സംഗീത മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടോ?; എം.ജി.ശ്രീകുമാർ പറയുന്നു
Mail This Article
സംഗീതരംഗത്തു നിന്ന് തിക്താനുഭവങ്ങൾ നേരിട്ടിട്ടില്ലെന്നും പവർ ഗ്രൂപ്പ് ഉള്ളതായി തോന്നിയിട്ടില്ലെന്നും തുറന്നു പറഞ്ഞ് ഗായകൻ എം.ജി.ശ്രീകുമാർ. തന്റെ പാട്ടുകൾ മറ്റാരും തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു കിട്ടേണ്ടി പാട്ടുകൾ തടസ്സങ്ങളില്ലാതെ തന്നിലേക്കു തന്നെ വന്നു ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക യട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിലാണ് എം.ജി.ശ്രീകുമാർ ഇക്കാര്യങ്ങളെക്കുറിച്ചു മനസ്സു തുറന്നത്.
‘എനിക്കു കിട്ടേണ്ട പാട്ടുകൾ എനിക്കു തന്നെ കിട്ടും. അത് ആരെക്കൊണ്ടും തടഞ്ഞുവയ്ക്കാൻ കഴിയില്ല. അടുത്തിടെ ഒരു യുവഗായകൻ എഴുതിയതു കണ്ടു, സംഗീത മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന്. എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. പവർ എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ജിം ഒക്കെയാണ് ഓർമ വരുന്നത്. അല്ലെങ്കിൽ നമ്മൾ പറയില്ലേ, പവർഫുൾ ആളാണെന്നൊക്കെ. അത്തരം സന്ദർഭങ്ങളിൽ മാത്രമേ പവർ എന്ന പ്രയോഗം സാധാരണഗതിയിൽ ഉണ്ടാകൂ.
അല്ലാതെ സംഗീത മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്നൊന്നും എഴുതരുത്. അത് ശരിയല്ല. ആരായാലും നാന്നായിട്ടു പാടിയാൽ സിനിമയിൽ പാടാൻ അവസരം കിട്ടും. അനാവശ്യ കമന്റുകളിട്ടാൽ നമ്മെ ജനം സ്വീകരിക്കില്ല. പ്രേക്ഷകരുടെ കയ്യടി കൊണ്ടാണല്ലോ ഗായകർ നിലനിന്നു പോകുന്നത്. പ്രേക്ഷകർ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
സംഗീതരംഗത്ത് പവർ ഗ്രൂപ്പ് ഉണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. എന്റെ കരിയറിൽ ആരും തടസ്സമായി നിന്നിട്ടില്ല. അതിപ്പോൾ ദാസേട്ടനാണെങ്കിലും മറ്റാരാണെങ്കിലും എന്റെ പാട്ടുകൾക്കു തടസ്സമായി നിന്നിട്ടില്ല. എന്റെ ഒരു പാട്ടും ദാസേട്ടൻ പാടിയിട്ടില്ല. അദ്ദേഹത്തിനു വേണ്ടി മുൻപ് ഞാൻ ഒരുപാട് ട്രാക്കുകൾ പാടിയിട്ടുമുണ്ട്.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടോയെന്ന് എനിക്കറിയില്ല. അത് എന്റെ മേഖലയല്ല. പക്ഷേ സംഗീതരംഗത്ത് അങ്ങനെയില്ലെന്ന് എനിക്കുറപ്പിച്ചു പറയാനാകും. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, കരിയറിൽ ചിലർ തടസ്സമായി നിന്നു എന്നൊക്കെ. എന്നാൽ അങ്ങനെയൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നു ഞാൻ തറപ്പിച്ചു പറയുന്നു. അഥവാ അങ്ങനെ എന്തെങ്കിലും നേരിട്ടിട്ടുള്ളവർ തെളിയിക്കാൻ മുന്നോട്ടു വരട്ടെ’, എം.ജി.ശ്രീകുമാർ പറഞ്ഞു.