ADVERTISEMENT

2008ൽ എറണാകുളം കതൃക്കടവിലുള്ള ഇടശ്ശേരി മാൻഷൻസിൽ വച്ച് 'മകന്റെ അച്ഛൻ' സിനിമയുടെ കമ്പോസിങ്ങിനിടെ എം.ജയചന്ദ്രനെ കാണുവാൻ സഹപ്രവർത്തകനും എനിക്ക് ജ്യേഷ്ഠതുല്യനുമായ ചന്തുവിനോടൊപ്പം ചെന്നപ്പോൾ അവിടെ വച്ചാണ് സൈനോജിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. സൗമ്യതയോടുകൂടി മാത്രം സംസാരിക്കുകയും ഇടപെടുകയും ചെയ്തിരുന്ന സൈനോജുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലുമായി.

ആ സൗഹൃദം വളരെ പെട്ടെന്ന് വലുതായി. ജയേട്ടനോടൊപ്പവും അല്ലാതെയും പിന്നീട് പല തവണ കൂടിക്കാണുകയും വീട്ടിൽ വരികയും സംഗീതസംബന്ധമായി ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്ന ആ കാലങ്ങൾ ഒരിക്കലും മറക്കാനുമാവില്ല. 

ഒബ്രോൺ മാളിലെ ഫുഡ് കോർട്ടിൽ ജയേട്ടനോടൊപ്പം ഞങ്ങളും ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ കുറെ ചെറുപ്പക്കാർ ജയേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ വന്ന സംഭവം അതിലെ ഏറ്റവും രസകരമായ ഒരു ഓർമയാണ്. ഫോട്ടോ എടുക്കുവാനായി അവർ എല്ലാവരും നിരന്നുനിന്ന്  ജയേട്ടനോടൊപ്പം പോസ് ചെയ്തപ്പോൾ ഞാൻ എന്റെ മൊബൈലിൽ ആ ഫോട്ടോ എടുത്തെങ്കിലും തിരക്കിനിടെ അവരുടെ ഫോണിൽ ആരും  ഫോട്ടോ എടുത്തിരുന്നില്ല. നന്ദിയും പറഞ്ഞ് എല്ലാവരും പിരിഞ്ഞതിനു ശേഷമാണ് ആ ഫോട്ടോ അവരുടെയാരുടെയും കയ്യിൽ ഇല്ലെന്നത് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ആ ഫോട്ടോ അയയ്ക്കാൻ ബ്ലൂടൂത്ത് മാത്രമായിരുന്നു അന്നത്തെ ആശ്രയം. ആരുടെ ഫോണിലാണ് ഫോട്ടോയെടുത്തത് എന്നറിയാതെ അവർ പരസ്പരം പഴിചാരിയിട്ടുണ്ടാവും എന്നോർത്ത് ഞാനും സൈനോജൂം ചിരിച്ചു. പിന്നീട് ഇടയ്ക്കൊക്കെ ആ ഫോട്ടോ അവർക്ക് കൊടുത്തോ എന്ന് സൈനോജ് തമാശയ്ക്കു ചോദിക്കുമായിരുന്നു. 

'എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്' റേഡിയോയിൽ എക്‌സ്‌ക്ല്യൂസീവ് പോയപ്പോഴും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുകയുമൊക്കെ ചെയ്‌തപ്പോൾ സൈനോജിനോളം ഞാനും സന്തോഷിച്ചു. യുവതയുടെ ഒരു വസന്തം മലയാളസിനിമയിൽ സജീവമായിത്തുടങ്ങിയിരുന്ന ആ സമയത്തു സൈനോജിന്റെ യുവസ്വരത്തിന് പുതിയ അവസരങ്ങൾ ധാരാളമായി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും അവനോടു പറയുകയും ചെയ്തു. ആ പാട്ടിന്റെ വിജയലഹരിയിൽ നിൽക്കുമ്പോഴായിരുന്നു അവന്റെ മരണവും. 

മരണത്തിന് ഏതാനും നാളുകൾക്കു മുൻപ് ദുബായിൽ ഒരു പ്രോഗാമിനു സൈനോജ് പോയിരുന്നു. ശ്വേതാ മോഹനും ആ പ്രോഗ്രാമിലുണ്ടായിരുന്നെന്നാണ് എന്റെ ഓർമ. പ്രോഗ്രാം കഴിഞ്ഞെത്തിയിട്ട് ഒരു തവണയാണ് ഫോണിൽ സംസാരിക്കാൻ പറ്റിയത്. ചെറിയ പനിയുണ്ട്, കുറവായിട്ട് എറണാകുളത്തെത്തുമ്പോൾ കാണാം എന്നും പറഞ്ഞാണ് ഫോൺ വച്ചതും. 

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൈനോജ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ ട്രസ്റ്റിൽ അഡ്മിറ്റാണെന്നും പ്രാർഥിക്കണമെന്നും പറഞ്ഞ്  ജിസ് ജോയ് വിളിച്ചപ്പോഴാണ് ഞാൻ സൈനോജിന്റെ അസുഖവിവരം അറിഞ്ഞത്. (ജിസ് ജോയിയും സൈനോജൂം സ്വകാര്യ ചാനലിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു) തൊട്ടുപിന്നാലെ തന്നെ എറണാകുളത്തെത്തിയ ജയേട്ടനോടൊപ്പം ആശുപത്രിയിലെത്തി സൈനോജിന്റെ സഹോദരനെ കണ്ടപ്പോൾ സൈനോജിന്റെ മടങ്ങിവരവിനുള്ള സാധ്യത കുറവാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. 

ചില കാര്യങ്ങൾ ഓർമയിൽ ഒരിക്കലും മായാതെ നിൽക്കുന്നത് അത് സംഭവിച്ച സാഹചര്യവും അതിന്റെ തീവ്രതയും കൊണ്ട് മാത്രമായിരിക്കണം. അതെത്രത്തോളം മറ്റുള്ളവരോടു പറയാൻ കഴിയുമെന്നറിയില്ല. 

ആശുപത്രിയിൽ നിന്നും തിരികെ താമസിക്കുന്ന ഹോട്ടലിലേക്കു ജയേട്ടൻ മടങ്ങിയപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. 'സൈനോജ് ഇനിയില്ല' എന്ന വാർത്ത ആ യാത്രയ്ക്കിടയിൽ ഞങ്ങളെ തേടിയെത്തി. റൂമിലെത്തി തിരികെ സൈനോജിന്റെ അടുത്തേക്ക് പോകുവാനുള്ള ഒരുക്കങ്ങൾക്കിടയിൽ മരണത്തിന്റെ മരവിപ്പുള്ള തികച്ചും അപരിചിതമായ ഒരു മൗനം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു. അതിൽ നിന്നൊരു വ്യതിചലനത്തിനായി ഞാൻ മ്യൂട്ടായിരുന്ന ടീവിയിലേക്ക് ശ്രദ്ധ തിരിച്ചു. ചാനലിൽ 'പിന്നണിഗായകൻ സൈനോജ് അന്തരിച്ചു' എന്ന വാർത്ത സ്ക്രോളായി ഒഴുകി നീങ്ങുന്നത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ടീപ്പോയിലിരുന്ന ജയേട്ടന്റെ ഫോൺ റിങ് ചെയ്യുന്നത്. ടീവി സ്ക്രീനിൽ 'സൈനോജ് അന്തരിച്ചു' വാർത്തയോടൊപ്പം ജയേട്ടന്റെ ഫോൺ സ്‌ക്രീനിൽ 'Sainoj Calling' എന്ന് തെളിഞ്ഞുവന്ന ആ നിമിഷം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. സൈനോജിന്റെ മരണവിവരം അറിയിച്ചുകൊണ്ട് സഹോദരൻ വിളിച്ച കോളായിരുന്നു അത്.  

ആശുപത്രിയിലെത്തി ഐസിയുവിൽ നിന്നും സൈനോജിനെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ അവൻ മരിച്ചതെങ്ങനെയാണെന്ന് അവൻ അറിഞ്ഞിട്ടുണ്ടാവില്ലല്ലോ എന്ന വിചിത്രമായ ചിന്തയായിരുന്നു എന്റെ മനസ്സ് നിറയെ. (ബോധം നഷ്ടപ്പെടുന്നത് വരെ തനിക്കു അർബുദം ബാധിച്ച കാര്യം സൈനോജ് അറിഞ്ഞിട്ടില്ലായെന്ന കാര്യം എനിക്കറിയാമായിരുന്നു). സൈനോജിനെ കൊണ്ടു പോകുന്ന ആംബുലൻസിന്റെ പിന്നാലെ പോകാനായി വണ്ടിയിലിരിക്കുമ്പോൾ ആശുപത്രിയുടെ വെളിയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന ഗായിക മഞ്ജു മേനോന്റെ മുഖവും ഇന്നും ഓർമയിലുണ്ട്. വഴിയിലുടനീളം ജയേട്ടൻ തന്റെ അനിയനെപ്പോലെ കൂടെനടന്നിരുന്ന സൈനോജിനെക്കുറിച്ചു വേദനയോടെ പറഞ്ഞുകൊണ്ടേയിരുന്നു. 

നിലയ്ക്കാത്ത നിലവിളികളുടെയിടയിലേക്ക് സൈനോജിന്റെ മൃതശരീരവുമായി അവന്റെ വീട്ടിലേക്കു ചെന്നു കയറിയതും പിന്നീടവിടെ സമയദൂരമളന്ന് ചെലവഴിച്ച രാത്രിയും അവനെ കാണാനായി അവിടെയെത്തിയ അവന്റെ സംഗീതകുടുംബാംഗങ്ങളെയുമൊക്കെ ഒരിക്കലും മറക്കാൻ കഴിയില്ല. ഒരുപാട് വൈകിയാണ് അവിടെ നിന്നും മടങ്ങിയത്. 

ആദ്യമായി ഞാൻ സൈനോജിനെ കാണുമ്പോൾ കൂടെയുണ്ടായിരുന്ന ചന്തുവിനോടൊപ്പമാണ് അവസാനമായും അവനെ കാണുവാൻ പിറ്റേന്ന് പോയത്. നിറയെ പൂക്കൾ വിതറിയിരുന്ന തണുത്തുറഞ്ഞ മഞ്ചത്തിൽ അവൻ കിടക്കുന്നതു കണ്ടപ്പോൾ അവൻ പാടിയ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിക്കുന്നതീ നാട്ടിൽ' എന്ന പാട്ട് എന്റെ ഓർമയിൽ വരുന്നുവെന്ന് ചന്തുവിനോടു ഞാൻ പറഞ്ഞു. 

ചടങ്ങുകൾ കഴിഞ്ഞ് തിരികെ ഓഫിസിലെത്തിയപ്പോൾ (റേഡിയോ മംഗോ) ഒട്ടും പ്രതീക്ഷിക്കാതെ ഓൺ എയറിൽ 'എനിക്ക് പാടാനൊരു പാട്ട്' പൊയ്ക്കൊണ്ടിരുന്നു.. ആദ്യമായി ആ പാട്ട് എന്നെ വല്ലാതെ വേദനിപ്പിച്ചു. 'ആ പാട്ട് തൽക്കാലത്തേക്ക് പ്രക്ഷേപണം ചെയ്യാതെ മാറ്റിവച്ചോട്ടെ' എന്ന് ചോദിച്ചുകൊണ്ട് പ്രോഗ്രാം ഡയറക്ടറുടെ മുറിയിലേക്കു ഞാൻ കയറി. സങ്കടം കൊണ്ട് ആകെ അസ്വസ്ഥനായിരിക്കുന്ന എന്നോട് രവിസാർ അന്ന് പറഞ്ഞ വാക്കുകൾ എന്റെ കരിയറിൽ എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന വാചകങ്ങളിലൊന്നാണ്. 

‘സൈനോജ് ഇനി ഭൂമിയിലില്ല. എങ്കിലും സൈനോജിന്റെ ശബ്ദത്തെ എക്കാലവും സജീവമാക്കി നിർത്താൻ നീ ഇവിടെയുള്ളിടത്തോളം നിനക്ക് കഴിയും. നിന്റെ ജോലിയുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും വിലയും അതാണ്. അത് മനസ്സിലാക്കി നീ സ്വയം തീരുമാനിക്കുക’.

'എനിക്ക് പാടാനൊരു പാട്ട്' ഇന്നും റേഡിയോയിൽ ഉണ്ട്. 

ആ പാട്ട് കേൾക്കുമ്പോൾ ഇപ്പോൾ ഞാൻ സങ്കടപ്പെടാറില്ല. കാരണം ഏറ്റവും സന്തോഷവാനായിരിക്കുമ്പോഴാണ് സൈനോജ് ഇവിടെ നിന്നും യാത്രയായതെന്ന് ഞാൻ കരുതുന്നു. തനിക്ക് ബാധിച്ച മാരകരോഗമോ അതിന്റെ വേദനകളോ അധികമറിയാതെ പോയ സൈനോജിനെ പിന്നീട് ഒരിക്കൽക്കൂടി മാത്രം ഞാൻ സ്വപ്നത്തിലും കണ്ടു - അതേ ശാന്തതയോടെ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com