ADVERTISEMENT

അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ സർവാധിപത്യത്തിനു ബോളിവുഡിൽ വിരാമമിട്ടത് ആർ.ഡി.ബർമൻ എന്ന സംഗീത സംവിധായകനാണ്. ‘മേരേ സപ്നോം കി റാണി...’ (ആരാധന) അടക്കമുള്ള ബർമന്റെ ഈണങ്ങൾ പാടിയാണു കിഷോർ കുമാർ എഴുപതുകളിൽ യുവാക്കളുടെ ഹൃദയം കവർന്നത്.

എന്നാൽ, ഈ ആർ.ഡി.ബർമന്റെ ആദ്യസിനിമാ ഗാനം റഫിയുടെ ശബ്ദത്തിൽ ആയിരുന്നുവെന്നതാണു കൗതുകം. ‘ഛോട്ടേ നവാബ്’ (1961) എന്ന ചിത്രത്തിൽ ‘മത്വാലി ആംഖോം വാലോ...’ എന്ന ഗാനം. (ഒപ്പം പാടിയത് ലതാ മങ്കേഷ്കർ). ഛോട്ടേ നവാബിലെ ഗാനങ്ങൾ അത്ര ഹിറ്റായില്ല. പക്ഷേ, ആർഡിയുടെ ആദ്യ ഹിറ്റായ ‘തീസ്രി മൻസിലി’ൽ പാടിയതും റഫിയാണ്. ഇതിലെ തും നേ മുഝേ ദേഖാ..., ആജാ ആജാ, ദേഖീയേ സാഹിബൂ... തുടങ്ങി റഫി പാടിയ ആറു പാട്ടും ഹിറ്റായിരുന്നു.

പിൽക്കാലത്തു കിഷോർ കുമാറിന്റെ സ്വന്തം സംഗീത സംവിധായകനായി ബർമൻ മാറിയെങ്കിലും റഫിയുടെ ജീവിതത്തിൽ ഒരു നിർണായക സ്ഥാനം ആർഡിക്കുണ്ട്. റഫിക്കു ലഭിച്ച ഒരേയൊരു ദേശീയ അവാർഡ് ആർ.ഡി.ബർമന്റെ സംഗീതത്തിൽ ആയിരുന്നു. ‘ഹം കിസിസേ കം നഹി’ എന്ന ചിത്രത്തിലെ (1977) ‘ക്യാ ഹുവാ തേരേ വാദാ...’ എന്ന ഗാനത്തിന്.

കിഷോറും റഫിയും തമ്മിൽ ഒരിക്കൽ ഏറ്റുമുട്ടിയിട്ടുണ്ട്. അവർ പോലും അറിയാതെ. ആർ.ഡി.ബർമൻ ആണ് അതിനു പിന്നിൽ ചുക്കാൻ പിടിച്ചത്. പ്യാർ കാ മൗസം (1969) എന്ന ചിത്രത്തിൽ ‘തും ബിൻ ജാവൂ കഹാ...’ എന്ന ഗാനം അദ്ദേഹം രണ്ടുപേരെക്കൊണ്ടും പാടിച്ചു. രണ്ടു കഥാപാത്രങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ പാടുന്നതിനാണ് ഇതു സൃഷ്ടിച്ചത്. ശശി കപൂറിന്റെ കഥാപാത്രത്തിനായി റഫിയുടെ ഗാനവും ഭരത് ഭൂഷന്റെ കഥാപാത്രത്തിനായി കിഷോർ കുമാറിന്റേതും. കൂടുതൽ ജനപ്രിയമായതു റഫിയുടെ ആലാപനം.

പരസ്പരം മത്സരിക്കുമ്പോഴും കിഷോർ കുമാറിനുവേണ്ടി റഫി പാടിയിട്ടുണ്ടെന്നതാണു കൗതുകം! കിഷോർ അഭിനയിച്ച ഷരാരത്ത് (1956), രാഗിണി (1958) എന്നീ സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിനു വേണ്ടി പാടിയത് റഫിയായിരുന്നു. (അനാർക്കലി എന്ന മലയാള ചിത്രത്തിൽ യേശുദാസ് അഭിനയിച്ച കഥാപാത്രത്തിനുവേണ്ടി ബാലമുരളീകൃഷ്ണ പാടിയതും മറ്റൊരു കൗതുകം. ആ ഗാനരംഗത്തിൽ അഭിനയിച്ച മറ്റൊരു ഗായകൻ എൽ.പി.ആർ.വർമയ്ക്കു ശബ്ദം നൽകിയതു പി.ബി.ശ്രീനിവാസ്!).

കഥാപാത്രങ്ങൾക്കുവേണ്ടി ചൂളമടിച്ചും സ്വരംമാറ്റി പാടുന്നതും കിഷോർ കുമാറിന്റെ ജനപ്രിയ ശൈലിയായിരുന്നു. രാജേഷ് ഖന്ന, ദേവാനന്ദ് തുടങ്ങിയവർക്കുവേണ്ടി കിഷോർ നടത്തിയ ഈ പരീക്ഷണം വൻവിജയമായി. ‘സിന്ദഗി ഏക് സഫർ...’ (അന്ദാസ്) തുടങ്ങിയ ഗാനങ്ങൾ ഇത്തരത്തിൽ സൂപ്പർ ഹിറ്റായവയാണ്. സംഗീതം പഠിച്ചിട്ടില്ലാത്ത കിഷോർ കുമാറിനു പാട്ടിന്റെ അന്തസ്സ് നോക്കേണ്ട കാര്യമില്ലെന്നും റഫി സാഹിബിന് അങ്ങനെ തരംതാഴാൻ കഴിയില്ലെന്നും റഫിയുടെ ആരാധകർ വിമർശിച്ചു. പക്ഷേ, ഒരിക്കൽ റഫിയും അങ്ങനെ പാടി. ‘റിപ്പോർട്ടർ രാജു’(1962) എന്ന ചിത്രത്തിൽ ഫിറോസ് ഖാനു വേണ്ടിയായിരുന്നു ഈ ഒരേയൊരു സ്വരം മാറ്റൽ.

ആരാധകർ പരസ്പരം പോർവിളിച്ചിരുന്നെങ്കിലും കിഷോർ കുമാറും മുഹമ്മദ് റഫിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. റഫിയുടെ മൃതദേഹത്തിന്റെ കാൽക്കലിരുന്നു കിഷോർ കുമാർ ഒരു കൊച്ചുകുട്ടിയെപ്പോലെ മണിക്കൂറോളം വാവിട്ടു നിലവിളിച്ചിരുന്നു!. നാലു മണിക്കൂറാണു കിഷോർ റഫിയുടെ മൃതദേഹത്തിന്റെ അരികിലിരുന്നത്.

English Summary:

Mohammed Rafi and Kishore Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com