ADVERTISEMENT

കോലശ്രീ നാട്ടിൽ മേളാങ്കം നടക്കുന്നു! ഉള്ളിലിരമ്പിയ ആഹ്ലാദാരവങ്ങളെ ഇരട്ടിപ്പിച്ചു കൊണ്ട് മറ്റൊരു വിശേഷം കൂടി പിന്നാലെയെത്തി - ആ മഹാ ഉത്സവത്തിന്റെ ഭാഗമായി ഒരു ആനപ്പോരും ഉണ്ടാവും. വിജയിയാകുന്ന ധീരന് കോലശ്രീ നാടിന്റെ ഐശ്വര്യമായ രാജകുമാരി കുഞ്ഞിക്കന്നിയെ വേളി കഴിച്ചു കൊടുക്കുമത്രെ! അതീവ സൗന്ദര്യത്തിന്റെ അഭൗമ തേജസ്സായ ആ യൗവനാംഗിയുടെ ദർശനം പോലും മഹാപുണ്യമെന്നു കരുതുന്ന യുവ വീരൻമാരിൽ പലരും പോരിനൊരുങ്ങാൻ പിന്നെ വൈകിയില്ല. പുത്തൂരം വീട്ടിലെ ഇളംമുറക്കാരൻ  ആരോമലുണ്ണിക്കും കേട്ടറിഞ്ഞ സൗന്ദര്യത്തെ സ്വന്തമാക്കണമെന്ന ആശ കലശലായി. പതിമൂന്നാം വയസ്സിലേ ചതിയൻ ചന്തുവിന്റെ തലയെടുത്ത് കടത്തനാടൻ കളരിക്കരുത്തിന്റെ കണക്കുറപ്പിച്ച വീരനല്ലേ.... ഒപ്പം, പെൺ വീറിന്റെ അങ്കച്ചേല് ഉണ്ണിയാർച്ചയുടെ നേർ പുത്രനും.....  മാറ്റുരയ്ക്കാൻ പിന്നെ മനംതുടിക്കാതെ വരുമോ?

കുഞ്ഞിക്കന്നിയെ സ്വന്തമാക്കാനുറപ്പിച്ച ആരോമലുണ്ണി അങ്ങേയറ്റം സന്തോഷത്തിലാണ്. മച്ചുനൻ കണ്ണപ്പനുണ്ണിയും സഹായിയായ പാണനുമൊപ്പം കോലശ്രീ നാട്ടിലേക്കു തിരിച്ച ആരോമലുണ്ണിയിൽ ആ സന്തോഷം പ്രകടവുമാണ്. ചെങ്കുളത്താറിന്റെ ഓളപ്പരപ്പിനുമീതേ വഞ്ചിയേറിപ്പോകുന്ന അവരുടെ സന്തോഷത്തെ കുറിയ്ക്കാൻ പറ്റിയ പാട്ടാണ് വേണ്ടതെന്നു കഥയൊരുക്കിയ ശാരംഗപാണി പറയുമ്പോൾ പാട്ടൊപ്പം കാലത്തെ കൊരുത്ത വയലാറിനെ തേടി വരികളെത്തിക്കഴിഞ്ഞിരുന്നു. വടക്കൻ പാട്ടുകളിലധികവും സിനിമയാക്കാൻ തിരക്കഥ രചിച്ച ശാരംഗപാണിക്ക് പാട്ടെഴുത്തിന്റെ ആ തലപ്പൊക്കത്തിനോട് അന്ന് പറയാനുണ്ടായിരുന്നത് ഒന്നു മാത്രം - വരികളിൽ കടത്തനാടൻ വഴക്കം ആവോളം ഉണ്ടാകണം!

കഥയുടെ കാമ്പറിഞ്ഞ് കഥാഗതിക്കൊപ്പമോടുന്ന ആ തൂലിക പ്രിയ ചങ്ങാതിയുടെ ഇഷ്ടങ്ങളിലേക്ക് കച്ചമുറുക്കി എഴുത്തിന്റെ തട്ടകമേറി. വാക്കുകളുടെ മേളാങ്കത്തിന് പിന്നെ വൈകിയില്ല.... "മുത്തുമണി പളുങ്കു വെള്ളം, പുഴയിലെന്റെ കൊത്തുപണി കരിമ്പു വള്ളം........"

പറഞ്ഞുവന്ന കഥയുടെ പറയാൻ ശേഷിക്കുന്ന ഏടുകളെ സ്വന്തം ശൈലികൊണ്ട് പൂരിപ്പിക്കുന്ന വയലാർ എന്ന മഹാദ്ഭുതത്തിനു വടക്കൻ പാട്ടുകളോട് സ്വതവേ നല്ല കമ്പമായിരുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് ഏറ്റവും കൂടുതൽ സിനിമ ഒരുക്കിയിട്ടുള്ള ഉദയായുടെ രജതജൂബിലി ചിത്രം കൂടിയായ ആരോമലുണ്ണി (1972)ക്ക് പാട്ടെഴുതാൻ ഒരു പ്രത്യേക ഉത്സാഹവും ഉണ്ടായിരുന്നു അന്ന് എഴുത്തുകാരന്. അതുകൊണ്ടാവണം കോലശ്രീ നാട്ടിലെ കോവിലകത്തമ്മയെ താലി കെട്ടി കൊണ്ടുവരാൻ കരിമ്പു വള്ളമേറി നായകൻ പോകട്ടെയെന്ന് തീരുമാനിച്ചത്! കൊതുമ്പു വള്ളവും ചുണ്ടൻവള്ളവും കേട്ടുതഴമ്പിച്ചവർക്ക് കരിമ്പുവള്ളം അങ്ങനെ പുത്തൻ അനുഭവമായി.

ആനപ്പോരിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ആരോമലുണ്ണി പോരിൽ ജയിച്ച് സ്വന്തമാക്കാൻ പോകുന്ന സൗന്ദര്യധാമത്തെയോർത്ത് വലിയ സന്തോഷത്തിലാണ്. നായകന്റെ ശരീരഭാഷയിലും സിനിമയിലെ ദൃശ്യസങ്കേതങ്ങളിലും ആ സന്തോഷത്തിന്റെ പ്രതിഫലനം ഉണ്ടാകേണ്ടതുണ്ട്. ഭാവാഭിനയത്തിന്റെ ചക്രവർത്തി, പ്രേംനസീറാണ് ആരോമലുണ്ണിയായി അരങ്ങുണർത്തുന്നത്. ഇതിനോടകം വടക്കൻ പാട്ടുകളെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങിക്കഴിഞ്ഞ മിക്ക സിനിമകളിലേയും നസീർ വേഷങ്ങളുടെ ജനസമ്മതി നിർമാതാവായ കുഞ്ചാക്കോയേയും വല്ലാതെ അദ്ഭുതപ്പെടുത്തിയിരുന്നു. ആരോമലുണ്ണിയുടെ സംവിധായകൻ കൂടിയായ കുഞ്ചാക്കോ ആ പ്രേക്ഷകഹിതം മാനിച്ച് ഇത്തവണ ഇരട്ട വേഷങ്ങൾ ഒരുക്കിയാണ് നസീറിനെ വെള്ളിവെളിച്ചത്തിലേക്ക് ആനയിച്ചത്.

"ചെങ്കുളത്താറ്റിൽ ചുരിക കൊണ്ടെറിയുന്നോരങ്കച്ചേകവരേ......." ഗ്രാമീണതയുടെ പകരം വയ്ക്കാനില്ലാത്ത സൗന്ദര്യത്തെ വരികളിൽ പകർത്തിവെയ്ക്കാനുള്ള വയലാർ വിരുതിനെ കാലം എത്രയോവട്ടം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. നായകന്റെ മനോഗതം വരികളിൽ പ്രതിഫലിപ്പിക്കാനുള്ള തന്ത്രം അനുപല്ലവിയെ ഹൃദ്യമാക്കിയെന്നത് പറയാതെ തരമില്ല. വെയിൽ വെട്ടത്തിന്റെ പടിഞ്ഞാറൻ ചായ്‌വിനെ നോക്കിയാണ് നായകന്റെ സംബോധന! ഇരവുപകലുകളോട് അങ്കം വെട്ടുന്ന ചേകവനാണത്രേ  ആകാശ മേലാപ്പിലെ 

തങ്കക്കതിരവൻ. മുറുക്കിച്ചുവപ്പിച്ച് പടിഞ്ഞാറിരിക്കുന്ന ആ  തങ്കക്കതിരവനെ കൂടെപ്പോരാൻ വിളിയ്ക്കുന്ന നായകന്റെ നിഷ്കളങ്കതയെ എത്ര ഭംഗിയായാണ് കവി ആസ്വാദകരിലേക്കു പകർന്നു നൽകുന്നത്!

നാടൻ കാഴ്ചകളെ കൺമുന്നിൽ എത്തിക്കുന്നതിൽ അപാര വിരുത് പ്രകടിപ്പിക്കുന്ന എഴുത്തുകാരൻ കുളിക്കടവിലെ സുന്ദരിമാരേക്കൂടി കേൾവിരസത്തിന്റെ പൂർണതയ്ക്കായി കണ്ണി ചേർക്കുന്നു. "എത്താത്തോർത്ത് മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ......." പുതുകാലത്തിന് അത്ര പരിചിതമല്ലാത്ത കാഴ്ചയെങ്കിലും പഴയ കാലത്തിന് അത്ര വിരളമല്ലാതിരുന്ന ഒരു കാഴ്ച! മാറോളം വെള്ളത്തിൽ മാറൊപ്പം പോരുന്ന കച്ചയണിഞ്ഞ സ്നിഗ്ധസൗന്ദര്യങ്ങൾ കടവിൽ കാഴ്ചകളുടെ ഹരം വിളമ്പുന്നു. മംഗലംകടവിലെ ആ കുളിരുന്ന കാഴ്ചകളെ 

കേൾവിക്കാരിലേക്കും പകരാനാവുന്നു എന്നത് ആ എഴുത്തിന്റെ അപാരതയല്ലാതെന്ത്! കടവും കടവിലെ കാഴ്ചകളിലും കേൾവികളിങ്ങനെ ഹരം കൊള്ളുമ്പോളാണ് കാവ്യകുസൃതിയുടെ നിഷ്കളങ്കമായ അഭ്യർഥന - "കൂടെപ്പോന്നാട്ടെ....  !" എന്തിന്? വേലേം, പൂരോം കണ്ട് വേളിപ്പെണ്ണിനേയുംകൊണ്ട് പോരുവാൻ!

"കാണാം..."  യേശുദാസിന്റെ സ്വരഭംഗിയിൽ ആ വാക്കിന്റെ ആവർത്തനത്തിന് കൈവരുന്ന ഭംഗി, പാട്ടൊരുക്കലിന്റെ കളമറിഞ്ഞ ദേവരാജൻ മാസ്റ്ററുടെ ഒരു സൂത്രവിദ്യ തന്നെ. 91 രാഗങ്ങളെ സിനിമാ സംഗീതത്തിൽ ഉപയോഗിച്ച് റെക്കോഡിട്ട സംഗീതകാരന് ആസ്വാദക മനസ്സുകളെ എങ്ങനെ വശത്താക്കണമെന്നു നന്നായറിയാം. മലയാള സംഗീതത്തിന്റെ ശൈലി സെറ്റ് ചെയ്ത ആ മഹാസംഗീതകാരന് ഗന്ധർവനാദത്തെ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാവണമെന്നും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല! വയലാർ - ദേവരാജൻ - യേശുദാസ് ത്രയം ഒരു നീണ്ടകാലത്തിന്റെ ഹൃദയത്തുടിപ്പായതിന്റെ കാരണവും മറ്റൊന്നായിരുന്നില്ലല്ലോ!

'ചതുരംഗ'ത്തിൽ തുടങ്ങിയ വയലാർ - ദേവരാജൻ മാന്ത്രിക കൂട്ടുകെട്ട് 750 ലേറെ ഗാനങ്ങളെയാണ് മലയാളത്തിനായി സമ്മാനിച്ചത്. നാടൻ ശൈലിയും നാട്ടുനൻമ മുറ്റിയ പാട്ടു ചേലുമൊക്കെയായി വയലാർ എന്ന ഇതിഹാസം നടന്നിറങ്ങിയത് സാധാരണക്കാർക്ക് ഇടയിലേക്കായിരുന്നു. വെള്ളാരം കുന്നും കുടം കൊട്ടിപ്പാടലും മാറിൽ കന്നിച്ചുണങ്ങുകൾ പൂക്കുന്ന പുള്ളോർ പെൺമണിയുമൊക്കെ ആ കാവ്യഭാവനയ്ക്കൊപ്പം ചേരുമ്പോൾ കൂടെക്കൂടാൻ കൊതിച്ചു പോയത് മലയാളം ഒന്നടങ്കമായിരുന്നല്ലോ! യേശുദാസിന്റെ യൗവനം തുളുമ്പുന്ന സ്വരഭംഗി ഗാനത്തെ കൂടുതൽ ഹൃദ്യമാക്കിയപ്പോൾ അര നൂറ്റാണ്ട് കടന്നതിന്റെ പഴക്കത്തിനും ആ മാറ്റിനെ  കുറയ്ക്കാനായില്ല.

വയലാർവാഗ്മയങ്ങളുടെ വർണജാലങ്ങളിൽ  ലയിച്ചുപോകുന്ന ആസ്വാദകനു കൈവെള്ളയിൽ വെച്ചുനൽകിയ കൈനീട്ടം തന്നെയായിരുന്നു ആരോമലുണ്ണിക്കു വേണ്ടിയുള്ള ഈ ഗാനം. 

  ‌

      *       *       *         *      *      *

"ഒരു മിനിറ്റേ ...." ആകാശവാണിക്കു വേണ്ടി അഭിമുഖം ചെയ്യാനിരുന്ന റിപ്പോർട്ടറെ നോക്കി വയലാറിന്റെ ക്ഷമാപണം. പക്ഷേ തുടക്കക്കാരനായ റിപ്പോർട്ടർക്ക് അങ്കലാപ്പ് - ഈശ്വരാ ഏറെ ആഗ്രഹിച്ചിരുന്ന ഈ ഇന്റർവ്യൂ നടക്കാതെ പോകുമോ...! വളരെ പാടുപെട്ട് ഒരുപാട് പ്രതീക്ഷകളോടെ ഒത്തുകിട്ടിയ അവസരമാണ്. അഭിമുഖത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി കാര്യങ്ങളിലേക്കു കടക്കുമ്പോഴാണ് എല്ലാം മുടങ്ങിപ്പോകുമോ എന്ന ഭീതിയുണർത്തിക്കൊണ്ട് പരിഭ്രാന്തനായി ഒരാൾ വന്നതും തിടുക്കത്തിൽ വയലാറിനെ എന്തോ അറിയിച്ചതും. പക്ഷേ, വയലാറിന്റെ മുഖത്തെ നിസ്സാര ഭാവം, ഒരനുഗ്രഹം പോലെ തനിക്ക് ലഭിച്ച ഈ അവസരം  നഷ്ടപ്പെട്ടുപോകില്ല എന്ന പ്രതീക്ഷ റിപ്പോർട്ടർക്കു നൽകി. 

ധൃതിപ്പെട്ട് വന്നയാൾ ദേവരാജൻ മാഷ് പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. 'ചുവന്ന സന്ധ്യകൾ ' - ലെ ഗാനങ്ങളുടെ റിക്കോഡിങ് മദ്രാസിലെ സ്റ്റുഡിയോയിൽ നടക്കുന്നു. പാട്ടുകളെല്ലാം നേരത്തേ തന്നെ വയലാർ എഴുതിക്കൊടുത്തിരുന്നു. പക്ഷേ എത്ര നോക്കിയിട്ടും അതിലൊരു പാട്ടിന്റെ പല്ലവി ഈണം ഒരുക്കാനിരുന്ന ദേവരാജൻ മാഷിന് വഴങ്ങിവരുന്നില്ലത്രേ. അടിയന്തരമായി ഒരു  മാറ്റിയെഴുത്ത് വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് വന്നയാൾ. നേരത്തേ എഴുതിക്കൊടുത്ത വരികൾ ആഗതന്റെ കയ്യിലുണ്ട്. കാര്യങ്ങൾ കേട്ട വയലാർ ആ കടലാസ് വാങ്ങി, ആദ്യമെഴുതി നൽകിയ വരികളെ നീട്ടിയൊരു വെട്ട്! എന്നിട്ടോ, ആലോചനയില്ല.... അമാന്തമില്ല... അൽപം ധൃതി മാത്രം. 

വെട്ടിക്കളഞ്ഞ വരികൾക്കുമേൽ മറ്റുചില കുത്തിക്കുറിക്കലുകൾ. അര മിനിറ്റിലേറെയെടുത്തില്ല, കടലാസ് തിരികെക്കൊടുത്തു! കൗതുകം തോന്നിയ റിപ്പോർട്ടർ ആ കടലാസ് ചോദിച്ചുവാങ്ങി ഒന്നു നോക്കി. വെട്ടിത്തിരുത്തലുകളിൽ തെളിയുന്നു സർഗ സപര്യയുടെ കയ്യൊപ്പ് - 

"പൂവുകള്‍ക്ക് പുണ്യകാലം,

മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം..... " 

ആ വർഷത്തെ മികച്ച ഗാനരചയിതാവും മികച്ച ഗായികയായി പി.സുശീലയും തിരഞ്ഞെടുക്കപ്പെട്ട വരികളായിരുന്നു റിപ്പോർട്ടറുടെ കയ്യിലിരുന്ന് ഈണം തേടാൻ അന്ന് ദാഹിച്ചത്!

ആലസ്യം കേൾവികളെ വല്ലാതെ ഹരം കൊള്ളിക്കുന്ന നേരത്ത് ഒരു സ്വപ്നതീരത്തേക്കെന്നവണ്ണം ഞാനുമിങ്ങനെ തോണിയേറിപ്പോവുകയാണ്. കുഞ്ഞോളങ്ങളെ തുഴഞ്ഞകറ്റുന്ന പങ്കായപ്പാടിൽ എന്റെയുള്ളിലും വല്ലാത്തൊരു തിരയിളക്കം..... ഇളകുന്ന ഓളപ്പരപ്പിനു കീഴെ തെളിഞ്ഞ നിശ്ചലതയെ നോക്കി ഞാനുമൊന്നു മൂളിപ്പോവുകയാണ് - "മുത്തു മണി പളുങ്കു വെള്ളം പുഴയിലെന്റെ കൊത്തുപണിക്കരിമ്പു വള്ളം...... "

English Summary:

Chuvanna Sandhyakal movie song background story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com