വേർപിരിയലിനു ശേഷം ആദ്യമായി ഒന്നിച്ച് വേദി പങ്കിട്ട് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും; ദൃശ്യങ്ങൾ പുറത്ത്
Mail This Article
വേർപിരിയലിനു ശേഷം ആദ്യമായി ഒരുമിച്ച് വേദി പങ്കിട്ട് സംഗീതസംവിധായകൻ ജി.വി.പ്രകാശ് കുമാറും ഗായിക സൈന്ധവിയും. മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജി.വി.പ്രകാശ് അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു.
ഇരുവരും വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 2011 ല്‍ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജി.വി.പ്രകാശ് കുമാര്‍ ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'. സിനിമയിലും ഈ പാട്ട് സൈന്ധവിയും ജി.വി.പ്രകാശും ചേർന്നാണു പാടിയത്. ഇപ്പോൾ വേദിയിലും ഇരുവരും ഒരുമിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
മലേഷ്യയിലെ സംഗീത പരിപാടിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടയില്‍ സൈന്ധവി, മകളെ വേദിയിലുള്ള ജി.വി.പ്രകാശിന് അടുത്തേക്ക് അയച്ചിരുന്നു. മകളെ ചേര്‍ത്തുപിടിച്ചാണ് ജി.വി.പ്രകാശ് പാട്ട് പാടി പരിശീലിച്ചത്. അതിന്റെ വിഡിയോയും നിരവധി പേര്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
ഈ വർഷം മേയിലാണ് തങ്ങൾ വിവാഹമോചിതരായെന്ന് ജി.വി.പ്രകാശും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്. ഏറെ ആലോചനകൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മാനസിക പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇരുവരും പ്രതികരിച്ചു.
2013 ലായിരുന്നു ജി.വി.പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം. അൻവി എന്നാണ് ഇരുവരുടെയും മകളുടെ പേര്. എ.ആർ.റഹ്മാന്റെ സഹോദരീപുത്രനാണ് ജി.വി.പ്രകാശ്. റഹ്മാൻ സംഗീതം നിർവഹിച്ച ‘ജെന്റിൽമാൻ’ എന്ന ചിത്രത്തിലൂടെ ഗായകനായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ജി.വി.പ്രകാശ്, പിന്നീട് സംഗീതസംവിധായകനായും നടനായും പേരെടുത്തു.