ADVERTISEMENT

ജനപ്രിയവും അതോടൊപ്പം വാണിജ്യമൂല്യവുള്ള കലാരൂപമെന്ന നിലയിൽ സിനിമയ്ക്കുള്ള പ്രാധാന്യം ചരിത്രത്തിൽ അവശ്യമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്. സിനിമകൾ, അവയുടെ പിന്നണികൾ, അതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, പാട്ടുകൾ എന്നിങ്ങനെ പരാമർശവിധേയമാകാവുന്ന നിരവധി കാര്യങ്ങൾ ചരിത്രത്താളുകളിൽ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭാഗ്യത്തിന് മലയാളഭാഷയിൽ അതിനുള്ള ഒരുപാട് പരിശ്രമങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. അപൂർണമാണെങ്കിലും ലഭ്യമായ പാട്ടുകളും സിനിമകളും കൃത്യമായി ശേഖരിച്ചിച്ച് സൂക്ഷിച്ചിരിക്കുന്ന പല വ്യക്തികളുമുണ്ട്. പക്ഷേ ഒരുപാട് സമയവും പണവും ചിലവഴിക്കപ്പെട്ടിട്ടുള്ള ആ ശേഖരങ്ങൾ ആരുടെയെങ്കിലും കൗതുകം തീർക്കുവാൻ മാത്രമായി പങ്കുവയ്ക്കുവാൻ മിക്കവരും തയ്യാറല്ല. എങ്കിലും അവയെല്ലാം അവരുടെ കാലശേഷം ആക്രിക്കടകളിലേക്കു കുടിയേറിയേക്കുമോ എന്നൊരാശങ്കയും പലരിലുമുണ്ട്. അതേ ചിന്തകളോടെത്തന്നെ ജീവിക്കുന്നൊരു വ്യക്തിയായതിനാൽ ആ ആശങ്ക അസ്ഥാനത്തല്ല എന്ന് കൃത്യമായി എനിക്കും അറിയാവുന്നതുമാണ്. 

സിനിമകളും സിനിമാപ്പാട്ടുകളും വരുന്നതിനു മുമ്പുതന്നെ നമ്മുടെ ഭാഷയിലുള്ള പാട്ടുകൾ ഗ്രാമഫോൺ റെക്കോർഡുകളായി പുറത്തിറങ്ങിയിരുന്നു. മൈക്കിൾ കിന്നിയെർ എന്നൊരു വിദേശഗവേഷകനാണ് നൂറ് വർഷങ്ങൾക്കടുത്തുമാത്രം പഴക്കമുള്ള ആ ഗ്രാമഫോൺ രേഖകളുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് അദ്ഭുതം. ആ ചരിത്രമനുസരിച്ച്  മലയാളത്തിലെ ആദ്യകാലഗായകർ ടി.സി.നാരായണിയമ്മ, അപ്പുണ്ണി മേനോൻ, ഗുൽ മുഹമ്മദ്, എറണാകുളം റോസ എന്നിങ്ങനെയുള്ള പലരുമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിൽ മിക്കവരുടെയും ചിത്രമോ മറ്റു വിവരങ്ങളോ ഇന്നും ലഭ്യമല്ല. എങ്കിലും അവർ പാടിയ പല പാട്ടുകളും പലരുടെ കൈകളിലായിട്ടാണെങ്കിലും കേൾക്കാൻ കഴിയുന്നതാണ്. 

cassette4

പക്ഷേ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകൃതമാകുന്നതിനു മുൻപ് തന്നെ വന്നിട്ടുള്ള ആ റെക്കോർഡുകളിൽ ചിലതിലെല്ലാം തമിഴിലും മലയാളത്തിലും ഡീറ്റെയിൽസ് രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. 1940ൽ പുറത്തിറങ്ങിയ മലയാളസിനിമയുടെ ആദ്യത്തെ ഗ്രാമഫോൺ റെക്കോർഡായ 'ജ്ഞാനാംബിക'യുടെ റെക്കോർഡുകളിലും തമിഴിൽ വിവരങ്ങൾ ഉണ്ടായിരുന്നു. (പാട്ടുകൾ റെക്കോർഡ് രൂപത്തിൽ പുറത്തിറങ്ങിയിട്ടില്ലാത്ത മലയാളത്തിലെ ആദ്യശബ്ദചിത്രമായ 'ബാലനി'ലെ പാട്ടുകൾ തമിഴ് ഭാഷയിലാണ് പാട്ടുപുസ്തകമായി പുറത്തിറങ്ങിയത് എന്നും കൂട്ടിവായിക്കാവുന്നതാണ്) 

പക്ഷേ റെക്കോർഡുകളും കസെറ്റുകളുമൊക്കെ സർവസാധാരണമായിത്തുടങ്ങിയപ്പോൾ അവയുടെ പ്രാധാന്യം നഷ്ടപ്പെട്ടെന്നു തോന്നുന്നു. ഇപ്പോഴാണെങ്കിൽ പുതിയ സിനിമകളുടെ കസെറ്റോ സിഡിയോ പുറത്തിറങ്ങുന്നുപോലുമില്ല. 

മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ ഓഡിയോ കസെറ്റിന്റെ ചരിത്രത്തിനു പോലും കൃത്യമായ രേഖകളില്ലെന്നതാണ് വിചിത്രം. അൻപത് വർഷം പോലും പഴക്കമില്ലാത്തൊരു ചരിത്രത്തിന്റെ കാര്യമാണിത്! 

കസെറ്റുകളും റെക്കോർഡുകളും ശേഖരിക്കുന്ന പലരുരോടും ഇതിനെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ആർക്കും വ്യക്തമായി ഒരു മറുപടി തരാൻ കഴിഞ്ഞിരുന്നില്ല. 

പാട്ടുകളുടെ ചരിത്രാന്വേഷകനും സുഹൃത്തുമായ നന്ദകുമാർ ഏതാനും നാളുകൾക്ക് മുൻപ് കണ്ടെത്തിയ ഒരു പഴയ പത്രത്താളിൽ നിന്നും ഇതിനെക്കുറിച്ചുള്ള ഒരു ധാരണ ഉണ്ടായി. 1983 മാർച്ച് ആറാം തീയതിയിലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഗാനരചയിതാവായ ആർ.കെ.ദാമോദരൻ എഴുതിയ കസെറ്റുകളെക്കുറിച്ചുള്ള ലേഖനത്തിൽ മലയാളത്തിൽ ആദ്യം ഇറങ്ങിയ കസെറ്റിനെപ്പറ്റിയുള്ള ഒരു പരാമർശമുണ്ട്. 

തൃശൂർ രൂപതയുടെ കീഴിലുള്ള 'കലാസദൻ' 1979 ൽ പുറത്തിറക്കിയ ക്രിസ്തീയ ഭക്തിഗാനങ്ങൾ ആണ് മലയാളത്തിലെ ആദ്യത്തെ ഓഡിയോ കസെറ്റ് എന്നാണ് അതിൽ കുറിച്ചിരിക്കുന്നത്. അതിൽത്തന്നെ കലാസദൻ 'അങ്ങനെ അവകാശപ്പെടുന്നു' എന്നും പറയുന്നുണ്ട്. ആ കസെറ്റ് സ്വകാര്യവിപണിയിലാണ് ലഭ്യമായിരുന്നതെന്നും പിന്നീട് 'കൊച്ചിൻ കോറസ്' പുറത്തിറക്കിയ അയ്യപ്പഭക്തിഗാനകസെറ്റ് ആണ് പൊതുവിപണിയിൽ എത്തിയ ആദ്യത്തെ കസെറ്റ് എന്നും അതിൽ കാണുന്നു. 

അത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കുറച്ചുനാളുകൾക്ക് മുമ്പ് തൃശ്ശൂരിൽ പഴയ സാധനങ്ങൾ വിൽക്കുന്ന ഒരു വ്യാപാരിയുടെ കയ്യിൽ നിന്നും കുറേ കസെറ്റുകൾ വാങ്ങിയതിൽ കലാസദൻ ഇറക്കിയ മൂന്ന് കസെറ്റുകൾ ഉണ്ടെന്നുള്ള കാര്യം ഓർമ വന്നത് അതിൽ 'ആദ്യം റിലീസായത്' എന്നവകാശപ്പെടുന്ന കസെറ്റും ഉണ്ടായിരുന്നു! 

cassette2

വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത സോണിയുടെ കസെറ്റിൽ ആയിരുന്നു അതിലെ പാട്ടുകൾ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. ആ കസെറ്റിലെ ഏതാനും ഗാനങ്ങളും തൊട്ടടുത്ത വർഷം റിലീസ് ചെയ്ത രണ്ടാമത്തെ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ കസെറ്റിലെ ഏതാനും ഗാനങ്ങളും ചേർത്ത് 1982 ൽ കലാസദൻ 'പുലരി' എന്ന പേരിൽ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ Long Play Vinyl റെക്കോർഡ് HMVയിലൂടെ റിലീസ് ചെയ്തതും അങ്ങനെ മനസ്സിലായി. വൈനൽ റെക്കോർഡിനു വേണ്ടി പാട്ടുകൾ പിന്നീട് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം റെക്കോർഡിലെ ഗായകർ എല്ലാം HMV യുടെ ആർട്ടിസ്റ്റുകളാണ്. കസെറ്റിലും റെക്കോർഡിലും പൊതുവായ ഒരു ശബ്ദം ജെൻസിയുടെ മാത്രമായിരുന്നു. 'പുലരി'യുടെ ഓഡിയോ കസെറ്റും EMI ആ സമയത്തു റിലീസ് ചെയ്തിരുന്നു. 

നിലവിലുള്ള അറിവനുസരിച്ച് മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സിനിമാഗാനങ്ങളുടെ കസെറ്റ് EMI 1980 ൽ റിലീസ് ചെയ്ത 'തെരുവ് ഗീതം' & 'കായലും കയറും' എന്നീ ചിത്രങ്ങളുടെ കോമ്പിനേഷൻ കസെറ്റ് ആയിരിക്കണം. EMI യുടെ കമ്പനി കാറ്റലോഗിൽ നിന്നാണ് ഇങ്ങനെ ഒരു വിവരം അറിയാവുന്നത്. അറിയാവുന്ന ആരുടെയും കൈവശം ഈ കസെറ്റ് കണ്ടിട്ടില്ല. 

സിനിമാഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കാസറ്റുകളുടെ സജീവകാലത്ത് അവസാനം ഇറങ്ങിയ കസെറ്റ് ഏതാണെന്ന് മ്യൂസിക് കമ്പനികൾക്ക് പോലും ധാരണയില്ല. ('ഹൃദയം' സിനിമയുടെ കസെറ്റ് 2022ൽ റിലീസ് ചെയ്തത് ഒരു സ്പെഷ്യൽ റിലീസായിട്ടാണ്. 2009 -2010 കാലഘട്ടത്തിലാണ് കസെറ്റുകളുടെ പ്രയാണം അവസാനിക്കുന്നത്)

cassette3

അതുപോലെ തന്നെ മലയാള ഭാഷയിൽ പുറത്തിറങ്ങിയ ആദ്യത്തെ ഓഡിയോസിഡി ഏതാണെന്നും റിലീസ് ആയ വർഷം ഏതാണെന്നും എവിടെയും പരാമർശിച്ച്‌ കാണാറില്ല. റെക്കോർഡുകൾക്കോ കസെറ്റുകൾക്കോ നല്കപ്പെടുന്ന പ്രാധാന്യം സിഡികൾക്ക് ഇപ്പോൾ ഇല്ലാത്തത്, അവയെ 'പുരാവസ്തു'വായി പരിഗണിക്കാത്തതുകൊണ്ടാവാം. 

ഏറെക്കാലമായി സിഡികൾ വാങ്ങുകയും കേൾക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലും അടുത്ത കാലത്താണ് ഈ കാര്യം എന്റെ ശ്രദ്ധയിൽ വരുന്നത്. 90കളുടെ തുടക്കം മുതൽതന്നെ ഓഡിയോസിഡികൾ പ്രചാരത്തിലുണ്ടെങ്കിലും അവയുടെ ഉയർന്ന വില മൂലം സാധാരണക്കാരായ സംഗീതാസ്വാദകർക്ക് അവ അപ്രാപ്യമായിരുന്നു. 1991 ൽ ഒരുഗ്രാം സ്വർണ്ണത്തിന് 340 രൂപാവിലയുള്ളപ്പോൾ ഒരു ഓഡിയോസിഡിയ്ക്ക് 360 രൂപയായിരുന്നു വില!

1989 ൽ EMl ഇംഗ്ലണ്ടിൽ റിലീസ്‌ ചെയ്ത 'Mellifluous Melodies - KJ Yesudas' എന്ന സിഡിയാണ് ഇതുവരെയുള്ള അറിവുകൾ വച്ച് ആദ്യത്തെ മലയാളം ഓഡിയോസിഡി. ഇതോടൊപ്പം തന്നെ 'Scintillating Hits - KJ Yesudas' എന്ന സിഡി കൂടി റിലീസ് ചെയ്തിരുന്നു. അവയുടെ EMl കേറ്റലോഗ് നമ്പർ യഥാക്രമം CDF 148701/ 148702 എന്നിങ്ങനെയാണ്. യേശുദാസ് പാടിയ പ്രശസ്തമായ നാല്പത് മലയാളസിനിമാഗാനങ്ങൾ രണ്ട് സിഡികളിലുമായി ഉൾക്കൊള്ളിച്ചിരുന്നു.

പിൽക്കാലത്ത്‌ ഇതേ സിഡികളുടെ ഇൻഡ്യൻപതിപ്പുകൾ HMV വിപണിയിൽ എത്തിച്ചിട്ടുണ്ട്. അവയിലെല്ലാം Made in India എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

cassette1

ചരിത്രത്തെക്കാളും ഐതിഹ്യത്തിന് പ്രാധാന്യം തോന്നുന്ന ഈ കാലത്ത് വിരൽത്തുമ്പിലെ എണ്ണമറ്റ പാട്ടുകളിൽ പരതിക്കൊണ്ടിരിക്കുമ്പോൾ ആദ്യത്തിനും അവസാനത്തിനുമൊന്നും ചിലപ്പോൾ പ്രസക്തി തോന്നില്ലായിരിക്കും. പക്ഷേ 'ആദ്യ'ങ്ങൾക്കും പിന്നിൽ വലിയൊരു ചരിത്രമുണ്ടാകുമെന്നുറപ്പാണ്.

English Summary:

Memories of the very first Cassette and CD in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com