വിനായകിന്റെ വരികൾ പാടി സൂരജ് സന്തോഷ്, ‘സൂക്ഷ്മദര്‍ശിനി’യിലെ പാട്ട് ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി.ജിതിൻ സംവിധാനം ചെയ്ത ‘സൂക്ഷ്മദര്‍ശിനി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പ്രിയ ലോകമേ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. ക്രിസ്റ്റോ സേവ്യർ ഈണമൊരുക്കിയ ഗാനം സൂരജ് സന്തോഷ് ആലപിച്ചു.
‘പ്രിയ ലോകമേ’ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘ദുരൂഹ മന്ദഹാസമേ’ എന്നു തുടങ്ങുന്ന പ്രമോ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹാപ്പി ഹവേർസ് എന്റർടെയ്ൻമെന്റ്സിന്റേയും എവിഎ പ്രൊഡക്ഷൻസിന്റെന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേര്‍ന്നു നിർമിച്ച ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. ലിബിനും അതുലും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. ശരൺ വേലായുധൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: ചമൻ ചാക്കോ.
ദീപക് പറമ്പോല്‍, സിദ്ധാർഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘സൂക്ഷ്മദര്‍ശിനി’.