‘അവൾ തന്റെ പ്രണയം കണ്ടെത്തി’; വധുവായി ഒരുങ്ങി അഭയ ഹിരൺമയി, ചിത്രങ്ങൾ വൈറൽ
Mail This Article
വധുവായി അണിഞ്ഞൊരുങ്ങി ഗായിക അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. വെള്ള നിറത്തിലുള്ള ഗൗൺ ആണ് അഭയ ധരിച്ചത്. മിഡിൽ സ്ലിറ്റഡ് സ്ലീവ്‌ലെസ് ഗൗണിൽ സിംപിൾ ലുക്കിൽ അഭയ പ്രത്യക്ഷപ്പെട്ടു. ഡീപ് വി നെക് ആണ് ഗൗണിന് നൽകിയിരിക്കുന്നത്.
നെറ്റ് ഫാബ്രിക് കൊണ്ടുള്ള വെയ്‌ലും (ശിരോവസ്ത്രം) ഗൗണിൽ അറ്റാച്ച് ചെയ്തിരിക്കുന്നു. വെള്ളക്കല്ലുകൾ പതിച്ച സിംപിൾ കമ്മലും മോതിരവും മാത്രമാണ് ആഭരണമായി അണിഞ്ഞത്. ന്യൂഡ് മേക്കപ് ആണ് അഭയ തിരഞ്ഞെടുത്തത്. സ്മോക്കി ഐസ് ഗായികയുടെ ഭംഗി കൂട്ടി. കയ്യിൽ ബൊക്കേയും പിടിച്ചിരിക്കുന്നു.
‘ആശയക്കുഴപ്പങ്ങളുടെയും ശാരീരിക പ്രതിച്ഛായയുടെയും സ്വയം വെറുപ്പിന്റെയും സാമൂഹിക സമ്മർദങ്ങളുടെയുമൊക്കെ പൂച്ചെണ്ടുമായി അവൾ ഓടി. ഇടയ്ക്ക് കാലിടറി വീണു, എന്നാൽ വീണ്ടും എഴുന്നേറ്റു. ആ പൂച്ചെണ്ട് താഴെയിട്ടപ്പോൾ അവൾ തന്റെ പ്രണയം കണ്ടെത്തി. സ്വയം സ്നേഹം കണ്ടെത്തി’, ചിത്രങ്ങൾ പങ്കിട്ട് അഭയയെ ടാഗ് ചെയ്ത് മേക്കപ് ആർട്ടിസ്റ്റ് വാസൻ സമൂഹമാധ്യമങ്ങളിൽ എഴുതി.
വാസൻ ആണ് അഭയയെ സിംപിൾ മേക്കപ്പിൽ കൂടുതൽ സുന്ദരിയാക്കിയത്. അരുൺ മോഹൻ ചിത്രങ്ങൾ പകർത്തി. അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ക്രിസ്ത്യൻ ബ്രൈഡ് ലുക്ക് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മുൻപും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഹിരൺമയി നൽകാറുണ്ട്.