങ്ങിയവരെ മലയാളത്തിൽ അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. 27 മലയാള ചിത്രങ്ങൾക്കായി ഏകദേശം 106 മലയാളം ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ ചിത്രങ്ങൾക്കു വേണ്ടി പശ്ചാത്തല സംഗീതം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു. ലളിതമനോഹരമായ ഈണത്തിൽ ശ്രവണസുഖമുള്ള ഗാനങ്ങൾ സമ്മാനിച്ച ഇന്ത്യൻ സംഗീതലോകത്തെ ഏറ്റവും പ്രഗത്ഭരായ സംഗീതജ്ഞന്മാരിൽ ഒരാളായി നിന്ന സലീൽ ചൗധരി 1995 സെപ്റ്റംബർ അഞ്ചിനാണ് അന്തരിക്കുന്നത്.

സലീൽ ചൗധരി ഈണം പകർന്ന ഗാനങ്ങൾ

കടലിനക്കരെ പോണൊരേ...(ചെമ്മീൻ)

 

മാനസമൈനേ വരൂ...( ചെമ്മീൻ)

 

പെണ്ണാളേ പെണ്ണാളേ...( ചെമ്മീൻ)

 

പുത്തൻ വലക്കാരേ...( ചെമ്മീൻ)

 

കാടാറുമാസം.. നാടാറുമസം...( ഏഴുരാത്രികൾ)

 

നീ വരൂ കാവ്യ ദേവതെ... (സ്വപ്നം)

 

കദളി ചെങ്കദളി... ( നെല്ല്)

 

കാട് കറുത്ത കാട്... (നീലപ്പൊൻമാൻ)

 

മനക്കലെ തത്തേ... (രാസലീല)

 

സന്ധ്യേ കണ്ണീരിതെന്തേ...(മദനോത്സവം)

 

മാടപ്രാവേ വാ... (മദനോത്സവം)

 

പൂമാനം പൂത്തുലഞ്ഞേ... (ഏതോ ഒരു സ്വപനം)

 

കളകളം കായലോളങ്ങൾ... (ഈ ഗാനം മറക്കുമോ)

 

ഓർമ്മകളേ കൈവള ചാർത്തി... (പ്രതീക്ഷ)

English Summary:

Remembering Salil Chowdhury on his birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com