‘വിദേശഗായകർക്ക് ഇവിടെ വന്ന് എന്തുമാകാം, എന്റെ ഷോ പലർക്കും ദഹിക്കുന്നില്ല’; രൂക്ഷ വിമർശനവുമായി ഗായകൻ
Mail This Article
മദ്യത്തെയും ലഹരിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുതെന്ന് ആവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ നോട്ടിസ് അയച്ചതിനോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ ദില്‍ജിത്ത് ദോസഞ്ജ്. ഹൈദരാബാദിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഗായകന്റെ പരസ്യ പ്രതികരണം. മറ്റുരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇവിടേക്കു വരുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അനുവാദം നൽകുന്നു. എന്നാൽ സ്വന്തം രാജ്യത്തുള്ളയാൾ സംഗീതപരിപാടി അവതരിപ്പിക്കാനൊരുങ്ങുമ്പോൾ ആളുകൾക്ക് പലതരം പ്രശ്നങ്ങളാണെന്ന് ദിൽജിത്ത് തുറന്നടിച്ചു.
‘ചില വ്യക്തികൾക്ക് എന്റെ സംഗീത പരിപാടിയുടെ വലുപ്പം അത്രകണ്ട് ഇഷ്ടപ്പെട്ടിട്ടില്ല. ഇത്രയും വലിയ ഷോകൾ നടക്കുന്നുണ്ടെന്നും രണ്ട് മിനിറ്റിനുള്ളിൽ അവയുടെ ടിക്കറ്റുകൾ വിറ്റുപോകുന്നുവെന്നുമുള്ള കാര്യം ചിലർക്കു ദഹിച്ചിട്ടില്ല. ഒരുപാട് കാലമായി ഞാനീ മേഖലയിൽ പ്രവർത്തിക്കുന്നു. ഒറ്റ ദിവസംകൊണ്ട് പ്രശസ്തനായ ആളല്ല ഞാൻ’, ദില്‍ജിത്ത് ദോസഞ്ജ് പറഞ്ഞു. ഗായകന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ദില്‍ജിത്ത് അവതരിപ്പിക്കുന്ന ദില്‍-ലുമിനാണ്ടി സംഗീത പരിപാടി ഹൈദരാബാദില്‍ നടക്കാനിരിക്കെ ഏതാനും ദിവസങ്ങൾക്കു മുൻപാണ് തെലങ്കാന സർക്കാർ ചില നിബന്ധനകൾ കൊണ്ടുവന്നത്. നോട്ടിസ് ലഭിച്ചതിനു പിന്നാലെ വേദിയിൽ അവതരിപ്പിക്കേണ്ടിയിരുന്ന ചില പാട്ടുകളിലെ ലഹരിയെക്കുറിച്ചു പ്രതിപാദിക്കുന്ന വരികൾ ഗായകൻ മാറ്റിയിരുന്നു. തിരുത്തലുകൾക്കു ശേഷം പാട്ടുകൾ അവതരിപ്പിച്ചു. അതിനിടെയാണ് തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനം അഴിച്ചുവിട്ടത്.
ഇന്ത്യയിലെ 10 നഗരങ്ങളിലാണ് ദിൽജിത്തിന്റെ സംഗീതപരിപാടി അരങ്ങേറുന്നത്. ഒക്ടോബറിൽ ഡൽഹിയിൽ തുടങ്ങിയ സംഗീതപര്യടനം ഡിസംബർ അവസാനവാരത്തോടെ സമാപിക്കും.