കാരൾ ഗാനവുമായി കുട്ടിഗായകസംഘം; മനം നിറഞ്ഞ് ആസ്വാദകർ
Mail This Article
ഡിസംബറിന്റെ ജ്യൂക് ബോക്സിൽ നിറയെ ക്രിസ്മസ് ഗാനങ്ങൾ നിറഞ്ഞു കഴിഞ്ഞു. കാതോർത്താൽ എവിടെയും മധുരമാർന്ന കാരൾ ഗാനങ്ങൾ മാത്രം. ഓരോ രാത്രിക്കും ഇനി ബാൻഡിന്റെയും ബ്യൂഗിളിന്റെയും ഇമ്പമാർന്ന ഈണം. അക്കൂട്ടത്തിൽ വ്യത്യസ്തമായൊരു കാരൾ ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കുട്ടിക്കൂട്ടം. കുട്ടികൾ ഒരുക്കുന്ന ഓർക്കസ്ട്രയിൽ, കുട്ടികൾ തന്നെ ആലപിക്കുന്ന മനോഹരഗാനവുമായി എത്തുന്നത് കോട്ടയം കഞ്ഞിക്കുഴിയിലെ മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നുള്ള ഒരു കൂട്ടം കുഞ്ഞുഗായകരാണ്. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘ആനന്ദം ആനന്ദം’ എന്നു തുടങ്ങുന്ന ഈ ഗാനം ഇതിനകം ഒരു പുതിയ സംഗീതാനുഭവമായി മാറിക്കഴിഞ്ഞു.
ആനന്ദം ആനന്ദം...
സ്വർഗീയ ആനന്ദം...
ദൂതരിൻ ഗാനം...
കേൾപ്പതിൻ ആമോദമായ്...
1970കളിൽ വി.സി ചെറിയാനാണ് ഈ ഗാനത്തിന്റെ രചന നിർവഹിച്ചത്. കോട്ടയം സിഎസ്ഐ കത്തീഡ്രലിലെ ഗായകനായിരുന്ന അദ്ദേഹം ഇന്ന് ഓർമയായെങ്കിലും അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ നൂറിലേറെ വരുന്ന ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇന്നും കോട്ടയത്തെ സംഗീതപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 50 വർഷത്തോളം ദേവാലയങ്ങളിലെ ഗായകസംഘങ്ങളിൽ ഓർഗൻ വായിച്ച വി.സി ചെറിയാൻ മാസ്റ്ററുടെ രചനാസൗന്ദര്യം നിറഞ്ഞുനിൽക്കുന്ന വരികളാണ് ഈ ഗാനത്തിലേത്. കോട്ടയത്തെ ഏറ്റവും പഴക്കം ചെന്ന മ്യൂസിക് സ്കൂളുകളിലൊന്നായ മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്കിലെ മിടുക്കരായ ഗായകരാണ് ഈ ആനന്ദഗാനത്തിന് സ്വരം ചേർത്തുവയ്ക്കുന്നത്.
ദേവാധി ദേവൻ രാജാധിരാജൻ
കർത്താധി കർത്തൻ
ദൈവത്തിൻ ഏകപുത്രൻ...
ബേത്‌ലഹേമിലെ നനുത്തൊരു പുൽക്കൂട്ടിൽനിന്നു തുടങ്ങി കാൽവരിയിലെ കണ്ണീരോളം നീളുന്ന യേശുക്രിസ്തുവിന്റെ ജീവിതത്തെയും ജീവത്യാഗത്തെയും ഹൃദ്യമായി അവതരിപ്പിക്കുകയാണ് വരികൾ. പച്ചനിറത്തിലുള്ള വർണക്കുപ്പായവും കടുംചുവന്ന ക്രിസ്മസ് തൊപ്പിയുമായി കുഞ്ഞുഗായകർ അണിചേർന്നു പാടുന്ന കാഴ്ചയിൽതന്നെ കൺകുളിരുന്നു. പതിവു കാരൾഗാനങ്ങളുടെ ആഘോഷവും ആർപ്പവിളികളുമില്ലാതെ വളരെ പതിഞ്ഞ താളത്തിലുള്ള സ്വച്ഛ സുന്ദരമായ ഈ ക്രിസ്മസ് ഗാനം ഇനി നിങ്ങളുടെ ജ്യൂക് ബോക്സിലും മുഴങ്ങട്ടെ.