ADVERTISEMENT

"അതൊക്കെ ഇളയരാജ ചെയ്ത പാട്ടുകളാണ്. പ്രതിഫലം കൂടുതൽ ചോദിക്കാൻ തുടങ്ങിയ ഇളയരാജയെ ഒതുക്കാൻ ചില നിർമാതാക്കൾ തീരുമാനിച്ചതുകൊണ്ട് അനിയന്റെ പേരിൽ ചെയ്യുന്നതാണ്. അല്ലാതെ 'നീലവാനച്ചോലയിൽ' എന്ന പാട്ട് ഗംഗൈ അമരൻ ചെയ്ത പാട്ടല്ല. സംശയം വേണ്ട, തർക്കത്തിന്റെ ആവശ്യവുമില്ല."

വർഷങ്ങൾക്ക് മുൻപ് എനിക്ക് വന്നൊരു ഫോൺകോളിന്റെ ചുരുക്കമാണിത്. എനിക്ക് അത്ര പരിചയമില്ലാത്തൊരു പത്രപ്രവർത്തകൻ എന്നെ വിളിച്ച് സംഗീതരംഗത്തെ ചില 'കൗതുകങ്ങൾ' എങ്ങനെ എഴുതണമെന്ന് ഉപദേശിക്കുകയായിരുന്നു. വായനക്കാർക്ക് ഇഷ്ടമുണ്ടായേക്കാവുന്ന വിഷയത്തിനൊരുദാഹരണം പറഞ്ഞതാണ് ഗംഗൈ അമരനെക്കുറിച്ചുള്ള ഈ കഥ. 

ഈ കഥ വെറും കെട്ടുകഥയാണെന്ന് തെളിവുസഹിതം പറയാൻ ശ്രമിച്ചപ്പോൾ ഞാൻ ഒരു നിഷേധിയാണെന്ന് തോന്നിയിട്ടാവണം, പിന്നീടൊരിക്കലും അദ്ദേഹം എന്നെ വിളിച്ചിട്ടില്ല.

തമിഴ് ചിത്രമായ ‘വാഴ്‌വേമായം' 'പ്രേമാഭിഷേക'മായി മലയാളത്തിൽ മൊഴിമാറിയെത്തിയപ്പോഴാണ് എസ്.പി.ബാലസുബ്രഹ്മണ്യം പാടിയ 'നീലവാന ഓടയിൽ' യേശുദാസ് പാടുന്ന 'നീലവാനച്ചോല'യായത്. ചിത്രത്തിന്റെ രണ്ട് പതിപ്പുകളിലും 'ഹേയ് രാജാവേ' എന്ന പാട്ട് പാടിയ ഗായിക കല്യാണി മേനോനോടാണ് ഗംഗൈ അമരനെക്കുറിച്ചുള്ള കഥയുടെ വാസ്തവം ഞാനന്ന് തിരക്കിയത്.

"എന്ത് കഷ്ടമാണ് കുട്ടീ ഇത്.. കണ്ട നീ മാറിയിരിക്ക്, കേട്ട ഞാൻ പറയാം കാര്യങ്ങൾ എന്ന മട്ടിലാണ് ഇപ്പോഴത്തെ ചില വാർത്തകൾ കാണുമ്പോൾ തോന്നുന്നത്.. ഗംഗൈ അമരൻ എത്രയോ വലിയ കലാകാരനാണ്.. എനിക്ക് പാട്ടിന്റെ വരികൾ പറഞ്ഞും ഈണം പാടിത്തന്നും പഠിപ്പിച്ചത് അമരനാണ്. ഇളയരാജയ്ക്ക് ആ സിനിമയുമായി ഒരു ബന്ധവുമില്ല. ഇളയരാജയുടെ അനിയനായതുകൊണ്ടു മാത്രമല്ലേ ഇങ്ങനെയൊക്കെ കേൾക്കേണ്ടിവരുന്നത്.. ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ ഓരോരുത്തർ ചുമ്മാ ഉണ്ടാക്കുന്ന നുണക്കഥകളാണിതൊക്കെ.. വിശ്വസിക്കേണ്ട.." അന്ന് കല്യാണി മേനോൻ പറഞ്ഞ രസികൻ മറുപടി ഇങ്ങനെയായിരുന്നു. 

gangai-amaran4
മിൻമിനിക്കും സിന്ധുവിനുമൊപ്പം ഗംഗൈ അമരൻ

തമിഴിൽ ഗംഗൈ അമരന്റെ പാട്ടുകൾ പാടിയിട്ടുള്ള ഗായികമാരായ ജെൻസിയും മിൻമിനിയും കല്യാണി മേനോന്റെ ഇതേ അഭിപ്രായം തന്നെയാണ് അന്നെന്നോടു പറഞ്ഞത്. മണിരത്നത്തിന്റെ ആദ്യകാലചിത്രങ്ങൾക്കൊന്നും താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് ഈ അടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ ഇളയരാജ പറയുന്നതു കേട്ടപ്പോൾ രാജയുടെ അധികപ്രതിഫലത്തിന്റെ കഥ എത്രയോ വലിയൊരു കള്ളമാണെന്നു കൂടുതൽ വ്യക്തമായി. 

തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള പണ്ണൈപുരം ഗ്രാമത്തിൽ രാമസാമിയുടെയും ചിന്നത്തായിയുടെയും മക്കളായിപ്പിറന്ന വരദരാജൻ, ഭാസ്കർ, ഇളയരാജ, ഗംഗൈ അമരൻ എന്നീ സഹോദരങ്ങളായിരുന്നു പിൽക്കാലത്ത് 'പാവലർ ബ്രദേഴ്‌സ്' എന്നറിയപ്പെട്ട സംഗീതസംഘം. ഇടതുപക്ഷപ്രസ്ഥാനത്തോടൊപ്പമുള്ള അവരുടെ സംഗീതയാത്രകളെ ഇളയരാജയുടെ ആദ്യകാലചരിത്രങ്ങളോടു ചേർത്തു പറയാറുണ്ട്. 

എന്നാൽ ഗംഗൈ അമരൻ എന്ന ബഹുമുഖപ്രതിഭയെക്കുറിച്ച് ഇവിടെ അധികമാരും പരാമർശിച്ച് കാണാറില്ല. ചലച്ചിത്രസംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകൻ, സംഗീതസംവിധായകൻ, അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ പലവിധ മേഖലകളിൽ ശ്രദ്ധേയനായ അദ്ദേഹം മലയാളത്തിലും നല്ല പാട്ടുകളൊരുക്കിയിട്ടുണ്ട്.

മിലിട്ടറിക്കാരനായ തന്റെ പ്രിയ സുഹൃത്ത് അമർസിങ്ങിന്റെ പേരാണ് അച്ഛൻ രാമസാമി 1947 ഡിസംബർ 8ന് ജനിച്ച ഇളയ മകന് നൽകിയത്. വളർന്നപ്പോൾ ഗാനരചയിതാവാകാൻ മോഹിച്ച മകനാകട്ടെ, ആ പേരിനോടൊപ്പം കുട്ടിക്കാലത്ത് വായിക്കാറുണ്ടായിരുന്ന 'ഗംഗൈ' എന്ന വാരികയുടെ പേര് കൂട്ടിച്ചേർത്ത് 'ഗംഗൈ അമരനാ'യി സ്വയം പരിഷ്കരിച്ചു.

പാവലർ ബ്രദേഴ്‌സിന്റെ സൗഹൃദ സംഘത്തിലുണ്ടായിരുന്ന ഭാരതിരാജ ആദ്യമായി സംവിധാനം ചെയ്ത് ചരിത്രത്തിലിടം നേടിയ '16 വയതിനിലേ'യിൽ ഇളയരാജ ഈണമിട്ട 'സെന്ദൂരപ്പൂവേ.. സെന്ദൂരപ്പൂവേ.. ജില്ലെൻട്ര കാറ്റ്രേ..' എന്ന വിഖ്യാതഗാനം എഴുതിയാണ് ഗംഗൈ അമരൻ സിനിമയിലെത്തിയത്. ശ്രീദേവിയുടെ നിഷ്കളങ്കഭംഗി ഏറ്റവും സുന്ദരമായി ചിത്രീകരിക്കപ്പെട്ട ആ ഗാനം എസ്.ജാനകിക്ക് ആലാപനത്തിനുള്ള ആദ്യത്തെ ദേശീയപുരസ്കാരവും ഇളയരാജയ്ക്ക് സംഗീതസംവിധായകനുള്ള ആദ്യത്തെ സംസ്ഥാനപുരസ്കാരവും നേടിക്കൊടുത്തു. 

gangai-amaran3
ഗംഗൈ അമരൻ, ഇളയരാജയ്ക്കൊപ്പം

മലയാളികളും മൂളിപ്പാടുന്ന ധാരാളം പാട്ടുകൾ തമിഴിൽ ഗംഗൈ അമരൻ എഴുതിയിട്ടുണ്ട്. 'എൻ ഇനിയ പൊൻ നിലാവേ - മൂടുപനി', 'മണ്ണിൽ ഇന്ത കാതലൻട്രി - കേളടി കൺമണി', 'പൂവരസംപൂ പൂത്താച്ച് - കിഴക്കേ പോഗും റെയിൽ', 'ഇൻട്രയ്ക്ക് ഏൻ ഇന്ത ആനന്ദമേ - വൈദേഹി കാത്തിരുന്താൾ', തം തനനം തന താളം വരും - പുതിയ വാർപ്പുഗൾ', 'വൈഗരയിൽ വൈഗൈക്കരയിൽ - പയനങ്കൾ മുടിവതില്ലൈ', 'കോടൈക്കാല കാട്രേ - പന്നീർ പൂക്കൾ', 'പൂന്തളിരാട - പന്നീർ പൂക്കൾ', 'തെൻപാണ്ടിത്തമിഴേ - പാസപ്പറവൈകൾ ', 'വച്ചുക്കവാ ഉന്നേ മട്ടും - നല്ലവന്ക്ക് നല്ലവൻ', 'പൊൻമേനി ഉരുഗുതേ - മൂൻട്രാം പിറൈ', 'ഒരു രാഗം പാടലോട് - ആനന്ദരാഗം', 'മലർഗളിലേ ആരാധനൈ - കരുമ്പുവിൽ', 'കാട്രിൽ എൻതൻ ഗീതം - ജോണി', 'ആസയെ കാത്തില് ദൂത് വിട്ട് - ജോണി', 'ഏതോ നിനൈവുകൾ - അഗൽ വിളക്ക് ', 'അരച്ച സന്ദനം മണക്കും കുങ്കുമം - ചിന്ന തമ്പി', 'ചിന്നമണിക്കുയിലെ - അമ്മൻ കോയിൽ കിഴക്കാലെ', 'സ്വർഗ്ഗമേ എൻഡ്രാലും- ഊര് വിട്ട് ഊര് വന്ത് ', 'ഉൻ പാർവയിൽ ഓരായിരം - അമ്മൻ കോയിൽ കിഴക്കാലെ', 'മാങ്കുയിലേ പൂങ്കുയിലേ - കരഗാട്ടക്കാരൻ', 'ഇന്ത മാൻ ഉന്തൻ സൊന്തമാൻ - കരഗാട്ടക്കാരൻ', 'അടുക്കുമല്ലി എടുത്ത് വന്ത് - ആവാരം പൂ', 'സാമിക്കിട്ടേ സൊല്ലിവച്ച് - ആവാരം പൂ', 'ഊരെല്ലാം സാമിയാഗ - ദൈവവാക്ക്' എന്നിങ്ങനെ പാട്ടുകളുടെ പട്ടിക സുദീർഘമാണ്. സലിൽ ചൗധരി, ഇളയരാജ, ഏ. ആർ. റഹ്‌മാൻ, ശങ്കർ ഗണേഷ്, വിദ്യാസാഗർ, എസ്. എ. രാജ്‌കുമാർ, രവീന്ദ്രൻ, ശ്യാം, യുവൻ ശങ്കർ രാജ തുടങ്ങി ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും ഗാനരചനാമേഖലയിൽ ഗംഗൈ അമരൻ പ്രവർത്തിച്ചിട്ടുണ്ട്.

ഇതിൽ ‘മണ്ണിൽ ഇന്ത കാതലൻട്രി' അണ്ണൻ പാവലർ വരദരാജൻ എഴുതിയ പാട്ടായിട്ടാണ് 'കേളടി കൺമണി'യെന്ന ചിത്രത്തിലും റെക്കോർഡുകളിലും നൽകിയിട്ടുള്ളത്. അത് സിനിമയുടെ സന്ദർഭം ആവശ്യപ്പെട്ടതുകൊണ്ടാണെന്നും ആ ഗാനം എങ്ങനെയാണ് താൻ എഴുതിയതെന്നും ഗംഗൈ അമരൻ പല വിഡിയോകളിലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

1979ൽ പാട്ടുകൾ പുറത്തുവന്നെങ്കിലും പടം റിലീസാകാതെ പോയ 'മലർഗളിലേ അവൾ മല്ലിഗൈ'യിലൂടെയാണ് ഗംഗൈ അമരൻ സംഗീതസംവിധായകനാകുന്നത്. അതേ വർഷം റിലീസായ 'ഒരു വിടുകദൈ ഒരു തൊടർകദൈ'യാണ് അദ്ദേഹത്തിന്റെ സംഗീതത്തിൽ പുറത്തു വന്ന ആദ്യചിത്രം (മലയാളത്തിൽ ഈ ചിത്രം 'ഒരു തിര പിന്നെയും തിര'യായി പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്)

gangai-amaran5
മനോയ്ക്കും മിൻമിനിക്കുമൊപ്പം ഗംഗൈ അമരൻ

കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത് 1981ൽ വെള്ളിത്തിരയിലെത്തിയ 'മൗനഗീതങ്ങൾ' ആണ് ഗംഗൈ അമരനെ ഒരു സംഗീതസംവിധായകനെന്ന നിലയിൽ മുന്നിലെത്തിച്ചത്. വാലി എഴുതി യേശുദാസും ജാനകിയും പാടി ഭാഗ്യരാജും സരിതയും മത്സരിച്ചഭിനയിച്ച 'മുക്കുത്തിപ്പൂ മേലേ കാത്ത് ഉക്കാർന്ത് പേസുതമ്മാ' എന്ന ഗാനരംഗം ഇന്നും ഹിറ്റാണ്.

അക്കിനേനി നാഗേശ്വര റാവുവും ശ്രീദേവിയും പ്രധാനവേഷങ്ങളിലെത്തി 1981ൽ തെലുങ്കിൽ പുറത്തിറങ്ങി അഞ്ഞൂറിലേറെ ദിവസങ്ങൾ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'പ്രേമാഭിഷേകം'. ഈ സിനിമ കമലഹാസനെയും ശ്രീദേവിയേയും നായികാനായകന്മാരാക്കി 1982ൽ 'വാഴ്‌വേ മായം' എന്ന പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും 'പ്രേമാഭിഷേക'മെന്ന പേരിൽ തന്നെ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തുകയും ചെയ്തു. തെലുഗ് ചിത്രത്തിന്റെ സംഗീതസംവിധാനം ചക്രവർത്തിയാണ് ചെയ്തതെങ്കിലും തമിഴിൽ ഗംഗൈ അമരനായിരുന്നു സംഗീതസംവിധായകൻ. 'നീലവാന ചോലയിൽ', 'വാഴ്‌വേ മായം', 'മഴക്കാലമേഘം ഒന്ന്' എന്നിങ്ങനെ വൻവിജയമായ ആ പാട്ടുകളെല്ലാം അക്കാലങ്ങളിൽ ആകാശവാണിയുടെ സ്ഥിരം പ്ലേലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. ജയചന്ദ്രനും കല്യാണി മേനോനും പാടി മലയാളം പതിപ്പിൽ മാത്രമുണ്ടായിരുന്ന 'പ്രേമാഭിഷേകം' എന്ന പാട്ടിന് പക്ഷേ, ചക്രവർത്തി ഈണം നൽകിയ ഒറിജിനൽ തെലുങ്ക് ഗാനത്തിന്റെ ഈണമാണുള്ളത്. അതുപോലെ 'മഴക്കാലമേഘ'ത്തിന്റെ പല്ലവിയും തെലുങ്കിൽ നിന്നുമെടുത്തതാണ്. വൻജനപ്രീതി നേടിയ ആ ഈണം നിർമ്മാതാക്കളുടെ നിർബന്ധത്താലാകണം അങ്ങനെ തന്നെ ചേർത്തിരിക്കുന്നത്. 

gangai-amaran2

അതേ വർഷം തന്നെയാണ് സംവിധാനരംഗത്തും ഗംഗൈ അമരൻ ആരംഭം കുറിച്ചത്. പ്രഭു, വിജി, സിൽക്ക് സ്മിത എന്നിവരെ അണിനിരത്തിയ 'കോഴി കൂവുത്' എന്ന ചിത്രത്തിലൂടെയായിരുന്നു ആ പുതിയ തുടക്കം. ജ്യേഷ്ഠൻ ആർ.ഡി.ഭാസ്കർ നിർമിച്ച് ഇളയരാജ സംഗീതം നൽകിയ ആ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും കൂടാതെ അതിലെ ഒരു ഗാനവുമെഴുതിയത് ഗംഗൈ അമരൻ തന്നെയാണ്. ചിത്രം പ്രദർശനവിജയവും നേടി.

വിജയപരാജയങ്ങൾ ഇടകലർന്ന ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത ഗംഗൈ അമരന്റെ ഏറ്റവും വലിയ ഹിറ്റ് 1989ൽ റിലീസായ 'കരഗാട്ടക്കാരനാ'ണ്. രാമരാജൻ നായകനായ ഈ ചിത്രത്തിലൂടെയാണ് മലയാളികളുടെയും പ്രിയനായികമാരിലൊരാളായ കനക അരങ്ങേറിയത്. ഇളയരാജ ഈണമിട്ട 'കരഗാട്ടക്കാരനി'ലെ എല്ലാ പാട്ടുകളും കഥയും തിരക്കഥയും സംഭാഷണവും എഴുതിയതും ഗംഗൈ അമരൻ തന്നെയായിരുന്നു. 'മാങ്കുയിലെ പൂങ്കുയിലേ', 'ഊര് വിട്ട് ഊര് വന്ത്' ഒക്കെ അക്കാലത്തെ ഗാനമേളകളിൽ അരങ്ങു തകർത്തിരുന്നു.

'പ്രേമാഭിഷേക'ത്തിന്റെ വൻവിജയമായിരിക്കണം മലയാളത്തിലേക്ക് ഗംഗൈ അമരനെ വരവേറ്റത്. 1983 ജനുവരിയിൽ ഗംഗൈ അമരൻ സംഗീതം നൽകിയ ആദ്യ മലയാളചിത്രം 'ഹലോ മദ്രാസ് ഗേൾ' പുറത്തിറങ്ങി. മോഹൻലാൽ, ശങ്കർ, രാജ്‌കുമാർ, മാധവി, പൂർണിമ ജയറാം എന്നിവർ അഭിനയിച്ച 'ഹലോ മദ്രാസ് ഗേളി'ലെ പാട്ടുകളിൽ യേശുദാസ് പാടിയ 'ആശംസകൾ നൂറുനൂറാശംസകൾ' എന്ന ജന്മദിനഗാനം ഇന്നും ഹിറ്റാണ്.

gangai-amaran7
ഗംഗൈ അമരൻ, കുടുംബത്തോടൊപ്പം

പിന്നാലെ വന്ന 'ജസ്റ്റിസ് രാജ' (ജന്മം തോറും എന്നിൽ, കന്നിമലരേ പുണ്യം പുലർന്ന), 'ജീവിതം' (എൻ മാനസം എന്നും നിന്റെയാലയം, ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ), 'സ്‌നേഹബന്ധം' (മൊഴിമാറ്റം), 'അലകടലിനക്കരെ', 'മിഴിയോരങ്ങളിൽ' (ഹംസമേ നീ ദൂതുമായി), 'അനുരാഗി' (ഏകാന്തത നീയും അനുരാഗിയാണോ, ഒരു വസന്തം വിരുന്നു വന്നു) എന്നിങ്ങനെ എട്ട് സിനിമകളിലെ ഗാനങ്ങളാണ് ഗംഗൈ അമരൻ സംഗീതം നൽകി മലയാളത്തിൽ പുറത്തിറങ്ങിയത്.

'അലകടലിനക്കരെ' സിനിമ റിലീസായെങ്കിലും പാട്ടുകളുടെ റെക്കോർഡോ ഓഡിയോ കാസെറ്റോ പുറത്തിറങ്ങാതിനാൽ പാട്ടുകൾ ഒട്ടും ശ്രദ്ധേയമായില്ല. അതുപോലെ പാട്ടുകൾ ഹിറ്റായ 'മിഴിയോരങ്ങളിൽ' എന്ന ചിത്രം സെൻസർ കഴിഞ്ഞുവെങ്കിലും സിനിമ റിലീസായതുമില്ല. ഐ.വി. ശശി സംവിധാനം ചെയ്ത 'അനുരാഗി'യാണ് ഗംഗൈ അമരന്റെ സംഗീതത്തിൽ വന്ന അവസാനമലയാളചിത്രം. 

1997ൽ പുറത്തിറങ്ങിയ ഐ.വി. ശശി - മോഹൻലാൽ ചിത്രം 'വർണ്ണപ്പകിട്ടി'ലെ 'ഒക്കേല ഒക്കേല' എന്ന ദ്വിഭാഷാഗാനത്തിലെ തമിഴ് വരികൾ ഗംഗൈ അമരനാണ് എഴുതിയിരിക്കുന്നത്.

മലയാളത്തിൽ ഗംഗൈ അമരന്റെ സിനിമാഗാനങ്ങളെക്കാളും ജനപ്രീതി നേടിയത് യേശുദാസിന്റെ 'തരംഗിണി'ക്കു വേണ്ടി അദ്ദേഹം ചെയ്ത അയ്യപ്പഭക്തിഗാനങ്ങളാണ്. 1986ലാണ് അമരന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ആദ്യത്തെ അയ്യപ്പഭക്തിഗാനകസെറ്റ് (അയ്യപ്പഭക്തിഗാനങ്ങൾ- Vol 6, രചന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി) പുറത്തുവരുന്നത്. 'ആനയിറങ്ങും മാമലയിൽ', 'കാനനവാസാ കലിയുഗവരദാ', 'ഉദിച്ചുയർന്നു മാമലമേലെ', 'മകരസംക്രമ ദീപാവലി' എന്നിങ്ങനെ ആ ആൽബത്തിലെ എല്ലാ ഗാനങ്ങളും ഇന്നും മണ്ഡലക്കാലത്തിന്റെ സ്വരമുദ്രയാണ്. 

1996ൽ 'ഏകമയം', 2004ൽ 'ശരണം സ്വാമി' എന്നിങ്ങനെ ഗംഗൈ അമരൻ സംഗീതം നൽകിയ അയ്യപ്പഭക്തിഗാനങ്ങൾ ഉൾപ്പെടുന്ന രണ്ട് ആൽബങ്ങൾ കൂടി മലയാളത്തിൽ 'തരംഗിണി'യിലൂടെ പുറത്തിറങ്ങി. ഇവയെല്ലാം തന്നെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പുറത്തുവന്നിട്ടുണ്ട്. കൂടാതെ തരംഗിണിക്ക് വേണ്ടി മറ്റുള്ള സംഗീതസംവിധായകർ ഈണമിട്ട് മലയാളത്തിൽ പുറത്തിറങ്ങിയ ചില അയ്യപ്പഭക്തിഗാനങ്ങൾ തമിഴിലേക്ക് മൊഴിമാറ്റിയിരിക്കുന്നതും ഗംഗൈ അമരനാണ്. 

മലയാളവും തമിഴും കൂടാതെ തെലുഗ്, കന്നഡ ചിത്രങ്ങൾക്കും ഗംഗൈ അമരൻ സംഗീതം നൽകിയിട്ടുണ്ട്. തുളു ഉൾപ്പെടെയുള്ള തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മതഭേദമെന്യേ അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.

സംവിധാനം, ഗാനരചന, സംഗീതം, കഥ, തിരക്കഥ, ആലാപനം എന്നിവയ്ക്കൊപ്പം ഡബ്ബിങ്, ചെറിയ തോതിലാണെങ്കിലും അഭിനയം എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച ഗംഗൈ അമരൻ നയിച്ചിരുന്ന ഗാനമേളകളും വളരെ പ്രസിദ്ധങ്ങളാണ്. 'ഗംഗൈ അമരൻ നൈറ്റ്' എന്ന പേരിൽ എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിരയിലുണ്ടായിരുന്ന ഗായകരെ ഉൾപ്പെടുത്തി തമിഴരുള്ള രാജ്യങ്ങളിലൊക്കെയും അദ്ദേഹം ആ സംഗീതമേള അവതരിപ്പിച്ചിട്ടുണ്ട്. പാട്ടുകൾക്ക് പ്രാധാന്യം കുറയാതെ തന്നെ തമാശകളും ഉൾപ്പെടുത്തിയായിരുന്നു സ്വതവേ രസികപ്രിയനായ അമരന്റെ സംഗീതനിശകൾ. 

അടുത്ത കാലത്ത് രാഷ്ട്രീയപ്രവേശനത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഗംഗൈ അമരൻ ഇപ്പോഴും ഗാനരചനാരംഗത്ത് സജീവമാണ്. അദ്ദേഹം എഴുതി അടുത്തിടെ റിലീസായ 'സ്പാർക്' (The Greatest of All Time) 'കാത്തിരുന്തേൻ' (Kozhippanai Chelladurai) എന്നീ രണ്ടു പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു.

ഗംഗൈ അമരന്റെ മക്കളായ വെങ്കട് പ്രഭുവും പ്രേംജി അമരനും സിനിമാമേഖലയിൽ തങ്ങളുടേതായ വിജയം കണ്ടെത്തിയവരാണ്. 

ആരംഭത്തിൽ സൂചിപ്പിച്ചതുപോലെ, ആരെങ്കിലുമൊക്കെ ആരോപിക്കുന്ന 'അണ്ണന്റെ നിഴലിലെ' അമരത്വമല്ല ആ കലാകാരൻ. താൻ തനിയെ തെളിച്ച വഴികളിലൂടെ, വാക്കിലും വചനങ്ങളിലും ഈണത്തിലും ഈരടികളിലും ഗംഗ പോലെ നിലക്കാത്ത പ്രവാഹമായി കാഴ്ചകളിലും കേൾവികളിലും പരന്നൊഴുകിയ പൂർണകലാകാരനാണ് ഗംഗൈ അമരൻ.

English Summary:

Gangai Amaran celebrates 77th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com