‘ഏറെ സന്തോഷം പകരുന്ന സ്നേഹഗീതം’; പുത്തൻ കാരൾ ഗാനത്തെക്കുറിച്ച് രാജലക്ഷ്മി
Mail This Article
ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം കാത്തിരിക്കുകയാണ്. പാട്ടുമേളവുമായി കാരൾ സംഘങ്ങളും എത്തുകയായി. ഇപ്പോഴിതാ, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സദ്‌വാർത്തയുമായി എത്തിയ ‘സ്നേഹസമ്മാനം’ എന്ന ഗാനമാണ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നത്. ഗായിക രാജലക്ഷ്മിയാണ് പാട്ടിന്റെ പിന്നണിയിലെ സ്വരം. അർജുൻ.വി.അക്ഷയയും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. ടിജു.പി.കോശിയുടേതാണു പാട്ടിലെ വരികൾ. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത പാട്ട് ഇതിനകം നിരവധി ആസ്വാദകരെ നേടിക്കഴിഞ്ഞു. ഏറെ സന്തേഷം പകരുന്ന ഒരു കാരൾ ഗാനമാണ് ‘സ്നേഹസമ്മാനം’ എന്നു പറയുകയാണ് രാജലക്ഷ്മി.
‘ഈ പാട്ടിന്റെ പിന്നണി പ്രവർത്തകരായ അർജുന്റെയും ടിജുവിന്റെയും കൂടെ ഞാൻ മുൻപും വർക്ക് ചെയ്തിട്ടുണ്ട്. അവരുടേതു മികച്ച ഒരു ടീം ആണ്. ക്രിസ്മസിന് തങ്ങൾ ഒരു പാട്ടൊരുക്കുന്നുണ്ടെന്നും അത് ഞാൻ പാടണമെന്നും പറഞ്ഞ് അർജുൻ ആണ് എന്നെ വിളിച്ചത്. പാടാമെന്നു ഞാൻ സമ്മതിക്കുകയും ചെയ്തു. എന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ ഒരു ഫാസ്റ്റ് നമ്പർ ആണ് സ്നേഹസമ്മാനം എന്ന ഈ ഗാനം. ഏറെ സന്തോഷം തരുന്ന ഒരു കാരൾ ഗാനം. ഒരുപാട് ആസ്വദിച്ചാണ് ഞാനത് പാടിയത്. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷം. എല്ലാവർക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്മസ് കാലം ആശംസിക്കുന്നു’, രാജലക്ഷ്മി മനോരമ ഓൺലൈനിനോടു പറഞ്ഞു.
സ്നേഹസമ്മാനത്തിന്റെ സംഗീതസംവിധായകനായ അർജുൻ.വി.അക്ഷയ ഏകദേശം പത്ത് വർഷത്തോളമായി സംഗീതരംഗത്തു സജീവമാണ്. ഹ്രസ്വചിത്രങ്ങൾക്കും സിനിമകൾക്കും വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്. ഗായകൻ കൂടിയായ അർജുൻ ഈ കാരൾ ഗാനത്തെക്കുറിച്ചു പറുന്നതിങ്ങനെ:
‘ഏറെക്കാലമായി വീട്ടിലേക്കു വരാത്ത ഒരു മകനെ കാത്തിരിക്കുന്ന പിതാവിന്റെ കഥയാണ് പാട്ടിലൂടെ പറയാൻ ശ്രമിച്ചത്. ഈ ക്രിസ്മസിനെങ്കിലും മകനും കുടുംബവും തന്നെ കാണാനെത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിനരികിലേക്ക് ക്രിസ്മസ് സന്ദേശവുമായി കാരൾ സംഘം എത്തുന്നു. അവർ സ്നേഹസന്ദേശമേകുന്ന കാരൾ പാട്ടുകൾ പാടി ശാന്തിയും സമാധാനവും ആശംസിച്ചു മടങ്ങുമ്പോൾ ആ പിതാവിന്റെ മകനും കുടുംബവും വീട്ടിലേക്കു കയറി വരുന്നു. ആ വൈകാരിക നിമിഷത്തിലൂടെയാണ് പാട്ട് അവസാനിക്കുന്നത്. സ്നേഹസമ്മാനം ആസ്വാദകഹൃദയങ്ങൾ ഏറ്റെടുത്തതിൽ ഏറെ സന്തോഷം തോന്നുന്നു. മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്’, അർജുൻ.വി.അക്ഷയ മനോരമ ഓൺലൈനിനോടു പറഞ്ഞു.
അലൻ പോൾ ലാൽ ആണ് സ്നേഹസമ്മാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. അർജുൻ.വി.അക്ഷയ മിക്സിങ്ങും മാസ്റ്ററിങ്ങും ചെയ്തു. ടിജു.പി.കോശിയും എബിൻ ജോജിയും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചത്. അർജുനും ടിജുവും ചേർന്ന് വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നു.