ഹൃദയങ്ങളിൽ നിറയുന്ന ‘സ്തുതി’; മനം കവർന്ന് സുജാതയുടെ ആലാപനം
Mail This Article
പാട്ടുവീഞ്ഞൊഴുക്കി ഒരു ക്രിസ്മസ് കാലം കൂടി വരവായി. ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുന്നു. ഇപ്പോഴിതാ ആഘോഷങ്ങൾക്കു പകിട്ടേകാൻ പുത്തൻ ക്രിസ്മസ് പാട്ടുമായി എത്തിയിരിക്കുകയാണ് സിയോൺ ക്ലാസിക്സ്. ഗായിക സുജാത മോഹന്റെ സ്വരഭംഗിയിൽ പുറത്തിറങ്ങിയ ‘സ്തുതി’ ഭക്തിഗാനം പ്രേക്ഷകഹൃദയങ്ങളിൽ ഇടം പിടിച്ചുകഴിഞ്ഞു.
‘പാവന സ്നേഹിതൻ വരവായി...’ എന്ന് ആരംഭിക്കുന്ന മനോഹര ഗാനത്തിന് രാജീവ് ആലുങ്കൽ ആണ് വരികൾ കുറിച്ചത്. സൽജിൻ കളപ്പുര ഈണമൊരുക്കി. ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഓർക്കസ്ട്ര ടീം ആണ് പാട്ടിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ബിജു പൗലോസ് അതിനു നേതൃത്വം നൽകിയിരിക്കുന്നു.
‘പാവന സ്നേഹിതൻ വരവായി
പാരാകെ ആഘോഷ നിറവായ്
പുൽക്കൂട്ടിലാനന്ദ കുളിരായി
പാപങ്ങൾ നീങ്ങുന്ന ദിനമായി...’
സിയോൺ ക്ലാസിക്സിന്റെ ബാനറിൽ ജിനോ കുന്നുംപുറത്ത് ആണ് ‘സ്തുതി’ നിർമിച്ചിരിക്കുന്നത്. ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ വിജയകരമായ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ജിനോയുടെ സിയോൺ ക്ലാസിക്സ്.
‘സ്തുതി’ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇടവേളയ്ക്കു ശേഷം സുജാത മോഹൻ ആലപിച്ച പാട്ട് കേട്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആദ്യ കേൾവിയിൽ തന്നെ ‘സ്തുതി’ മനസ്സിൽ പതിയുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. ജോബിൻ കായനാട്, രാജേന്ദ്രൻ എന്നിവർ ചേർന്നാണു ഗാനരംഗങ്ങൾ ചിത്രീകരിച്ചത്. റെക്സൺ ജോസഫ് എഡിറ്റിങ് നിർവഹിച്ചു.