ഇൻസ്റ്റ ഭരിച്ച പാട്ടുകൾ, നിലത്ത് നിർത്താതെ തുള്ളിച്ച റീലുകൾ; 2024 പാട്ടുപ്രേമികൾക്കു നൽകിയത് ‘ചില്ലറയല്ല’!
Mail This Article
ഇൻസ്റ്റഗ്രാം റീലുകൾ സോഷ്യൽ മീഡിയ അടക്കിവാഴുന്ന കാലമാണിത്. പല സിനിമ ഡയലോഗുകളും പാട്ടുകളും പ്രതീക്ഷിച്ചതിനപ്പുറമുള്ള പ്രചാരമാണ് ഇൻസ്റ്റഗ്രാം റീലുകളിലൂടെ നേടുന്നതും. സാധാരണ പുതിയതായി ഇറങ്ങുന്ന ചലച്ചിത്രങ്ങളിലെ ഗാനങ്ങളാണ് ട്രെൻഡിങ്ങാവുന്നതെങ്കിൽ ഇൻസ്റ്റഗ്രാമിലെ റീലുകൾ ആ പതിവുകളൊക്കെ തെറ്റിക്കാറുണ്ട്. കേട്ടു മറന്നു തുടങ്ങിയ പഴയ കാലത്തെ പാട്ടുകൾ വരെ റീലുകളിലൂടെ വീണ്ടും ആരാധകരെ നേടുന്നു. ഷോർട്ട് വിഡിയോകൾക്ക് ഏറ്റവും അനുയോജ്യമായ അർത്ഥവ്യാപ്തിയുള്ള വരികൾ തന്നെ തിരഞ്ഞെടുക്കുന്നത് ആ പാട്ടിനോടുള്ള ഇഷ്ടംപോലും കൂട്ടുന്നുണ്ട്. എങ്കിലും ഡാൻസ് നമ്പറുകൾക്കാണ് എപ്പോഴും ആരാധകർ ഏറെയുള്ളത്. 2024 ൽ അത്തരത്തിൽ ഇൻസ്റ്റാഗ്രാം അടക്കിവാണ ചില റീൽ സോങ്ങുകൾ ഏതൊക്കെയെന്ന് നോക്കാം.
മനസ്സിലായോ...
രജനീകാന്ത് ചിത്രം വേട്ടയ്യനിൽ സ്റ്റൈൽ മന്നനൊപ്പം മഞ്ജു വാരിയർ ചുവടുവച്ച ‘മനസ്സിലായോ’ എന്ന പാട്ട് ഇപ്പോഴും ട്രെൻഡിങ് ലിസ്റ്റിൽ തന്നെയുണ്ട്. മലയാളവും തമിഴും ഇടകലർത്തിയുള്ള വരികൾ കൂടുതൽ സ്വീകാര്യത നേടി. ചുവപ്പ് സാരിയും കൂളിങ് ഗ്ലാസും ധരിച്ച് ഗാനരംഗത്തിലെ മഞ്ജുവിന്റെ അതേ സ്റ്റൈലിലാണ് സോഷ്യൽ മീഡിയ ഈ പാട്ടിന് ചുവടുവച്ചത്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനത്തിൽ എഐയുടെ സഹായത്തോടെ അന്തരിച്ച പ്രശസ്ത ഗായകൻ മലേഷ്യ വാസുദേവന്റെ ശബ്ദം ഉൾപ്പെടുത്തി എന്നതും പ്രത്യേകതയായിരുന്നു.
ഇല്ലുമിനാറ്റി....
ഈ വർഷം പുറത്തിറങ്ങിയ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളിൽ ഇല്ലുമിനാറ്റിയോളം ശ്രദ്ധ നേടിയ മറ്റൊരു പാട്ടുണ്ടോ എന്ന് സംശയമാണ്. ആഘോഷവേളകൾ എല്ലാം ഇല്ലുമിനാറ്റി കീഴടക്കി. ഗാനരംഗത്തിലെ ചുവടുകൾ റിക്രിയേറ്റ് ചെയ്തുകൊണ്ട് കൊച്ചുകുട്ടികളടക്കം ഇൻസ്റ്റഗ്രാമിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കോടിക്കണക്കിന് കാഴ്ചക്കാരാണ് ഇല്ലുമിനാറ്റി റീലുകൾക്കുള്ളത്. ഡാൻസ് റീലുകൾക്കു മാത്രമല്ല പിറന്നാൾ ആഘോഷങ്ങളുടെയും വിവാഹങ്ങളുടെയുമൊക്കെ ഷോർട്ട് വിഡിയോകളിൽ ഇല്ലുമിനാറ്റി ഇടംപിടിച്ചു. ഇതിനൊക്കെയപ്പുറം വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിൽ സ്പാനിഷ് താരം കാർലോസ് അല്കാരസിന്റെ പ്രകടനം ഇല്ലുമിനാറ്റി പാട്ടിന്റെ അകമ്പടിയോടെ മത്സരത്തിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ രാജ്യാന്തരതലത്തിലും ഇല്ലുമിനാറ്റി പ്രശസ്തി നേടി.
വണ്ടിനെ തേടും..
ഒതളങ്ങ തുരുത്ത് എന്ന വെബ് സീരീസിലെ വണ്ടിനെ തേടും ഞാനൊരു പൂവിൻ മൊട്ട് എന്ന പാട്ട് കേൾക്കാത്തവരായി ഇന്ന് ആരുമുണ്ടാവില്ല. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ഏറ്റെടുത്തതോടെ ചലച്ചിത്ര ഗാനം അല്ലാതിരുന്നിട്ട് കൂടി പാട്ട് സൂപ്പർ ഹിറ്റാവുകയായിരുന്നു. തമാശ രൂപത്തിലുള്ള റീലുകൾക്കും കുട്ടികളുടെ ക്യൂട്ട് വിഡിയോകൾക്കുമെല്ലാം പശ്ചാത്തലമായി പാട്ട് തിരഞ്ഞെടുക്കപ്പെട്ടു. ലക്ഷക്കണക്കിന് റീലുകളാണ് ഈ പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയത്. സ്വന്തം ശൈലിയിൽ പാട്ട് റിക്രിയേറ്റ് ചെയ്തവരും ഏറെയാണ്. രജത് പ്രകാശാണ് ഈ പാട്ട് എഴുതി സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അഖിലേഷ് രാമചന്ദ്രനും രഹ്ന ഷാസുമാണ് ഗായകർ.
ഒന്നാം കുന്നിൽ ഓടിയെത്തി...
രസികൻ എന്ന സിനിമ ഇറങ്ങിയ കാലത്ത് ജനിച്ചിട്ടില്ലാത്ത പുതു തലമുറയ്ക്ക് വരെ അതിലെ ‘ഹര ഹര ഹര ശങ്കര’ എന്ന പാട്ട് ഇപ്പോൾ സുപരിചിതമാണ്. പ്ലേ ലിസ്റ്റിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്ന പാട്ട് ദിവസങ്ങൾ കൊണ്ട് ഇൻസ്റ്റാഗ്രാം കീഴടക്കി. ഒപ്പമുള്ള വ്യക്തി അറിയാതെ പിന്നിൽ നിന്ന് പാട്ടിനൊപ്പം ചുവടുവച്ച് ഞെട്ടിക്കുന്നതാണ് ഒന്നാം കുന്നിൽ റീലിന്റെ ശൈലി. സുഹൃത്തുക്കളെയും അധ്യാപകരെയും കുടുംബക്കാരെയുമൊക്കെ ആളുകൾ പാട്ടിന്റെ കൂട്ടുപിടിച്ച് ഞെട്ടിച്ചപ്പോൾ ഷെയ്ൻ നിഗം അടക്കമുള്ള സെലിബ്രിറ്റികളെ പോലും ചിലർ വെറുതെ വിട്ടില്ല. ചിരി പടർത്തുന്ന വിഡിയോകളിലൂടെ പാട്ട് വീണ്ടും പ്ലേ ലിസ്റ്റുകളിൽ സജീവമാവുകയും ചെയ്തു.
പീലിങ്സ്...
എവിടെ തിരിഞ്ഞാലും പീലിങ്സ് മയം. ഇൻസ്റ്റഗ്രാമിന്റെ നിലവിലെ അവസ്ഥ ഇതാണ്. അല്ലു അർജുൻ ചിത്രം പുഷ്പ ടുവിലെ പീലിങ്സ് എന്ന പാട്ടിന്റെ രംഗങ്ങൾ അതേപടി അനുകരിച്ചുകൊണ്ടുള്ള പതിനായിരക്കണക്കിന് റീലുകളാണ് ഇൻസ്റ്റഗ്രാം നിറയെ. ഇൻസ്റ്റയിലെ ടോപ്പ് ഇൻഫ്ലുവൻസർമാർ അടക്കം പാട്ടിന്റെ ആരാധകരായി മാറിക്കഴിഞ്ഞു. സാധാരണ പാട്ടുകളുടെ ഏതാനും വരികളാണ് ട്രെൻഡിങ് ആവുന്നതെങ്കിൽ പീലിങ്ങ്സിലെ എല്ലാ ഭാഗങ്ങളും റീലുകൾക്കായി ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. ദശലക്ഷക്കണക്കിന് വ്യൂസാണ് ഓരോ വിഡിയോകൾക്കും ലഭിക്കുന്നത്. പാട്ടിലെ മലയാളം വരികൾക്ക് മാത്രം പ്രത്യേകമായി ആരാധകർ പോലുമുണ്ട്.