ഗ്രാമി പോയെങ്കിൽ പോട്ടെ, ഓസ്കറിൽ മിന്നിക്കാൻ ആടുജീവിതം? ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ!
Mail This Article
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് മലയാളചിത്രം ആടുജീവിതത്തിലെ സംഗീതം. ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറും 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ പാട്ടുകളും ആണ് പ്രാഥമിക പട്ടികയില്‍ ഇടം നേടിയത്.
89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവാണ്. ഡിസംബര്‍ 9ന് ആരംഭിക്കുന്ന വോട്ടിങ് 13ന് അവസാനിക്കും. ഡിസംബര്‍ 17ന് ചുരുക്കപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. 15 പാട്ടുകളും 20 ഒര്‍ജിനല്‍ സ്‌കോറുകളുമാണ് ഈ പട്ടികയില്‍ ഉണ്ടാകുക.
ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം 'ആടുജീവിതം' സ്വന്തമാക്കിയത് അടുത്തിടെയാണ്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ബ്ലെസി–പൃഥ്വിരാജ്–എ–ആര്‍–റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിനു ലഭിച്ചത്. ഇപ്പോഴിതാ ഓസ്കർ പ്രാഥമിക പട്ടികയില്‍ ചിത്രത്തിന്റെ സംഗീതം ഇടം പിടിച്ചതോടെ വലിയ കാത്തിരിപ്പിലും ആവേശത്തിലുമാണ് അണിയറപ്രവർത്തകർ. ഓസ്കർ കേരളമണ്ണിലേക്കെത്തുമോ എന്നറിയാൻ ആരാധകരും ദിവസങ്ങളെണ്ണി കാത്തിരിക്കുന്നു.
അതേസമയം, ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്ക്കു വേണ്ടി അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടെന്ന് അടുത്തിടെ എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയിരുന്നു. പുരസ്കാര സമിതി നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി എന്ന ഒറ്റക്കാരണത്താൽ തന്റെ ട്രാക്ക് തള്ളിക്കളഞ്ഞു എന്നായിരുന്നു റഹ്മാന്റെ തുറന്നുപറച്ചിൽ. ഇപ്പോഴിതാ ഓസ്കർ പ്രാഥമിക പട്ടിക പുറത്തുവന്നതോടെ ‘ഗ്രാമി പോയെങ്കിൽ പോട്ടെ, ഓസ്കറിൽ മിന്നിക്കാം’ എന്നാണ് ലഭിക്കുന്ന കമന്റുകൾ.