‘എന്നാലും ന്റെ ഉണ്ണിയേട്ടാ, ഇങ്ങള് മുത്താണ്’; വീണ്ടും പാട്ടിലാക്കി കിലി, കമന്റ് ബോക്സ് തൂക്കി മലയാളികൾ
Mail This Article
ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോളിന്റെ പുതിയ മലയാളം പാട്ടിന്റെ അനുകരണവും ശ്രദ്ധ നേടുന്നു. ‘പുലിവാൽ കല്യാണം’ എന്ന ഹിറ്റ് ചിത്രത്തിലെ ‘ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു’ എന്ന നിത്യഹരിത ഗാനമാണ് ഇത്തവണ ലിപ്സിങ്ക് വിഡിയോയ്ക്കായി കിലി പോൾ തിരഞ്ഞെടുത്തത്. പുലിവാൽ കല്യാണത്തിനു വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ച പാട്ടാണിത്. ബേണി–ഇഗ്നേഷ്യസ് ഈണമൊരുക്കിയ ഗാനം പി.ജയചന്ദ്രനും കെ.എസ്.ചിത്രയും ചേർന്നാലപിച്ചു.
കിലി പങ്കുവച്ച വിഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. പതിവു പോലെ തന്നെ കമന്റ് ബോക്സിൽ മലയാളികളുടെ ‘ആറാട്ട്’ ആണ്. ‘ആഹാ, മലയാളി പാടുമോ ഇതുപോലെ’ എന്നാണ് കിലിയുടെ വിഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ‘എന്നാലും ന്റെ ഉണ്ണിയേട്ടാ, ഇങ്ങള് മുത്താണ്’ എന്ന് മറ്റൊരാൾ കുറിച്ചു. പതിവു പോലെ തന്നെ പരമ്പരാഗത വേഷം ധരിച്ചാണ് കിലി പോൾ ക്യാമറയ്ക്കു മുന്നിലെത്തിയത്.
മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകൾ പതിവായി പോസ്റ്റു ചെയ്യുന്ന കിലി പോളിനെ, മലയാളികൾ ‘ഉണ്ണിയേട്ടൻ’ എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ആ പേര് ഇഷ്ടപ്പെട്ടതുകൊണ്ടാവാം ഇപ്പോൾ പോസ്റ്റ് ചെയ്യുന്ന മലയാള വിഡിയോകളിൽ കിലി ‘ഉണ്ണിയേട്ടൻ’ എന്ന് അടിക്കുറിപ്പെഴുതാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.
ഷേർഷയിലെ ‘തേരി മേരി ഗല്ലാൻ ഹോയി മഷ്ഹൂർ’ എന്ന ഹിറ്റ് ട്രാക്കിന് ചുണ്ടനക്കിയാണ് കിലി പോൾ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധ നേടിയത്. ഇന്ന് 10.2 മില്യൻ ആളുകൾ കിലിയെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നു. ഇതിൽ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങൾക്കൊക്കെയനുസരിച്ച് ചുണ്ടുകളനക്കുമെങ്കിലും കിലിക്ക് മലയാള ഗാനങ്ങളോടു പ്രത്യേക ഇഷ്ടമാണ്. മലയാളം പാട്ടുകൾക്കൊപ്പമുള്ള വിഡിയോകളാണ് ഇൻസ്റ്റഗ്രാമിൽ കൂടുതലായും പങ്കുവയ്ക്കാറുള്ളത്.
‘മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം’, ‘ഇലുമിനാറ്റി’, ‘കരിമിഴിക്കുരുവിയെ കണ്ടീലാ’, ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ തുടങ്ങി നിരവധി മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വിഡിയോകൾ കിലി പോൾ ഇതിനകം ചെയ്തു കഴിഞ്ഞു. രണ്ടു മുതൽ നാലു ദിവസം വരെ എടുത്താണ് ഇന്ത്യൻ പാട്ടുകളുടെ വരികളും ഉച്ചാരണവുമെല്ലാം കിലി പഠിക്കുന്നത്. ഓരോ വാക്കിന്റേയും അർഥം ഇന്റർനെറ്റിന്റെ സഹായത്തോടെ മനസ്സിലാക്കിയ ശേഷം വിഡിയോകൾ ചെയ്യും. പങ്കുവയ്ക്കുന്ന ഓരോ വിഡിയോയും ദശലക്ഷക്കണക്കിന് ആസ്വാദകരെയാണ് വാരിക്കൂട്ടുന്നത്.