‘അങ്ങുവാനക്കോണില്’ ചോദ്യപേപ്പറിൽ; വലിയ അംഗീകാരമെന്ന് ദിബുവും മനു മഞ്ജിത്തും
Mail This Article
എആർഎം എന്ന ചിത്രത്തിലെ ‘അങ്ങുവാനക്കോണില്’ എന്ന പാട്ട് ഏഴാം ക്ലാസിലെ മലയാളം പരീക്ഷാ പേപ്പറിൽ ഉൾപ്പെടുത്തിയതിന്റെ സന്തോഷം പങ്കുവച്ച് പാട്ടിന്റെ സംഗീതസംവിധായകൻ ദിബു നൈനാൻ തോമസും ഗാനരചയിതാവ് മനു മഞ്ജിത്തും. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ഇരുവരുടെയും പ്രതികരണം.
‘ഞങ്ങളുടെ ജോലി യുവമനസ്സുകളിലേക്ക് എത്തിച്ചേരുകയും വിദ്യാഭ്യാസത്തിൽ ഒരു ഇടം കണ്ടെത്തുകയും ചെയ്യുന്നു എന്നറിയുന്നത് ശരിക്കും അദ്ഭുതകരമാണ്. ഈ തിരിച്ചറിവ് അമൂല്യമാണ്. ഈ ബഹുമതിക്കും അത് സാധ്യമാക്കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’, ദിബു കുറിച്ചു.
വ്യക്തിപരമായ അനുഭവം കൂടി ചേർത്താണ് മനു മഞ്ജിത്തിന്റെ പോസ്റ്റ്.
‘വളരെ വ്യക്തിപരമായ ഒരു കുറിപ്പാണ്. അമ്മ ഒരു മലയാളം ടീച്ചറായിരുന്നു. അമ്മയും അമ്മയുടെ സഹോദരൻമാരും എല്ലാവരും അധ്യാപകരായിരുന്നു. എല്ലാവരും മലയാളവും. സർവീസിൽ ഉണ്ടായിരുന്ന നേരത്ത് അവധിക്കാലങ്ങളിലോ അല്ലെങ്കിൽ കണ്ടുമുട്ടുന്ന സമയങ്ങളിലെല്ലാം അവർ എടുക്കാനുള്ള പോർഷൻസോ സിലബസോ അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് അവരുടെ ജോലിയുമായോ വിഷയവുമായോ പരീക്ഷകളുമായോ ചോദ്യങ്ങളുമായോ ബന്ധപ്പെട്ടു സംസാരിക്കുന്നത് കുട്ടിക്കാലം മുതലേ ഉള്ള ഒരു രസമുള്ള ഓർമയാണ്.
അതുപോലെ പണ്ട് ഞാനും പരീക്ഷയെഴുതുമ്പോൾ ഉള്ള ഒരു കാഴ്ച ആണ് ഒരു വിഷയത്തിന്റെ ചോദ്യപ്പേപ്പർ. അത് എടുക്കുന്ന ടീച്ചർ വന്ന് വായിച്ചു നോക്കുന്നത്. "പഠിപ്പിച്ചത് ഒക്കെത്തന്നെയല്ലേ പടച്ചോനേ ചോദിച്ചിട്ടുള്ളൂ..." എന്നൊരു അങ്കലാപ്പ് ഉണ്ടാവും മുഴുവൻ വായിച്ച് തീരും വരെ ആ മുഖങ്ങളിൽ.
അവരിലും ഞാൻ അമ്മയെ കാണാറുണ്ട്. ഇതൊക്കെ ഇപ്പോൾ ഒന്നും കൂടി ഓർക്കാൻ കാരണം ഇന്നലത്തെ ഒരു ചോദ്യപ്പേപ്പർ ആണ്. കൈ വിറച്ച് കൊണ്ട് വാങ്ങിയ ഓർമകളുള്ള ചോദ്യക്കടലാസിൽ നമ്മുടെ നാലു വരി. അതും മലയാളം പരീക്ഷയ്ക്ക്.
ഇതിനൊക്കെ എന്ത് പറയാനാണ്! അത്രയും വികാരനിർഭരമാവുന്ന ഒരു വാർത്ത. ആകെ ആഗ്രഹിച്ചു പോയത് ഏഴാം ക്ലാസ്സിൽ അല്ലായിരുന്നു പഠിപ്പിച്ചിരുന്നത് എങ്കിലും അമ്മയ്ക്കും മാമൻമാർക്കുമെല്ലാം ഒരൽപം കൂടെ കഴിഞ്ഞ് റിട്ടയർ ആവാമായിരുന്നു എന്നു മാത്രമാണ്!
(ഇനി ആരെഴുതിയത് ആയാലും ടെൻഷനടിച്ച് പരീക്ഷ എഴുതുന്ന ചോദ്യങ്ങൾക്കിടയിൽ നാലു വരി സിനിമാപ്പാട്ടൊക്കെ കാണുന്ന ആശ്വാസം ചെറുതൊന്നുമാവില്ല. അല്ലേ?), മനു മഞ്ജിത്ത് കുറിച്ചു.
അങ്ങുവാനക്കോണില്.... വൈക്കം വിജയലക്ഷ്മിയുടെ ഈ പ്രസിദ്ധഗാനം ശ്രദ്ധിച്ചിട്ടില്ലേ? കാഴ്ച പരിമിതിയെ സംഗീതം കൊണ്ട് അതിജീവിക്കുന്ന ഈ കലാകാരിയെ അഭിനന്ദിച്ച് ഇ–മെയിൽ അയയ്ക്കാൻ സന്ദേശം തയ്യാറാക്കുക എന്നതായിരുന്നു ഏഴാം ക്ലാസിലെ കുട്ടികൾക്കു പരീക്ഷയ്ക്കു വന്ന ചോദ്യം. പിന്നാലെയാണ് പാട്ടിന്റെ പിന്നണിപ്രവർത്തകർ സന്തോഷം അറിയിച്ച് എത്തിയത്. എആർഎമ്മിലെ നായകൻ ടൊവിനോ തോമസും, താൻ അഭിനയിച്ച ചിത്രത്തിന് ഇത്തരമൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരുന്നു.