‘എത്ര കിട്ടി? സ്വർണമോ അതോ പൈസയോ’? വിമർശകന്റെ വായടപ്പിച്ച് ഇഷാൻ ദേവ്, മറുപടി വൈറൽ
Mail This Article
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനൊപ്പമുള്ള ഓർമച്ചിത്രങ്ങൾ പങ്കിട്ട സംഗീതസംവിധായകൻ ഇഷാൻ ദേവിനു നേരെ സൈബർ ആക്രമണം. ലക്ഷ്മി ബാലഭാസ്കർ മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖം ചർച്ചയാകുന്നതിനിടെ ലക്ഷ്മിയെ പിന്തുണച്ചെത്തിയ ഇഷാനെയാണ് ഒരു വിഭാഗം വിമർശിച്ചത്.
‘എത്ര കിട്ടി? സ്വർണം ആയാണോ അതോ ക്യാഷ് ആയാണോ?’ എന്നു പരിഹാസ രൂപേണ ചോദിച്ച ഒരാളോട് രൂക്ഷമായിത്തന്നെ ഇഷാൻ ദേവ് പ്രതികരിച്ചു. ‘തങ്കം, തനി തങ്കമായ ബാലു അണ്ണനേം അയാളെ ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാത്ത ഭാര്യയെയും. മനസ്സിലാക്കാൻ മനുഷ്യനായാൽ മാത്രം മതിയാകും’, എന്നാണ് ഇഷാൻ ദേവ് മറുപടിയായി കുറിച്ചത്.
അവിടെയും തീർന്നില്ല വിമർശനങ്ങൾ. നിരവധി പേർ വീണ്ടും ലക്ഷ്മിക്കെതിരെ രംഗത്തു വന്നു. അതിനൊക്കെ ഇഷാൻ ദേവിന്റെ ഭാര്യ ജീന മറുപടിയും നൽകി. ജീന ഇക്കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ജീവിതം വിവരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇഷാൻ ദേവും ബാലഭാസ്കറും തമ്മിൽ വലിയ അടുപ്പമായിരുന്നു. അപകടശേഷവും ലക്ഷ്മിക്ക് എല്ലാ പിന്തുണയും സഹായവുമായി ഒപ്പം നിന്നതിലും മുൻപന്തിയിലുണ്ട് ഇഷാനും കുടുംബവും.