കഴുത്ത് വെട്ടിത്തിരിച്ച് മസാജ്, പരുക്കേറ്റ ഗായിക മരിച്ചു; കേസെടുത്ത് പൊലീസ്
Mail This Article
ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റതിനെത്തുടർന്ന് തായ് ഗായിക ചയാദ പ്രാവോ ഹോം മരണപ്പെട്ടു. രക്തത്തില്‍ അണുബാധയും തലച്ചോറില്‍ വീക്കവുമുണ്ടായതോടെ ചികിത്സയിലായിരുന്നു. ആരോഗ്യനിലയെക്കുറിച്ചു ചയാദ സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവച്ചിരുന്നു. തോളിലെ വേദനയെക്കുറിച്ചും അത് കുറയ്ക്കുന്നതിനായി മസാജ് പാർലറിൽ പോകുന്നതിനെക്കുറിച്ചുമെല്ലാമായിരുന്നു ഗായികയുടെ പോസ്‌റ്റുകൾ.
ഒക്ടോബറിലാണ് ആദ്യ സെഷനായി മസാജ് പാർലറിൽ പോയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള (നെക്ക് ട്വിസ്റ്റിങ്) മസാജ് ചെയ്തു. പാർലറിൽനിന്ന് മടങ്ങിയെത്തിയ ശേഷം ചയാദയ്ക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. ഇതിനിടയിൽ രണ്ടാം സെഷനിലും പങ്കെടുത്തു. തുടർന്ന് ആരോഗ്യം കൂടുതൽ വഷളാവുകയായിരുന്നു. തായ് മസാജ് പഠിച്ചിരുന്ന ചയാദയ്ക്ക് മസാജുകളിൽനിന്ന് സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ല. മസാജിന് ശേഷമുള്ള സാധാരണ പ്രശ്നങ്ങൾ മാത്രമാണ് തനിക്ക് അനുഭവപ്പെട്ടതെന്നായിരുന്നു ചയാദയുടെ ധാരണ.
നവംബർ 6നായിരുന്നു അവസാന സെഷൻ. അതിൽ പങ്കെടുത്തതിനു ശേഷം ചയാദയുടെ ശരീരത്തിൽ വീക്കം ഉള്ളതായി കണ്ടെത്തി. വലതു കൈ മരവിക്കുകയും ചെയ്തു. നവംബർ പകുതിയോടെ ചയാദയുടെ ശരീരം 50 ശതമാനത്തിലധികം തളർന്നു. തുടർന്ന് ചലന ശേഷി പൂർണമായും നഷ്ടപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ചയാദ ഞായറാഴ്ച മരണത്തിനു കീഴടങ്ങി.
ചയാദയുടെ മരണത്തെ തുടർന്ന് ഉഡോൺ താനി പ്രവിശ്യ പബ്ലിക് ഹെൽത്ത് ഓഫിസ് അധികൃതർ മസാജ് പാർലറിൽ പരിശോധന നടത്തി. പാർലറിൽ മസാജ് ചെയ്തുകൊടുക്കുന്ന ഏഴിൽ രണ്ട് പേർക്കു മാത്രമാണ് ലൈസൻസുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം, ഇത്തരം മസാജുകൾ നടത്താൻ ലൈസൻസുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് പാർലർ മാനേജറുടെ വാദം. സംഭവത്തിൽ ചയാദയുടെ കുടുംബത്തോട് മാനേജർ മാപ്പുപറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.