ADVERTISEMENT

ഒരു വര്‍ഷം കൂടി ഓര്‍മയാകുന്നു. ചരിത്രത്തിലിടം നേടിയ ദുരിതങ്ങളും ദുഃഖങ്ങളും വിജയഭേരികളും പതിവു പോലെയെത്തിയ ഒരു വര്‍ഷം കൂടി. ഓരോ വര്‍ഷത്തേയും അടയാളപ്പെടുത്തുന്നത് സ്വാഭാവികത മാത്രമല്ല, അക്കാലത്ത് നാം കേട്ടതും കണ്ടതുമായ കലാസൃഷ്ടികള്‍ കൂടിയാണ്. കലയോളം മനുഷ്യനു വേണ്ടി സംസാരിച്ചിട്ടുള്ള മറ്റൊന്നുമില്ല. ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍ സംഗീതരംഗത്തു നിന്ന് നമ്മളിലേക്ക് ഒഴുകിയെത്തി നാം ഏറ്റവുമധികം ചേര്‍ത്തുവച്ച, സ്വന്തമാക്കിയ ലോക സംഗീത ആല്‍ബങ്ങള്‍ ഏതാണെന്ന് ഒന്നറിയാം.

ബ്രാറ്റ്

ലോക സംഗീത ഭൂപടത്തില്‍ എക്കാലത്തേയും മികച്ച ഗാനങ്ങളേത്, ആല്‍ബമേത് എന്ന ചോദ്യത്തിന് ഒരുത്തരമാകുകയാണ് ചാര്‍ലി എക്‌സിഎക്‌സിന്റെ 'ബ്രാറ്റ'്. പെണ്‍സംഗീതത്തിന്റെ കരുത്തില്‍ പിറന്ന ഈ മനോഹര സംഗീതക്കൂട്ടമാണ് പോയവര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബമെന്നു നിസംശയം പറയാം. വിവാദങ്ങളുടെ നായികയാണ് ഷാര്‍ലെറ്റ് എമ്മാ ഏച്ചിസണ്‍ എന്ന ചാര്‍ലി എക്‌സ്‌സിഎക്‌സ്. പക്ഷേ മികച്ച പോപ് സംഗീത ആല്‍ബം എന്നതിന് പുതിയ തലങ്ങളെഴുതിയാണ് ബ്രാറ്റ് 2024ന്റെ താളമായി ചരിത്രത്തിലിടം നേടുന്നത്. പോപ് സംഗീതത്തിന്റെയും ചടുലതാളങ്ങളുടെയും ആഘോഷങ്ങളുടെയും ഏറ്റവും മനോഹരമായ ഉദാഹരണങ്ങളിലൊന്നായി മാറുന്നത്.

റൊമാന്‍സ്

സുപരിചതമായൊരു പദത്തിലുള്ള ആല്‍ബമാണ്, റൊമാന്‍സ്. ഫോണ്ടേയ്ന്‍സ് ഡിസിയുടെ നാലാമത്തെ സംഗീത ആല്‍ബമാണ് റൊമാന്‍സ്. ഹിപ്-ഹോബ് താലളയത്തിലുള്ള ആല്‍ബം മനുഷ്യ വികാരങ്ങളേയും ആത്മാഭിമാനത്തേയും കുറിച്ചു പാടിയ ഗാനത്തിന്റെ വരികളായിരുന്നു ശ്രദ്ധേയം. സ്‌നേഹമാണ് എല്ലാത്തിന്റെയും ആപ്തവാക്യം എന്നു കുറിച്ച വരികള്‍ അത്രതന്നെ സ്‌നേഹത്തോടെ ലോകം ഏറ്റെടുത്തു. 

ദിസ് കുഡ് ബീ ടെക്‌സസ്

ബ്രിട്ടിഷ് സംഗീത സംഘമായ ഇംഗ്ലിഷ് ടീച്ചറുടെ ആദ്യ സംഗീത ആല്‍ബമാണ് ദിസ് കുഡ് ബീ ടെക്‌സസ്. ഗിത്താര്‍ സ്വരങ്ങളുടെ അതിമനോഹരമായ സമന്വയമുള്ള പാട്ടില്‍ വിവിധ സംഗീത ശൈലികളാണുള്ളത്. മെര്‍ക്കുറി പ്രൈസും നേടിയ പാട്ട് പുതിയ കാലത്ത് അന്യം നിന്നു പോകുന്ന നല്ല വരികളെ ചേര്‍ത്തുപിടിക്കുന്നു. ആല്‍ബത്തിലെ 13 പാട്ടുകളും ഒന്നിനോടൊന്നു ശ്രദ്ധേയമായി. 

സൈലന്‍സ് ഈസ് ലൗഡ്

നിയ ആര്‍ക്കൈവ്‌സിന്റെ സൈലന്‍സ് ഈസ് ലൗഡ് എന്ന ആല്‍ബം അടിമുടി ന്യൂജനറേഷനാണ്. ഏകാന്തതതയുടെയും ഉത്കണ്ഠയുടെയും ദുംഖത്തിന്റെയുമൊക്കെ ഭാവതലങ്ങളെ പാടിയ പാട്ട് തലമുറ ഭേദമന്യേ ഏറ്റെടുത്തു. ഇവരുടെ ആദ്യ ആല്‍ബമാണ് ഇത്. സംഗീതം തന്നെയാണ് സൈലന്‍സ് ഈസ് ലൗഡിന്റെ പ്രത്യേകത.

ഇമാജിനല്‍ ഡിസ്‌ക്

മേഗ്‌ഡെലേന ബേയുടെ ഇമാജിനല്‍ ഡിസ്‌ക് പേര് സൂചിപ്പിക്കും പോലം തത്വചിന്താപരമായ ഒരു സംഗീത യാത്രയാണ്. സ്വന്തം സ്വത്വത്തിലേക്കുള്ള യാത്ര. മൈക ടെനെന്‍ബോം, മാത്യു ല്യൂവിന്‍ എന്നിവര്‍ ചേര്‍ന്ന സംഗീത ദ്വയമാണ് മേഗ്‌ഡെലേന ബേ. ആഴമുള്ള വരികളും സംഗീതവും ചേര്‍ന്ന പാട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

സോങ്‌സ് ഓഫ് ലാസ്റ്റ് വേള്‍ഡ്

ദ് ക്യൂര്‍ എന്ന സംഗീത സംഘം അവരുടെ പതിനാറ് വര്‍ഷം നീളുന്ന സംഗീത യാത്രയില്‍ ആദ്യമായി പുറത്തിറക്കിയ ഗാനമാണ് സോങ്‌സ് ഓഫ് എ ലോസ്റ്റ് വേള്‍ഡ്. കാത്തിരുന്ന കിട്ടിയ ആല്‍ബത്തിനെ മാസ്റ്റര്‍പീസ് എന്നാണ് സംഗീത ആസ്വാദകര്‍ വിശേഷിപ്പിച്ചത്. 

കൗബോയ് കാര്‍ട്ടര്‍

ലോക സംഗീതത്തിന്റെ മറുപേരുകളിലൊന്നായ ബിയോണ്‍സിനെ കുറിച്ചു പറയാതെ ഒരു സംഗീത വര്‍ഷത്തിനും കടന്നുപോകാനാകില്ലല്ലോ. ഈ വര്‍ഷത്തെ ബിയോണ്‍സ് ഹിറ്റ് ആണ് കൗബോയ് കാര്‍ട്ടര്‍. ഇരുപത്തിയേഴ് പാട്ടുകളുള്ള ആല്‍ബം നിലപാടുകളിലും സംഗീതത്തിലും പുതിയ തലങ്ങള്‍ തേടുകയാണ്.

ദൂന്യാ

സുഡാന്‍-കനേഡിയന്‍ ആര്‍ട്ടിസ്റ്റായ മുസ്തഫയുടെ ആദ്യ ആല്‍മാണ് ദൂന്യ. അപൂര്‍ണമായ ജീവിതത്തെയും അതിന്റെ പലമുഖങ്ങളെയും തത്വചിന്താപരമായി പാടുകളാണ് മുസ്തഫ. ലോകത്തിന് ഒരു പുനര്‍ചിന്തനം പോലുള്ള പാട്ടുകള്‍. ഇല്‌ക്ട്രോണിക്-നാടോടി സംഗീത്തതിന്റെ ശീലുകളിലുള്ള എല്ലാ ഗാനങ്ങലും പ്രേക്ഷകമനസ്സില്‍ ഇടം നേടി. 

ഹിറ്റ് മീ ഹാര്‍ഡ് ആൻഡ് സോഫ്റ്റ്

ബില്ലി ഐലിഷിന്റെ മൂന്നാമത്തെ സംഗീത ആല്‍ബം അവര്‍ ആർജിച്ച പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാണ് കേള്‍വിക്കാരിലേക്ക് എത്തിയതെങ്കിലും വരികളും സംഗീതവും ചേര്‍ന്ന് മനംകീഴടക്കി. തന്റെ സ്വരത്തിന് പുതിയ മാനം തേടുന്ന ബില്ലി ഐലിഷിനെ ഓരോ പാട്ടുകളിലും നമുക്കു കാണാം. 

വാട്ട് എ ഡിവാസ്റ്റേറ്റിങ് ടേണ്‍ ഓഫ് ഇവന്റ്‌സ്

റേച്ചല്‍ ചിനൗറിറിയുടെ ആദ്യ ആല്‍ബം ഹാസ്യവും അതുപോലെ ദുംഖവും ഇടകലര്‍ന്നൊരു സംഗീത സൃഷ്ടിയാണ്. കേട്ടിരിക്കാന്‍ സുഖമുള്ളൊരു കഥപോലെയുള്ള പാട്ടുകള്‍. മൃദുവായ ശബ്ദത്തില്‍ ഗംഭീരമായ വരികളില്‍ മറക്കാന്‍ കഴിയാത്ത സംഗീത സൃഷ്ടിയായി തന്റെ ആല്‍ബത്തെ ഈ ബ്രിട്ടിഷ് ഗായിക മാറ്റി.

English Summary:

Album releases in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com