ADVERTISEMENT

സിനിമക്ക് പാട്ടെഴുതണമെന്ന ആവശ്യവുമായി വീടിന്റെ പടി കയറിവന്ന യുവ സംവിധായകനോട് ഏറ്റുമാന്നൂർ സോമദാസൻ കൗതുകത്തോടെ ചോദിച്ചു: വയലാറും പി.ഭാസ്കരനും ഒഎൻവിയുമൊക്കെ ഉള്ളപ്പോൾ എന്തിന് ഞാൻ? സൗമ്യമായ ചിരിയായിരുന്നു മറുപടി. താങ്കളല്ലാതെ മറ്റാര് എന്നൊരു മറുചോദ്യമുണ്ടായിരുന്നില്ലേ അതിൽ? തീരുമാനിച്ചുറപ്പിച്ചു വരികയാണ് സംവിധായകൻ. ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു ഗാനത്തിന്റെ പിറവി ആ കൂടിക്കാഴ്ചയിൽ നിന്നാണ്: "ജീവനില്‍ ജീവന്റെ ജീവനില്‍, നിന്നെരിയുന്നു നിന്‍ മിഴികള്‍, നിറദീപങ്ങള്‍ പോലെ...''

ഇനി സംവിധായകന്റെ പേര് കൂടി അറിയുക: അടൂർ ഗോപാലകൃഷ്ണൻ. വർഷം 1966. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംവിധാനം പഠിച്ചിറങ്ങിയിട്ട് അധികമായിരുന്നില്ല അടൂർ. ആദ്യം ചെയ്യുന്ന ഫീച്ചർ ഫിലിം "കാമുകി." മധുവാണ് നായകൻ. ആ പടത്തിൽ പുതിയൊരു സഖ്യത്തെ ഗാനസൃഷ്ടിയുടെ ചുമതല ഏല്പിക്കണമെന്നായിരുന്നു അടൂരിന്റെ മോഹം. പാട്ടെഴുതുന്നത് സോമദാസൻ. സംഗീതസംവിധാനം നിർവഹിക്കുന്നത് ശിവൻ -- ശശി.

അദ്ഭുതം തോന്നാം. പാട്ടും നൃത്തവും പോലുള്ള കെട്ടുകാഴ്ചകൾ സിനിമയുടെ ഗൗരവ സ്വഭാവത്തിന് മങ്ങലേൽപ്പിക്കുമെന്ന് വിശ്വസിച്ച അടൂരിന്റെ കന്നിചിത്രത്തിൽ പാട്ടോ? യേശുദാസിന്റെ ശബ്ദത്തില്‍ പാട്ട് പാടുന്ന ഒരു "പൈങ്കിളി'' നായകനെ അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമയില്‍ സങ്കല്പിക്കാനാവില്ലല്ലോ നമുക്ക്. ചലച്ചിത്രത്തെ ഭാവഗീതത്തിന്റെ തലത്തിലേക്കുയര്‍ത്താന്‍ ഒരു പിന്നണിഗായകന്റെയും ആലാപനസൗകുമാര്യത്തിന്റെ പിന്തുണ വേണ്ടെന്നു തെളിയിച്ചുതന്നയാളാണ് വിഖ്യാതനായ ആ ചലച്ചിത്രകാരന്‍.

എന്നിട്ടും യേശുദാസ് അടൂരിന്റെ പടത്തിനു വേണ്ടി പാടി, ഒന്നല്ല രണ്ടു മനോഹര ഗാനങ്ങള്‍. വെളിച്ചം കാണാതെ പോയ അടൂരിന്റെ ആ അരങ്ങേറ്റചിത്രം ഇനിയുള്ള കാലത്ത് ഓര്‍ക്കപ്പെടുക ഒരുപക്ഷേ ആ പാട്ടുകളുടെ കൂടി പേരിലാകാം. അത്ര ശ്രദ്ധിക്കപ്പെടാതെ പോയ   മറ്റൊരു പടത്തിലൂടെ പില്‍ക്കാലത്ത് അവയ്ക്ക് ശാപമോക്ഷം ലഭിച്ചെങ്കിലും.

കൗതുകമുള്ള കഥയാണത്. പത്തിരുപത്തഞ്ചു വർഷം മുന്‍പ് യാദൃച്ഛികമായി കാതില്‍ വന്നുവീണ ഒരു ഈരടിയില്‍ നിന്ന് തുടങ്ങുന്നു ആ പാട്ടിന്റെ ചരിത്രം തേടിയുള്ള യാത്ര. അഭിരാമപുരത്തെ വീട്ടില്‍ ഇരുന്ന്‌ പ്രഭാ യേശുദാസ് മധുരമായി മൂളികേള്‍പ്പിച്ചു തന്ന ആ പല്ലവി ഇതാണ്: "ജീവനില്‍ ജീവന്റെ ജീവനില്‍, നിന്നെരിയുന്നു നിന്‍ മിഴികള്‍, നിറദീപങ്ങള്‍ പോലെ...'' പാടി നിര്‍ത്തിയ ശേഷം അവര്‍ പറഞ്ഞു -- ആത്മഗതമെന്നോണം: "ദാസേട്ടന്റെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണത്. ഏതാണ് പടം എന്നോര്‍ക്കുന്നില്ല. ചെറുപ്പത്തില്‍ കേട്ടതാണ്. മുന്‍പൊക്കെ ഗാനമേളകളില്‍ പാടിയിരുന്നു. ഇപ്പോള്‍ എവിടെയും കേള്‍ക്കാറില്ല..''

അദ്ഭുതം തോന്നി. അങ്ങനെയും ഒരു പാട്ടോ?  ഒറിജിനലിന് വേണ്ടിയുള്ള അലച്ചിലായിരുന്നു പിന്നെ. സാമാന്യം ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് തളിയിലെ സംഗീതപ്രേമിയായ ഒരു സ്വാമിയുടെ ശേഖരത്തില്‍ നിന്ന് "ജീവനില്‍ ജീവന്റെ ജീവനിൽ"‍ കയ്യില്‍ വന്നു ചേരുന്നു. 1978 ല്‍ പുറത്തു വന്ന "തീരങ്ങള്‍" എന്ന ചിത്രത്തിലെ പാട്ട്. യേശുദാസിന്റെ മന്ദ്രമധുരമായ ആലാപനം. രചന ഏറ്റുമാന്നൂര്‍ സോമദാസന്‍; സംഗീതം ശിവന്‍-ശശി. ദാസ്‌ തന്നെ പാടിയ മറ്റൊരു മനോഹര ഗാനം കൂടി ഉണ്ടായിരുന്നു അതേ ചിത്രത്തില്‍: "വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍...'' കുറച്ചു കാലം കൂടി കഴിഞ്ഞാണ് ഏറ്റുമാന്നൂർ സോമദാസനെ നേരിൽ കാണുന്നത്. അടൂരിന്റെ ആദ്യ ചിത്രമാകേണ്ടിയിരുന്ന "കാമുകി'"ക്ക് വേണ്ടി എഴുതിയവയായിരുന്നു ആ രണ്ടു പാട്ടുകളും എന്ന സത്യം പങ്കുവച്ചത് ഗാനരചയിതാവ് തന്നെ.  

വിശ്വസിക്കാൻ പ്രയാസം തോന്നാം. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയിൽ പ്രണയഗാനമോ? "അതൊരു വിധിനിയോഗമാണ്‌'' -- ദർശനം എന്ന് പേരുള്ള സ്വന്തം വീടിന്റെ പൂമുഖത്തെ ചൂരൽ കസേരയിൽ ഇരുന്ന് അടൂർ ആ കഥ വിവരിക്കുന്നു. "1965 ൽ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദാനന്തര ഡിപ്ലോമയുമായി പുറത്തുവന്ന ശേഷം നമ്മുടെ സങ്കൽപ്പങ്ങൾക്കൊത്ത  ഒരു പടം ചെയ്യണം എന്ന് മോഹിച്ചുവെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നില്ല. ആകെ ചെയ്യാൻ അവസരമുണ്ടായത്  കുറച്ചു ഡോക്യുമെന്ററികളാണ്. ഫീച്ചർ ഫിലിമിനായുള്ള  കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ ഒരു തരം ഫ്രസ്ട്രേഷൻ ബാധിച്ചു എന്നെ. എന്തെങ്കിലുമൊന്നു ചെയ്തേ പറ്റൂ എന്ന് മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്ന ഘട്ടം"

ആ സമയത്താണ് കുവൈറ്റിലെ ഒരു സുഹൃത്ത് സിനിമാ പ്രോജക്ടുമായി വരുന്നത്. ഫിലിം സൊസൈറ്റി ബന്ധമൊക്കെ ഉള്ള ആളാണ്‌. അന്നത്തെ നടപ്പ് രീതി അനുസരിച്ചു ആദ്യം പാട്ട് റെക്കോർഡ്‌ ചെയ്യുക, പിന്നീട് കുറച്ചു രംഗങ്ങൾ ഷൂട്ട്‌ ചെയ്തു വിതരണക്കാരെ കാണിക്കുക, അവരെ പ്രീണിപ്പിക്കുക ഇതൊക്കെയാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയം. വേറെ വഴിയില്ലാത്തതുകൊണ്ട് അതിനു വഴങ്ങിക്കൊടുക്കേണ്ടി വന്നു. അങ്ങനെയാണ് പുതിയൊരു സഖ്യത്തെ ഗാനങ്ങളുടെ ചുമതല ഏൽപ്പിക്കാൻ ആലോചിക്കുന്നത്...''

അടൂരുമായുള്ള ആദ്യ സമാഗമം ആ കൂടിക്കാഴ്ചയിൽ സോമദാസൻ ഓർത്തെടുത്തതിങ്ങനെ: "1966 ല്‍ ആണെന്നാണ്‌ ഓര്‍മ. മാന്നാറില്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഒരു ദിവസം ഗോപാലകൃഷ്ണനും സി.എന്‍.ശ്രീകണ്ഠന്‍ നായരും കുളത്തൂര്‍ ഭാസ്കരന്‍ നായരും കയറിവരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയും ഉണ്ടായിരുന്നോ എന്ന് സംശയം. ചിത്രലേഖയുടെ ആദ്യ പടം ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുകയാണ്. സി.എന്‍.ശ്രീകണ്ഠന്‍ നായരുടെ തിരക്കഥ. പാട്ടുകള്‍ ഞാന്‍ എഴുതിക്കൊടുക്കണം. അദ്ഭുതം തോന്നി. പി.ഭാസ്കരനും വയലാറും ഒക്കെ ഉള്ളപ്പോള്‍ എന്തിനു ഞാന്‍? എന്റെ ചോദ്യം അതായിരുന്നു.'' -- സോമദാസന്‍ ഓര്‍ത്ത്‌ ചിരിക്കുന്നു.

പക്ഷേ അടൂരിനും കൂട്ടര്‍ക്കും തെല്ലുമില്ലായിരുന്നു സംശയം. കൗമുദി വാരികയില്‍ സോമദാസന്‍ എഴിതിയിരുന്ന ഗാനങ്ങള്‍ അവര്‍  ശ്രദ്ധിച്ചിട്ടുണ്ട്. അവയില്‍ ചിലത്  വി.കെ.ശശിധരന്‍ ഈണമിട്ടു കേട്ടിട്ടുമുണ്ട്. "അറിയാതെ അറിയാതിന്നെന്തു കൊണ്ടോ അടയുകയാണെന്‍ മിഴികള്‍" എന്ന രചന സിനിമയില്‍ ഉപയോഗിക്കാനാകും വിധം മാറ്റി  എഴുതി തന്നാലും മതി എന്നായി സംവിധായകന്‍. ശ്രമിച്ചു നോക്കാം എന്ന് സോമദാസനും.  

പിറ്റേന്ന് കാലത്ത് തന്നെ കംപോസിങ്ങിനായി കവിയെ കൂട്ടിക്കൊണ്ടുപോകാന്‍ അടൂര്‍ എത്തി. സ്കൂട്ടറിലാണ് വരവ്. നേരെ നെടുമങ്ങാട് ടിബിയിലേക്ക് ചെല്ലുന്നു അവർ. സംഗീതസംവിധായകരായ ശിവൻ -- ശശി സഖ്യം കാത്തിരിക്കുന്നുണ്ടവിടെ; വി.കെ.ശശിധരനും കൊച്ചിക്കാരന്‍ പി.കെ.ശിവദാസും. രണ്ടു പേരും നാടകലോകത്ത് പേരെടുത്തു തുടങ്ങിയവര്‍. പ്രശസ്തമായ "പച്ചപ്പനംതത്തെ" ഉള്‍പ്പെടെ, "നമ്മളൊന്ന്" നാടകത്തിലെ ഗാനങ്ങള്‍  ബാബുരാജിനോപ്പം ചിട്ടപ്പെടുത്തിയ ഖ്യാതിയുമായാണ് ശിവദാസിന്റെ വരവ്. (പില്‍കാലത്ത് പി.ജെ.ആന്റണിയുടെ പെരിയാര്‍ എന്ന പടത്തില്‍ ബിന്ദു... ഒതുങ്ങിനില്പൂ നിന്നില്‍ ഒരുല്‍ക്കട ശോകത്തിന്‍ സിന്ധു എന്നൊരു ഗസല്‍ ശൈലിയിലുള്ള ഗാനം കൂടി ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ജയചന്ദ്രന്റെ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ക്ലാസ്സിക്‌)

"പാട്ടുകള്‍ ചെന്നൈയില്‍ വച്ചാണ് റെക്കോര്‍ഡ്‌ ചെയ്തത്. പക്ഷേ അവ ചിത്രീകരിക്കുകയുണ്ടായില്ല എന്നാണു എന്റെ ഓർമ,'' -- അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു

                                       

നാല് പാട്ടുകളാണ് "കാമുകി"ക്ക് വണ്ടി സോമദാസനും ശിവന്‍ -ശശിമാരും ചേര്‍ന്ന് സൃഷ്ടിച്ചത്. യേശുദാസിന് പുറമേ, എസ്.ജാനകി, സി.ഒ.ആന്റോ എന്നിവരുമുണ്ടായിരുന്നു പാട്ടുകാരായി. പാട്ടുകള്‍ റെക്കോർഡ് ചെയ്തെങ്കിലും പടം പൂര്‍ത്തിയായില്ല. കുറെ  പുതുമുഖങ്ങള്‍ക്കൊപ്പം മധുവും അടൂര്‍ ഭാസിയും ഒക്കെ അഭിനയിച്ച "കാമുകി" സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഇടയ്ക്കുവച്ച് മുടങ്ങുകയായിരുന്നു. 

പക്ഷേ കഥ അവിടെ തീര്‍ന്നില്ല. പത്തു വര്‍ഷത്തിനു ശേഷം അതേ തിരക്കഥ കാര്യമായ തിരുത്തലുകളോടെ "തീരങ്ങള്‍" എന്ന പേരില്‍ രാജീവ് നാഥ് സംവിധാനം ചെയ്തു പുറത്തിറക്കുന്നു. സോമനും ജയഭാരതിയും അഭിനയിച്ച ആ പടത്തില്‍, "കാമുകി"ക്ക് വേണ്ടി റെക്കോർഡ് ചെയ്ത യേശുദാസിന്റെ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ രാജീവ്നാഥ് മടിച്ചില്ല. ഇന്ന് ആ പടം നമ്മില്‍ അവശേഷിപ്പിക്കുന്നത് ഈ രണ്ടു പാട്ടുകളുടെ ഓര്‍മകള്‍ മാത്രം. 

English Summary:

Ettumanoor Somadasan musical journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com