എം.ജി.ശ്രീകുമാറിനൊപ്പം ലിബിൻ സ്കറിയയുടെ സ്വരവും; ഹൃദയങ്ങളിൽ കയറിക്കൂടി ‘കാൽവരി വീഥികളിൽ’
Mail This Article
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘കാൽവരി വീഥികളിൽ’ എന്ന ഗാനം. മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ബിച്ചു തിരുമലയുടെ മകൻ സുമൻ ഈണമൊരുക്കിയ ഗാനമാണിത്. എം.ജി.ശ്രീകുമാറും ലിബിൻ സ്കറിയയും ചേർന്നു ഗാനം ആലപിച്ചു. ക്രിസ്ത്യൻ ഭക്തിഗാനശാഖയിൽ സജീവമായ ജോർജ് മാത്യു ചെറിയത്ത് ആണ് പാട്ടിനു വരികൾ കുറിച്ചത്.
ഈ പാട്ടിന് വലിയൊരു സൗഹൃദത്തിന്റെ കഥ പറയാനുണ്ട്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ഒരുമിച്ചു പഠിച്ച കാലം മുതൽ സുഹൃത്തുക്കൾ ആണ് പാട്ടിന്റെ അണിയറ പ്രവർത്തകരായ സുമനും ജോർജും. പഠന കാലത്ത് ഇരുവരും ചേർന്ന് നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു. ഇപ്പോൾ ഏകദേശം 28 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒത്തുചേർന്ന് മറ്റൊരു ഗാനം ഒരുക്കുന്നത്. ഷാർജയിൽ ദീർഘകാലമായി ജോലി ചെയ്യുന്ന ജോർജ് മാത്യുവിന്റെ നാട്ടിലെ ഒരു അവധിക്കാലത്താണ് ഇത്തരമൊരു ഗാനം അണിയിച്ചൊരുക്കുവാൻ ഇരുവരും തീരുമാനിച്ചത്.
‘കാൽവരി വീഥികളിൽ’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ‘യാത്ര’ എന്ന ആൽബത്തിലേതാണ് പാട്ട്. പ്രശസ്ത നാദസ്വര വിദ്വാൻ ആയ ഓ.കെ.ഗോപിയുടെ പ്രകടനം പാട്ടിന്റെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്. പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ‘കാൽവരി വീഥികളിൽ’ ഒദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്.