ADVERTISEMENT

ആർത്തലയ്‌ക്കുന്ന രാത്രിമഴയ്‌ക്കു നേരെ വാതിൽജനാലകൾ കൊട്ടിയച്ച് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്‌ക്കിരുന്ന് പെയ്യുകയായിരുന്നു ജ്യോതി, പുറത്തു പെയ്യുന്ന മഴയേക്കാൾ കോരിച്ചൊരിഞ്ഞ്... അൽപനേരം മുമ്പാണ് റാം യാത്ര പറഞ്ഞ് ആ ഫ്ലാറ്റുവിട്ടിറങ്ങിയത്. അവളെയും അവളെ ചേർത്ത് അയാൾ കണ്ട സ്വപ്‌നങ്ങളെയും അവിടെ ബാക്കി വച്ച്. നഗരത്തിരക്കിൽ രണ്ടുമുറി വാടകവീട്ടിൽ ഒരുമിച്ചു കഴിഞ്ഞ സുഹൃത്തുക്കൾ മാത്രമായിരുന്നു റാമും ജ്യോതിയും. ആദ്യമായി കണ്ടുമുട്ടിയത് ഒരു പാതിരാത്തീവണ്ടിയാത്രയിലാണ്. പിന്നെ ഒരേ ഓഫിസിൽ ജോലി ചെയ്‌തതിന്റെ സൗഹൃദം... ഒറ്റയ്‌ക്കൊരു വാടകവീടു തരപ്പെടാതെ വന്നപ്പോൾ ജ്യോതി തന്നെയാണ് റാമിനോട് ആവശ്യപ്പെട്ടത്, റാമിന്റെ ഫ്ലാറ്റിൽ പകുതി വാടകയ്‌ക്ക് തനിക്കു കൂടി ഒരിടം തരാമോ എന്ന്.

നഗരത്തിലൊക്കെ ജീവിച്ച അൽപസ്വൽപം പരിഷ്‌കാരിയായ ജ്യോതിക്ക് അതിൽ തെല്ലും അസ്വഭാവികത തോന്നിയില്ല. പക്ഷേ, റാം.. നാട്ടുമ്പുറത്തു വളർന്ന്, പെണ്ണുങ്ങളോട് അധികമൊന്നും ഇടപഴകി പരിചയമില്ലാത്ത ആ ചെറുപ്പക്കാരൻ ജ്യോതിയെ അധികം വൈകാതെ തന്റെ ഹൃദയത്തിലേക്കു കൂടിയാണ് താമസിക്കാൻ വിളിച്ചത്. സ്വതവേയുള്ള പരിഭ്രമം കൊണ്ട് അയാൾക്കതു തുറന്നു പറയാൻ കഴിഞ്ഞില്ലെന്നു മാത്രം. അമ്മയ്‌ക്കയച്ച അടുത്ത കത്തിൽ എഴുതി, അയാൾ ഇത്രയും കാലം കാത്തിരുന്ന പെൺകുട്ടിയെ കണ്ടുമുട്ടിയെന്ന്. പിന്നീട് അവൾ പോലുമറിയാതെ അവൾക്കു ചുറ്റിലും പ്രണയപരാഗം പരത്തുകയായിരുന്നു റാം. ഒറ്റയ്‌ക്കൊരു പ്രണയം. അവളോടുള്ള ഓരോ മൂളലിൽ പോലുമുണ്ടായിരുന്നു ആ പ്രണയത്തിന്റെ പറയാമൗനം...

പക്ഷേ, ഇതൊന്നും തിരിച്ചറിയാതെ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്ന ജ്യോതിയോട് ഒടുവിൽ അയാൾ ഹൃദയം തുറക്കുന്നത് അവളുടെ വിവാഹത്തലേന്നാണ്. വളരെ വൈകിയിരുന്നു അപ്പോഴേക്കും. അതുകൊണ്ടുതന്നെയാണ് അയാൾ എന്നെന്നേയ്‌ക്കുമായി അവളോടു യാത്ര പറഞ്ഞിറങ്ങിയത്. റാം പടിയിറങ്ങിയപ്പോയപ്പോഴാണ്, അയാൾ അവശേഷിപ്പിച്ച ശൂന്യതയിൽനിന്നാണ് ജ്യോതി തനിക്ക് റാമിനോടുണ്ടായിരുന്ന പ്രണയം കണ്ടെത്തുന്നത്. റാം അവളെ ഒറ്റയ്ക്കാക്കി ഇറങ്ങിപ്പോയപ്പോൾ ആ വാടകവീടിന് ഇനിയും തുറക്കാത്ത ആയിരം മുറികളുണ്ടെന്നു തോന്നിച്ചു, റാമിന്റെ ഹൃദയം പോലെതന്നെ. ചുറ്റിലും തിരഞ്ഞു കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ജ്യോതി, ഏത് ഇരുട്ടുമൂലയിലാണ് റാം ഇത്രയും കാലം അയാളുടെ പ്രണയം ഒളിപ്പിച്ചുവച്ചതെന്ന്? ഒരു വാക്കുകൊണ്ടെങ്കിലും സൂചിപ്പിച്ചിരുന്നെങ്കിൽ തിരിച്ചു നൽകാൻ അവൾ കരുതിവച്ച പ്രണയമത്രയും അപ്പോൾ പുറത്തു മഴയായി പെയ്യുന്നപോലെ തോന്നി. തനിച്ചാകലിന്റെ നൊമ്പരം താങ്ങാനാകാതെ മരിക്കാനുറപ്പിച്ച ആ നിമിഷത്തിലാണ് പുറത്ത് ഒരു കാൽപ്പെരുമാറ്റം കേൾക്കുന്നത്.. വാതിൽക്കൽ ഒരു മുട്ടിവിളിയും. ജ്യോതീ....

ആ ക്ഷണം അവൾക്കു സ്വീകരിക്കാതെ വയ്യ...കാരണം, പിൻവിളിക്കുന്നത് പ്രണയമാണെങ്കിൽ മടങ്ങിവന്നേ മതിയാകൂ....എത്രായിരം മരണകാതങ്ങൾക്കപ്പുറത്തുനിന്നും...

ഗാനം: ഒന്നു തൊടാനുള്ളിൽ തീരാ മോഹം

ചിത്രം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

രചന: കൈതപ്രം

സംഗീതം: ജോൺസൺ

ആലാപനം: പി. ജയചന്ദ്രൻ

ഒന്നു തൊടാനുള്ളിൽ തീരാ മോഹം

ഒന്നു മിണ്ടാൻ നെഞ്ചിൽ തീരാ ദാഹം

ഇനിയെന്തുവേണമിനിയെന്തുവേണമീ

മൗനമേഘമലിയാൻ പ്രിയംവദേ

 

നീ വരുന്ന വഴിയോര സന്ധ്യയിൽ

കാത്തുകാത്തുനിഴലായി ഞാൻ

അന്നു തന്നൊരനുരാഗ രേഖയിൽ

നോക്കിനോക്കിയുരുകുന്നു ഞാൻ

രാവുകൾ ശലഭമായ് പകലുകൾ കിളികളായ്

നീ വരാതെയെൻ രാക്കിനാവുറങ്ങി...

 

തെല്ലുറങ്ങിയുണരുമ്പോഴൊക്കെയും

നിൻ തലോടലറിയുന്നു ഞാൻ

തെന്നൽ വന്നു കവിളിൽ തൊടുമ്പോഴാ

ചുംബനങ്ങളറിയുന്നു ഞാൻ

ഓമനേ ഓർമകൾ അത്രമേൽ നിർമലം

നിന്റെ സ്‌നേഹമർമരങ്ങൾ പോലും തരളം...

ഏതിന്ദ്രജാലമൃദുമന്ദഹാസമെൻ

നേർക്കുനീട്ടിയലസം മറഞ്ഞുനീ...

English Summary:

Onnu Thodan Ullil Theera Moham from Yaathrakkaarude Shradhaykku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com