ADVERTISEMENT

ഗാനരചയിതാവ് ബിച്ചു തിരുമലയെ ഓർത്ത് ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം തനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഏൽപ്പിച്ച വിടവ് ആർക്കും നികത്താനാകില്ലെന്നും എം.ജി.ശ്രീകുമാർ പറഞ്ഞു. ബിച്ചു തിരുമല വരികൾ കുറിച്ച സിനിമാ പാട്ടുകൾ മാത്രമല്ല, ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഉൾപ്പെടെ നിരവധി പാട്ടുകൾ ശ്രീകുമാർ ആലപിച്ചിട്ടുണ്ട്. ഔദ്യോഗിക യ‍ട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാർ ബിച്ചു തിരുമലയെക്കുറിച്ചു മനസ്സു തുറന്നത്. 

‘ബിച്ചുവേട്ടൻ എനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്. ഗിരീഷ് പുത്തഞ്ചേരി വരുന്നതിനു മുൻപ് ബിച്ചു ഏട്ടൻ അടക്കിവാണിരുന്ന ഒരു ലോകമാണ് മലയാളസിനിമ. ഒരു വർഷം തന്നെ നൂറ് ഗാനങ്ങൾക്കടുത്ത് അദ്ദേഹം പല സിനിമകൾക്കു വേണ്ടി എഴുതിയിട്ടുണ്ട്. എത്ര ഗാനങ്ങൾ എഴുതിയിട്ടുണ്ടോ അതെല്ലാം ഹിറ്റുകളും വ്യത്യസ്തങ്ങളുമാണ്. ബിച്ചു ഏട്ടന്റെ കുടുംബവുമായും എനിക്ക് വലിയ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും സംഗീതജ്ഞരാണ്. ബിച്ചു ഏട്ടന്റെ മകൻ സുമനും പേരുകേട്ട സംഗീതസംവിധായകൻ ആണല്ലോ. അദ്ദേഹം ഈണമൊരുക്കിയ ഒരു ഗാനവും ഞാൻ അടുത്തിടെ ആലപിച്ചിരുന്നു. 

സത്യത്തിൽ ബിച്ചു ഏട്ടനെക്കുറിച്ച് എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു പോലും എനിക്കറിയില്ല. അദ്ദേഹം എഴുതിയ അയ്യപ്പഭക്തിഗാനങ്ങൾ പാടിയതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയത്. പിന്നീട് ഒരുപാട് ലളിതഗാനങ്ങൾ ഞാൻ ആലപിച്ചു. ബിച്ചു ഏട്ടന്റെ വേർപാട് വലിയ നഷ്ടമാണ്. ആ വിടവ് നികത്താൻ ആർക്കും സാധിക്കില്ല. ബിച്ചു ഏട്ടൻ ഒരു അപൂർവ ജന്മം തന്നെയാണ്. അദ്ദേഹം എഴുതുന്ന വരികളെ വർണിക്കുക വയ്യ. അത്രയും മനോഹരമാണ് അവ’, എം.ജി.ശ്രീകുമാർ പറഞ്ഞു.  

വരികൾക്കൊപ്പം ഈണമിട്ടിരുന്ന കാലത്തെ പിന്തള്ളി ഈണത്തിനൊപ്പം പാട്ടെഴുതിയ കാലഘട്ടത്തിന്റെ പാട്ടെഴുത്തുകാരനായിരുന്നു ബിച്ചു തിരുമല. കവിതാപാരമ്പര്യത്തിന്റെ ഭാരമില്ലാതെ ചലച്ചിത്ര വ്യവസായത്തിന്റെ ഇച്ഛകൾക്കൊപ്പം പാട്ടൊരുക്കിയ ഗാനരചയിതാവ്. ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. 

ചെമ്മീനിൽ 1965 ൽ സലിൽ ചൗധരി തുടക്കമിട്ടതാണ് ഈണം ആദ്യവും വരികൾ പിന്നെയുമായ പാട്ടെഴുത്തിന്റെ കഥ. വയലാറും പി.ഭാസ്‌കരനും ശ്രീകുമാരൻ തമ്പിയും യൂസഫലിയും ഒഎൻവി കുറുപ്പുമെല്ലാം ഉണ്ടായിരുന്ന പാട്ടെഴുത്തുകാലത്തു തന്നെയാണ് ബിച്ചു തിരുമല സിനിമാ ഗാനരചനാരംഗത്ത് എത്തുന്നത്. ഭജഗോവിന്ദം (1972) എന്ന സിനിമയിലൂടെ ചലച്ചിത്രഗാന രചനാ രംഗത്തെത്തിയെങ്കിലും നടൻ മധു സംവിധാനം ചെയ്ത അക്കല്‍ദാമയാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. അമ്പതു വർഷക്കാലത്തോളം ഗാനരചനാരംഗത്ത് ബിച്ചു നിറസാന്നിധ്യമായിരുന്നു. ആയിരത്തിലേറെ പാട്ടുകൾ മലയാളികൾക്കു സമ്മാനിച്ചാണ് അദ്ദേഹം 2021ൽ യാത്രയായത്. 

English Summary:

MG Sreekumar opens up about lyricist Bichu Thirumala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com