‘ഒരു കാര്യമോർത്ത് ടെൻഷൻ തോന്നി, ആദ്യം പ്രപ്പോസ് ചെയ്തത് അവൻ’; പ്രണയകഥ പറഞ്ഞ് അഞ്ജു ജോസഫ്
Mail This Article
പ്രണയത്തെയും വിവാഹത്തെയും കുറിച്ചു തുറന്നു പറഞ്ഞ് ഗായിക അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും. തങ്ങൾ തമ്മിൽ കുട്ടിക്കാലം മുതൽ പരിചയമുണ്ടെന്നും എന്നാൽ കോവിഡ് കഴിഞ്ഞ സമയത്താണ് കൂടുതൽ അടുത്തതെന്നും ഇരുവരും വ്യക്തമാക്കി. പ്രണയകഥയിലെ ഹംസമായി വന്നത് നടി ഐശ്വര്യ ലക്ഷ്മി ആയിരുന്നുവെന്നും അഞ്ജുവും ആദിത്യയും വെളിപ്പെടുത്തി. ലെറ്റ്സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയകഥ വിവരിച്ചത്.
‘ഞങ്ങള്‍ കുട്ടിക്കാലം മുതൽ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്. കോവിഡ് കഴിഞ്ഞ് അഞ്ജു റീല്‍സിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ അങ്ങോട്ട് കോണ്‍ടാക്റ്റ് ചെയ്യുകയായിരുന്നു. എന്റെ അച്ഛനും അമ്മയും തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. എന്റെ രണ്ട് സുഹൃത്തുക്കളെയും ആ ഇവന്റിന് കൊണ്ടുപോയി. അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി പ്രവർത്തിച്ചത്. ഈ ബന്ധം വിവാഹത്തിലെത്താന്‍ അവർ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടുണ്ട്’, ആദിത്യ പറഞ്ഞു.
ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്കു കുറേ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്ന് അഞ്ജു ജോസഫ് വെളിപ്പെടുത്തി. ‘സുഹൃത്തുക്കളായിരുന്നതുകൊണ്ടുതന്നെ പ്രണയം തുടങ്ങിക്കഴിഞ്ഞ് അഥവാ ബ്രേക്കപ് ആയാൽ ആ സൗഹൃദവും നഷ്ടപ്പെട്ടു പോകുമല്ലോ എന്നായിരുന്നു എന്റെ പേടി. നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചില്ല. ആദിത്യയാണ് ആദ്യം പ്രപ്പോസ് ചെയ്തത്. അവൻ ആദ്യം മുതല്‍ തന്നെ വിവാഹത്തിന് തയ്യാറായിരുന്നു’, അഞ്ജു പറഞ്ഞു.
കഴിഞ്ഞ മാസം അവസാന വാരമാണ് അഞ്ജു ജോസഫും ആദിത്യയും വിവാഹിതരായത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനെക്കുറിച്ചും വിഷാദാവസ്ഥയില്‍ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തില്‍ പാടിയാണ് അഞ്ജു സിനിമ പിന്നണി ഗാനരംഗത്ത് അരങ്ങേറിയത്. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെ അഭിനയത്തിലും ഒരു കൈ നോക്കിയ അഞ്ജുവിന്റെ കവർ സോങ്ങുകൾക്കും വലിയ ആരാധകരുണ്ട്. അവതാരകയായും പല ചാനലുകളിൽ അഞ്ജു സജീവമാണ്.