ക്രിസ്മസ് പാട്ടുമായി രാജലക്ഷ്മിയും കൂട്ടരും; മനം നിറച്ച് ‘സ്നേഹസമ്മാനം’
Mail This Article
ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സദ്‌വാർത്തയുമായി ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തുകയായി. ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, ഹൃദയങ്ങളെ തഴുകിയെത്തുകയാണ് ‘സ്നേഹസമ്മാനം’ എന്ന ക്രിസ്മസ് ഗാനം. പിന്നണി ഗായിക രാജലക്ഷ്മിയാണ് ഈ മനോഹര ഗാനത്തിനു പിന്നിൽ സ്വരമായത്. അർജുൻ.വി.അക്ഷയയും ആലാപനത്തിൽ പങ്കുചേർന്നു. അർജുൻ തന്നെയാണ് പാട്ടിന് ഈണമൊരുക്കിയത്. ടിജു.പി.കോശി വരികൾ കുറിച്ചു.
‘തൂവാനത്തിരകളിൽ മിന്നുന്ന താരം നോക്കി
അണഞ്ഞിടുന്നു സ്തുതി പാടിടുന്നു
ആ രാവിൽ രാജാക്കന്മാർ ഭൂജാതൻ ഈശൻ മുന്നിൽ
തൊഴുത് നിന്ന് വാഴ്ത്തിപ്പാടുന്നു....’
‘സ്നേഹസമ്മാനം’ ചുരുങ്ങിയ സമയത്തിനകം തന്നെ ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ആദ്യ കേൾവിയിൽ തന്നെ പാട്ട് മനസ്സിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. ദൃശ്യമികവുകൊണ്ടും സമ്പന്നമാണ് ‘സ്നേഹസമ്മാനം’.
അലൻ പോൾ ലാൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. അർജുൻ.വി.അക്ഷയ മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തു. ടിജു.പി.കോശിയും എബിൻ ജോജിയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. അർജുനും ടിജുവും ചേർന്ന് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു.